explainer

മക്കളെവിടാ പഠിക്കുന്നത് എന്ന് ഒരു ചോദ്യം വന്നാല്‍ ഏത് സ്കൂളില്‍ അല്ലെങ്കില്‍ കോളജില്‍ എന്നേ പണ്ട് അര്‍ഥമുണ്ടായിരുന്നുള്ളു. ഇന്ന് ആദ്യമറിയേണ്ടത് പഠനം കേരളത്തിലാണോ പുറത്താണോ എന്നാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിദേശപഠനത്തിനു പോകുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായിരിക്കുകയാണ്.  2018 ല്‍ 1,29,763 കുട്ടികള്‍ പഠിക്കാന്‍ പോയ സ്ഥാനത്ത് 2023 ല്‍  2.5 ലക്ഷം കുട്ടികളാണ് പുറത്ത് പഠിക്കുന്നത്.  ആകെ വിദേശകുടിയേറ്റം നടത്തുന്ന  മലയാളികളില്‍ 11. 3 ശതമാനവും വിദ്യാര്‍ഥികളാണ്. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം മലയാളി കുട്ടികള്‍ വിദേശത്ത് പഠിക്കാന്‍ പോകുന്നത്. ഇനിയും ഇത് കൂടാന്‍ തന്നെയാണ് സാധ്യത കാണുന്നതും. കേരള മൈഗ്രേഷന്‍ സര്‍വേ 2023യിലാണ് ഈ വിവരങ്ങളുള്ളത്.

ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം, തൊഴില്‍ സാധ്യത, സ്ഥിരമായ കുടിയേറ്റത്തിനുള്ള അവസരം ഇവയൊക്കെയാണ് കുട്ടികളെ വിദേശത്ത് പഠിക്കാന്‍  പ്രേരിപ്പിക്കുന്നത്. തിരികെ നാട്ടില്‍ വന്നാല്‍ പോലും വിദേശ ഡിഗ്രി ജോലിക്കമ്പോളത്തില്‍ ഗുണം ചെയ്യുമെന്ന് ഇവര്‍ക്കറിയാം. അതോടൊപ്പം സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച്  ഗൗരവമായി ചിന്തിക്കണമെന്നും ഈ കണക്കുകള്‍ പറയുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ടാക്സേഷന്‍,  ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് പിന്തുണയോടെ നടത്തിയ . 20,000 വീടുകളുടെ സാംപിളുകള്‍ ശേഖരിച്ച് നടത്തിയ ഗൗരവസ്വഭാവമുള്ളതും ശാസ്ത്രീയമായതുമായ ഈ സര്‍വേയിലെ വിവരങ്ങള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.

 

വിദേശത്ത് പഠിക്കാന്‍ തിരക്കേറെ
ജില്ല തിരിച്ച് നോക്കിയാല്‍ എറണാകുളത്ത് നിന്നാണ് ഏറ്റവുമധികം കുട്ടികള്‍ വിദേശപഠനം തേടുന്നത്. ആകെ വിദേശ പഠനം തേടുന്ന മലയാളികളില്‍ 18 ശതമാനവും എറണാകുളത്ത് നിന്നാണ്. ഏതാണ്ട് 44,00 പേര്‍. ഏറ്റവും കൂടുതല്‍ കുട്ടികളെ വിദേശത്തേക്കയക്കുന്ന ടോപ് 5 ജില്ലകള്‍ ഏതെന്ന് നോക്കാം
1. എറണാകുളം – 43,990 (18%)
2. തൃശൂര്‍– 35,873 ( 14.7%)
3.കോട്ടയം – 35,383 (14.5%)
4.കോഴിക്കോട് – 15,980 (6.6%)
5.മലപ്പുറം – 15,310 (6.3%)

