തനി നാടന്‍ സൗന്ദര്യവുമായി മലയാളിയുടെ വീടുകളിലേക്ക് കയറി വന്ന നായികയാണ് സായി പല്ലവി. താരം സ്ഥിരമായി മേക്കപ്പ് അങ്ങനെ ഉപയോഗിക്കില്ലെന്നതും ആ സ്വീകാര്യത കൂട്ടി. ചുമ്മാ പുട്ടിയിട്ട് നടക്കാതെ സായ് പല്ലവിയെ കണ്ടുപഠിക്കൂവെന്ന് പോലും ആളുകള്‍ പറയാനും തുടങ്ങി. മേക്കപ്പില്ലെങ്കിലും തിളങ്ങുന്ന ആ സൗന്ദര്യ രഹസ്യം തുറന്ന് പറയുകയാണ് തെലുങ്ക് സൂപ്പര്‍താരം നാഗചൈതന്യ.
ഇരുവരുമൊന്നിച്ചുള്ള ചിത്രം തണ്ടേലിന്‍റെ പ്രമോഷനിടയിലാണ് ചായ് ഇക്കാര്യം സായ് പല്ലവിയുടെ ആരാധകരോട് പങ്കുവച്ചത്. ദിവസവും അഞ്ച് ലീറ്ററെങ്കിലും കരിക്കിന്‍വെള്ളം സായ് പല്ലവി കുടിക്കാറുണ്ടെന്നായിരുന്നു നാഗചൈതന്യയുടെ വെളിപ്പെടുത്തല്‍. ഇത് കേട്ടതും ചിരിക്കാന്‍ തുടങ്ങിയ താരം, അത്രയൊന്നുമില്ലെങ്കിലും താന്‍ രണ്ട് ലീറ്ററെങ്കിലും കുടിക്കാറുണ്ടെന്ന് സമ്മതിക്കുകയായിരുന്നു. സൗന്ദര്യ സംരക്ഷണത്തിന് തേനും മഞ്ഞളുമടങ്ങുന്ന തനിനാടന്‍ രീതിയാണ് താരം പിന്തുടരുന്നത്.
പലപ്പോഴും അഭിമുഖങ്ങളിലും പൊതുപരിപാടികളിലും മേക്കപ്പില്ലാതെ 'നാച്ചുറല്‍ ബ്യൂട്ടി'യായാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. മുഖം നിറയെ മുഖക്കുരുവും ചുവന്ന പാടുകളുമായാണ് പ്രേമം സിനിമയില്‍ സായ് പല്ലവി അഭിനയിച്ചതും. മുഖക്കുരു ഒരു ശല്യക്കാരന്‍ ആയിരുന്നുവെന്നും ഡയറ്റ് ശരിയാക്കിയതോടെയാണ് മുഖക്കുരുവില്‍ നിന്ന് രക്ഷപെട്ടതെന്നും സായ് പല്ലവി പിന്നീട് വെളിപ്പെടുത്തി. സിംപിളായി ജീവിക്കാനാണ് തനിക്കിഷ്ടമെന്ന് താരം അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കരിക്ക്
ആന്‍റി ഓക്സിഡന്‍റുകളുടെയും ധാതുക്കളുടെയും കലവറയാണ് കരിക്കിന്‍ വെള്ളം. പല രോഗങ്ങള്‍ക്കും മികച്ച പ്രതിരോധവുമാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇതുവഴി ശരീരഭാരം ക്രമീകരിക്കാനും കരിക്കിന്‍ വെള്ളം ഉത്തമമാണ്. മായം കലരാതെ ലഭിക്കുന്നത് കൊണ്ടുതന്നെ മറ്റ് പാര്‍ശ്വഫലങ്ങളുമില്ല. തലവേദന അകറ്റാനും നിര്‍ജലീകരണം തടയാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനുമെല്ലാം കരിക്കിന്‍വെള്ളം നല്ലതാണെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.