expat-survey-students
  • ലോകത്താകെ 20.2 ലക്ഷം പ്രവാസി മലയാളികള്‍
  • ആകെ പ്രവാസികളില്‍ 19.1 ശതമാനവും സ്ത്രീകള്‍
  • സ്ത്രീകള്‍ വിദേശത്തേക്ക് പോകുന്നതില്‍ മുന്നില്‍ കോട്ടയം, പിന്നില്‍ മലപ്പുറം

ഉന്നത പഠനത്തിനായി രണ്ടരലക്ഷം വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം കേരളം വിട്ടെന്ന് 2023 ലെ പ്രവാസി സര്‍വെ റിപ്പോര്‍ട്ട്. പുറത്ത് പഠിക്കാന്‍പോകുന്നതില്‍ 45  ശതമാനവും പെണ്‍കുട്ടികളാണെന്നും സര്‍വെ വ്യക്തമാക്കുന്നു. ലോകത്താകമാനമായി 20.2 ലക്ഷം മലയാളികള്‍ പ്രവാസജീവിതം നയിക്കുന്നുവെന്നും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട്  നടത്തിയ പഠനം വ്യക്തമാക്കുന്നു.  

 

പണം എത്രചെലവായാലും വേണ്ടില്ല കേരളത്തിന് പുറത്തുപോയി ഉന്നത വിദ്യാഭ്യാസം നേടണമെന്നാണ് കേരളത്തിലെ ചെറുപ്പക്കാര്‍ ആഗ്രഹിക്കുന്നതെന്നാണ് പ്രവാസി സര്‍വെ വെളിപ്പെടുത്തുന്നത്. 2023 ല്‍ രണ്ടരലക്ഷം വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്ത് ഉന്നത പഠനത്തിന് പോയി . 2018 ല്‍ ഇത് 1.29 ലക്ഷമായിരുന്നു. കേരളത്തിന് പുറത്ത് പഠിക്കാന്‍പോകുന്നവരില്‍ 45.6 ശതമാനവും പെണ്‍കുട്ടികളാണ്. 

20.2 ലക്ഷം മലയാളികളായ പ്രവാസികള്‍ 152 രാജ്യങ്ങളിലായുണ്ട്. വനിതകളുടെ പ്രവാസ തിരഞ്ഞെടുപ്പുകളിലും ചിലമാറ്റങ്ങള്‍ പഠനം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ആകെ പ്രവാസികളില്‍ 19.1 ശതമാനം സ്ത്രീകളാണ്. ഇവരില്‍ 40 ശതമാനവും യൂറോപ്പ്, അമേരിക്ക, ഒാസ്ട്രേേലിയ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. പ്രവാസികളായ വനിതകളില്‍ 72 ശതമാനം പേരും ഡിഗ്രിയോ അതിനും മുകളിലോ വിദ്യാഭ്യാസം നേടിയവരാണ്. പ്രവാസികളായ പുരുഷന്‍മാരില്‍ ഡിഗ്രി തല വിദ്യാഭ്യാസം നേടിയത് 34 ശതമാനം മാത്രമാണ്. പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും വിദേശത്ത് പോകുന്നതില്‍ മുന്നില്‍ കോട്ടയവും പിന്നില്‍ മലപ്പുറവുമാണ്. അടുത്ത ബന്ധുക്കളായ പുരുഷന്‍മാര്‍ വിദേശത്തുപോയതിനാല്‍ 10 ലക്ഷം സ്ത്രീകളാണ് സംസ്ഥാനത്ത് ഒറ്റക്ക് ജീവിക്കുന്നവര്‍.

കേരളത്തില്‍ അഞ്ചില്‍ ഒരു കുടുംബവും സ്ത്രീകള്‍ ചുമതല വഹിക്കുന്നതായതിന് പ്രധാനകാരണവും പുരുഷന്‍മാരുടെ പ്രവാസ ജീവിതമാണ്. 2,16,893 കോടി രൂപയാണ് കേരളത്തില്‍ 2023 ല്‍ലഭിച്ച നിക്ഷേപമെന്ന് പ്രവാസി സര്‍വെ പറയുന്നു. ഇതിന്‍റെ 20 ശതമാനമായ  43,378 കോടി  കേരളത്തിന് പുറത്തേക്ക് ഒഴുകിയെന്നും സര്‍വെ വെളിപ്പെടുത്തുന്നു. 

ENGLISH SUMMARY:

Expat survey 2023: More than 2.5 lakh students choose to study abroad.