വിദേശത്ത് പോയി പഠിക്കുന്ന കുട്ടികള്‍ ഏറ്റവും കുറവുള്ളത് വയനാട് ജില്ലയിലാണ്. 3,750 പേര്‍ മാത്രം. നമ്മുടെ കുട്ടികള്‍ പഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. യുകെയാണ് ഇഷ്ട വിദ്യാഭ്യാസ കേന്ദ്രം. രണ്ടാമത് കാനഡ. മൂന്നാം സ്ഥാനത്ത് ഗള്‍ഫ് രാജ്യങ്ങളാണ്. നാലാമത് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളും അഞ്ചാമത് ആസ്ട്രേലിയ– ന്യൂസിലാന്‍ഡുമാണ്. വിദേശത്ത് പോകുന്ന നാലു മലയാളി വിദ്യാര്‍ഥികളില്‍ ഒരാള്‍ യു കെയ്ക്കു പോകുമ്പോള്‍ അഞ്ചില്‍ ഒരാള്‍ കാനഡയ്ക്കു പോകുന്നു. ആണ്‍കുട്ടികളാണ് കൂടുതലും. 54. 4 ശതമാനം. പെണ്‍കുട്ടികള്‍ 45.6 ശതമാനമുണ്ട്.

തൊഴിലിനായുള്ള കുടിയേറ്റം
കഴിഞ്ഞ പതിറ്റാണ്ടുകളിലെ കണക്കു നോക്കിയാല്‍ മനസ്സിലാകുന്നത് പഠനത്തിനായി പോകുന്നവരുടെ എണ്ണം കൂടുമ്പോള്‍ , തൊഴിലിനു വേണ്ടി വിദേശത്ത് പോകുന്നത് കുറഞ്ഞു വരുന്നു എന്നാണ്. ആകെ കേരളം വിട്ടു നില്‍ക്കുന്ന മലയാളികള്‍ 50 ലക്ഷം വരും. അരക്കോടി. അതില്‍ 30 ലക്ഷം ഇന്ത്യയില്‍ തന്നെ മറ്റു സംസ്ഥാനങ്ങളിലാണ്. വിദേശത്തെ മലയാളികള്‍ ഏതാണ്ട് 20 ലക്ഷം. ഇവരുടെ കണക്കുകളിലും സവിശേഷമായ ചില ട്രെന്‍ഡുകള്‍ കാണാം.

1998 ല്‍ 14 ലക്ഷമായിരുന്ന ഇവരുടെ എണ്ണം 2023ല്‍ 18 ലക്ഷമായി . അടുത്ത അഞ്ചു വര്‍ഷത്തില്‍ ഇത് 22 ലക്ഷമായി കൂടി. പിന്നെയും അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ അതായത് 2013 ല്‍ 24 ലക്ഷമായി. ഇതാണ് വിദേശ മലയാളികളുടെ ഏറ്റവും കൂടിയ സംഖ്യ. 2018ല്‍ 21 ലക്ഷമായി കുറഞ്ഞു. 2023 ല്‍ 22 ലക്ഷമായി. അതായത് ഏതാണ്ട് ഒരു ലക്ഷത്തിന്‍റെ വര്‍ധന. അതിന് കാരണം വിദ്യാര്‍ഥി കുടിയേറ്റത്തില്‍ വന്ന വര്‍ധനയാണ്. അല്ലാതെയുള്ളവരുടെ എണ്ണം  കഴിഞ്ഞ പത്തുവര്‍ഷമായി കുറയുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലിടങ്ങളുടെ ദേശസാല്‍ക്കരണം, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി, ആഗോള സാമ്പത്തിക മാന്ദ്യം, കമ്പനി പൂട്ടല്‍, കുടിയേറ്റ നിയമങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങളുമായി തൊഴില്‍ രംഗത്തെ മല്‍സരം ഒക്കെ ഇതിന് കാരണമാണ്. ഇതല്ലാതെ നാട്ടില്‍ ജോലി ചെയ്യാന്‍ ആഗ്രഹിച്ച് വന്നവരും റിട്ടയര്‍ ചെയ്ത് വന്നവരുമൊക്കെ ഇതിലുണ്ട്. മുമ്പ് വിദേശത്തായിരുന്നു എന്ന് പറയുന്നവരുടെ എണ്ണം നാട്ടില്‍ കൂടുന്നത് നിങ്ങളും ശ്രദ്ധിച്ചു കാണും. കണക്കുകളും അത് ശരിവക്കുന്നു. മടങ്ങി വന്നവര്‍ 2018 ല്‍ 12 ലക്ഷം ആയിരുന്നത് ഇപ്പോള്‍ 18 ലക്ഷമായിട്ടുണ്ട്.

