തുടുത്ത തിളക്കമാര്‍ന്ന ചുണ്ടുകള്‍ ലഭിക്കാന്‍ പ്രകൃതിദത്ത മാര്‍ഗവുമായെത്തിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ക്ക് സോഷ്യല്‍ ലോകത്ത് വിമര്‍ശനപ്പെരുമഴ. ലിപ് ഫില്ലേഴ്സ്, ലിപ് പ്ലംമ്പിങ് മാസ്ക്, ലിപ് സര്‍ജറീസ് എന്നീ വഴികള്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന കാലഘട്ടത്തിലാണ് പ്രകൃതിദത്തമായി ചുണ്ടുകള്‍ തുടുപ്പിക്കാം എന്ന ആശയവുമായി യുവതി എത്തിയത്. ഇതിനായി ഒരു പച്ചമുളക് മാത്രം മതിയെന്നാണ് യുവതിയുടെ വാദം. വിഡിയോ വൈറലായതിന് പിന്നാലെ യുവതിയെ രൂക്ഷമായി വിമര്‍ശിച്ചും ട്രോളിയും നിരവധി പേരാണ് രംഗത്തെത്തുന്നത്.
ഡല്‍ഹി സ്വദേശിനിയായ ശുഭാംഗി ആനന്ദാണ് ചുണ്ടുകള്‍ തുടുക്കാന്‍ പച്ചമുളക് തേച്ചാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടുളള വിഡിയോ പങ്കുവച്ചത്. നിങ്ങളിത് പരീക്ഷിച്ച് നോക്കുന്നോ എന്ന അടിക്കുറിപ്പോടെയാണ് ശുഭാംഗി വിഡിയോ പങ്കുവച്ചിരിക്കുന്നത്. കയ്യില്‍ 2 പച്ചമുളകുമായി വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ശുഭാംഗി മുളക് രണ്ടായി മുറിച്ച് ചുണ്ടുകളില്‍ തേച്ചുപിടിപ്പിക്കുന്നത് വിഡിയോയില്‍ കാണാം. എരിവ് അനുഭവപ്പെടുന്നത് ശുഭാംഗിയുടെ മുഖഭാവത്തില്‍ വ്യക്തമാണ്. ശേഷം ചുവന്ന് തുടുത്ത ചുണ്ടുകളുമായി നില്‍ക്കുന്ന ശുഭാംഗിയെയാണ് വിഡിയോയില്‍ കാണുന്നത്. മുളകിന്‍റെ എരിവ് മൂലം വീര്‍ത്ത് ചുവന്നിരിക്കുന്ന ചുണ്ടുകളില്‍ ലിപ്സ്റ്റിക് പുരട്ടി താന്‍ ആഗ്രഹിച്ചപോലെ ചുണ്ട് തുടുത്തുവെന്ന് കാണിച്ചുകൊണ്ടാണ് യുവതി വിഡിയോ അവസാനിപ്പിക്കുന്നത്.
രണ്ട് ദിവസത്തിനകം പത്ത് ലക്ഷത്തോളം ആളുകളാണ് വിഡിയോ കണ്ടത്. ലോകത്തിലെ ഏറ്റവും മോശം ഐഡിയ എന്നാണ് വിഡിയോ കണ്ട ഒരു സോഷ്യല്‍ മീഡിയ ഉപഭോക്താവ് കുറിച്ചത്. ആരും ഇതൊന്നും പരീക്ഷിക്കരുതേ എന്നും, സ്വയം പരുക്കേല്‍പ്പിക്കുന്നത് നിര്‍ത്തൂ എന്നുമൊക്കെയുളള കമന്‍റുകളാണ് കമന്‍റ് ബോക്സ് നിറയെ. മൂന്നുലക്ഷത്തിലധികം ഫോളോവേഴ്സുളള ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറാണ് ശുഭാംഗി.