AI Generated Images
മനസ്സും ശരീരവും തളർത്തുന്ന ചൂടാണ് സംസ്ഥാനത്ത്. കഠിനമായ ചൂടിൽ നിന്ന് ചർമത്തെ എങ്ങനെ സംരക്ഷിക്കണം? സൺ സ്ക്രീനുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്? വെയിലും ചൂടും ചർമത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ്?
സൺ ടാൻ
നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന നിറ വ്യത്യാസം ആണ് സൺ ടാൻ. പ്രധാനമായും മുഖം, കൈകാലുകൾ, ചെവി എന്നിവിടങ്ങളിൽ ആണ് നിറവ്യത്യാസം അനുഭവപ്പെടുക. ഇതോടനുബന്ധിച്ച് ചൊറിച്ചിൽ, തടിപ്പ്, തണർപ്പ് എന്നിവയൊന്നും സാധാരണയായി ഉണ്ടാവാറില്ല. കൂടുതൽ മെലാനിൻ ഉൽപാദിപ്പിച്ചു ചർമത്തെ സംരക്ഷിക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. ഈ കരുവാളിപ്പ് തനിയെ മാഞ്ഞു പോകുകയും ചെയ്യും.
ഫോട്ടോഡെർമടൈറ്റിസ് (വെയിലിനോടുള്ള അലർജി )
വെയിലേറ്റാൽ ഉണ്ടാകുന്ന വളരെ സാധാരണമായ ചർമരോഗമാണിത്. മുഖം, കഴുത്ത്, പുറംഭാഗം, കൈകാലുകൾ, വിരലുകൾ എന്നിവിടങ്ങളിൽ വളരെ ചെറിയ കൂട്ടമായുള്ള കുരുക്കൾ, ചൊറിച്ചിൽ, വരൾച്ച, പൊറ്റയായി രൂപപ്പെടൽ എന്നിവയെല്ലാം ഇതിന്‍റെ ഭാഗമായി ഉണ്ടാവാം. അൾട്രാവയലറ്റ് രശ്മികൾ നേരിട്ടോ അല്ലാതെയോ ശരീരത്തിൽ പതിക്കുന്നത് മൂലവും ഫോട്ടോഡെർമടൈറ്റിസ് ഉണ്ടാവാം.കൃത്രിമമായ രശ്മികളോട് സെൻസിറ്റീവ് ആയ ചർമം ഉള്ളവർക്കും ഇത് അനുഭവപ്പെടാം. രക്തത്തിൽ ഉണ്ടാവുന്ന അലർജി ആയതിനാൽ ഒരു തവണ ചികിൽസിച്ചു ഭേദമാക്കിയാലും ഇത് വീണ്ടും വരാൻ സാധ്യത ഉണ്ട്.
സൂര്യാഘാതം
കൂട്ടത്തിൽ ഏറ്റവും തീവ്രമായ അവസ്ഥ. കൊടുംചൂടിൽ ശരീരത്തിന് നിർജലീകരണം സംഭവിച്ച് തലകറക്കം സംഭവിക്കാം. ചർമത്തിൽ വേദന, നീറ്റൽ, കുമിളകൾ, തണർപ്പ് എന്നിവയും അനുഭവപ്പെടാം.ഈ അവസ്ഥയിൽ രോഗിയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതാണ്
പ്രതിരോധ മാർഗങ്ങൾ
ചൂട് കൂടുന്ന അവസ്ഥയിൽ ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ചര്‍മം വരളുന്നത് നിയന്ത്രിക്കാൻ മോയിസ്ച്ചറൈസറുകൾ ഉപയോഗിക്കണം. വെയിലത്ത് ഇറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗം പതിവാക്കണം. ചർമത്തിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ശരീരം പരമാവധി മൂടുന്ന വസ്ത്രങ്ങൾ, ഷാൾ, തൊപ്പി, കുട എന്നിവയെല്ലാം ശീലമാക്കാൻ ശ്രമിക്കുക. പത്തുമണിക്കും മൂന്നുമണിക്കും ഇടയിലുള്ള വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
സൺസ്‌ക്രീനുകൾ സുരക്ഷിതമോ?
സൺസ്‌ക്രീൻ ഉപയോഗം കാൻസർ ഉണ്ടാക്കുമെന്ന പ്രചരണം പലരും ശ്രദ്ധിച്ചുകാണും. എന്താണ് ഇതിലെ വസ്തുത?
പുതതലമുറയിലെ സൺസ്‌ക്രീനുകൾ ഉപയോഗിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിശദീകരിക്കുന്നു കൊച്ചി വി. പി. എസ്.ലേക്ക് ഷോർ ആശുപത്രിയിലെ സീനിയർ കൺസൽട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോക്ടർ വിനീത ഗോപാലകൃഷ്ണൻ.ഇവ കാൻസർ ഉണ്ടാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. എന്നാൽ ഓക്സി ബെൻസോൺ, ബെൻസീൻ എന്നീ ഘടകങ്ങൾ ചേർന്ന സൺസ്ക്രീനുകൾ ഒഴിവാക്കുന്നതാണ് നല്ലത്.