സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പണം ചെലവിടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതിനായി കോടികള്‍ ചെലവാക്കുന്നവര്‍ ചുരുക്കമാണ്. എന്നാല്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ എത്ര രൂപ വേണമെങ്കിലും ചെലവിടാണ് തയ്യാറായി ശ്രദ്ധേയയായിരിക്കുകയാണ് ജസീക്ക ആൽവ്സ് എന്ന ബ്രസീലുകാരി. ഇതിനോടകം നൂറിലധികം പ്ലാസ്റ്റിക് സർജറികൾക്ക് വിധേയയായ ജസീക്കയുടെ പ്രായം 41 ആണ്. ശസ്ത്രക്രിയകൾക്കായി ഇതിനോടകം ചെലവായത് പത്തുകോടിയിൽ അധികം രൂപയും.
സൗന്ദര്യസംരക്ഷണത്തോടുള്ള അമിതമായ ഭ്രമമാണ് ഇവരെ ലോകപ്രശസ്തയാക്കിയത്. മൂക്ക് ഉദ്ദേശിച്ച ആകൃതിയിൽ എത്തിക്കുന്നതിനു വേണ്ടി 12 ശസ്ത്രക്രിയകൾ നടത്തി. ഫെയ്സ് ലിഫ്റ്റുകൾ വേറെ ശസ്ത്രക്രിയകൾ. അങ്ങനെ ഓരോരോ ഭാഗങ്ങളായി തന്റെ സൗന്ദര്യ സങ്കല്‍പങ്ങൾക്കനുസരിച്ചു മാറ്റിയെടുക്കുന്നതിനായാണ് 10 വർഷത്തിലേറെയായി ജീവിതത്തില്‍ കൂടുതൽ സമയവും ജസീക്ക നീക്കി വയ്ക്കുന്നത്. മെലിഞ്ഞ അരക്കെട്ട് നേടുന്നതിനായി നാല് വാരിയെല്ലുകൾ നീക്കം ചെയ്യാൻ പോലും ജസീക്ക തയാറായി.
അഞ്ചു വർഷങ്ങൾക്കു മുൻപ് മൂക്കിന്റെ ആകൃതി പെർഫെക്റ്റാക്കാൻ നടത്തിയ പന്ത്രണ്ടാമത്തെ ശസ്ത്രക്രിയ ചില്ലറ ബുദ്ധിമുട്ടുകളല്ല ഇവർക്ക് വരുത്തിവച്ചത്. തുടക്കത്തിൽ വിജയകരമാണെന്ന് തോന്നിയെങ്കിലും ആഴ്ചകൾക്കുള്ളിൽ അണുബാധയുണ്ടായതിനെ തുടർന്ന് മൂക്ക് ചുവക്കാനും കഠിനമായ വേദന അനുഭവപ്പെടാനും തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ അവസ്ഥ വഷളായി ജസീക്കയുടെ ജീവനു പോലും ഭീഷണിയായി. മൂക്ക് അപ്പാടെ നീക്കം ചെയ്യേണ്ടി വരുമോ എന്ന് പോലും ആശങ്കപ്പെട്ടിരുന്നു. ഒടുവിൽ നീണ്ട ചികിത്സകൾക്കു ശേഷം ജീവൻ തിരികെ പിടിക്കാനായെങ്കിലും അതിനു വേണ്ടി നടത്തിയ ശസ്ത്രക്രിയകളുടെ പാടുകൾ അവശേഷിച്ചു.
ഒരിക്കലും പ്രായമാകരുത് എന്ന ആഗ്രഹമാണ് ഈ സൗന്ദര്യ പ്രേമത്തിനു പിന്നിലുള്ളത്. അത് നേടിയെടുക്കാൻ ഇനിയും ശസ്ത്രക്രിയകൾക്കു വിധേയയാകാൻ മടിയില്ലെന്ന് ജസീക്ക പറയുന്നു. യുവത്വം നിലനിർത്താൻ ചിട്ടയായ ജീവിതക്രമം പിന്തുടരുകയാണ് ഇവർ. വ്യായാമത്തിലും മരുന്നുകളിലും ഡയറ്റിലും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും വരുത്താറില്ല.