ഏതേത് രാജ്യങ്ങളിലാണ് മലയാളികള്‍ കൂടുതലായി ഉളളത് ?. ടോപ് 5 രാജ്യങ്ങള്‍ നോക്കിയാല്‍ സ്വാഭാവികമായും ഗള്‍ഫ് രാജ്യങ്ങള്‍ തന്നെയാകും മുന്നില്‍. അത് പ്രത്യേകിച്ച് പറയേണ്ടതില്ല.  യുഎഇ തന്നയാണ് മലയാളികളുടെ ഇഷ്ട രാജ്യം. വിദേശത്ത് പോകുന്ന മലയാളികളില്‍ 38. 6 ശതമാനം യുഎഇ തിരഞ്ഞെടുക്കുന്നു. രണ്ടാമത് സൗദിയാണ്. ഏതാണ്ട് പകുതി. 16. 9 ശതമാനം. ഖത്തറിലുണ്ട് 9.1 ശതമാനം മലയാളികള്‍. ഒമാനില്‍ 6.4 ഉം യുകെയില്‍ 6 ഉം ആണ് കണക്കുകള്‍. അമേരിക്കയോ എന്ന് ചോദിച്ചാല്‍ ആകെ വിദേശ മലയാളികളില്‍ 2.2 ശതമാനമാണ് അമേരിക്കയില്‍ എന്നാണുത്തരം. യുകെയില്‍ 2.5 ഉം. അതായത് ഗള്‍ഫ് രാജ്യങ്ങളിലാണ് പ്രവാസി മലയാളികളുടെ 80.5 ശതമാനവും . മറ്റു രാജ്യങ്ങളിലാകെ 19.5 ശതമാനം വരും. എന്നുവച്ചാല്‍  മറ്റു രാജ്യങ്ങളിലെ മലയാളികളുടെ അഞ്ചിരട്ടി ജി.സി.സി രാജ്യങ്ങളിലുണ്ട്. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി സാന്നിദ്ധ്യം കുറയുന്നതായി 98 മുതലുള്ള കണക്കു നോക്കിയാല്‍ കാണാം. 1998 ല്‍ 93.8 ശതമാനമായിരുന്നു ജിഇസി രാജ്യങ്ങളിലെ മലയാളി എങ്കില്‍ അത് 25 വര്‍ഷങ്ങള്‍ക്കിപ്പുറം അത് 80.5 ശതമാനമായി. അന്ന് 6.2 ശതമാനമായിരുന്ന മറ്റു രാജ്യങ്ങളിലെ പ്രവാസം 19.5 ശതമാനമായി ഉയരുകയും ചെയ്തു.

എവിടെ നിന്നാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ വിദേശത്തേക്ക് പോകുന്നത്. ഏറ്റവും കൂടുതല്‍ മലപ്പുറത്തു നിന്ന്. ടോപ് 5 ജില്ലകള്‍ ഇവയാണ്
1. മലപ്പുറം
2. തൃശൂര്‍
3.കണ്ണൂര്‍
4.കൊല്ലം
5. എറണാകുളം
ഏറ്റവും കുറവ് പ്രവാസികളുള്ള ജില്ല ഇടുക്കിയാണ്. പിന്നെ വയനാടും.

എന്‍ ആര്‍ ഐ ഏരിയ എന്ന് നമ്മള്‍ പറയുന്ന ചില സ്ഥലങ്ങളുണ്ട്. നമുക്ക് വിദേശത്തേക്ക് ആളെ വിടുന്ന ടോപ് 5 താലൂക്കുകള്‍ നോക്കാം
1.തിരൂര്‍
2.തിരൂരങ്ങാടി
3.വടകര
4.മുകുന്ദപുരം
5.കൊയിലാണ്ടി

ഏറ്റവും കുറവ് ദേവികുളം, വൈത്തിരി, തൊടുപുഴ താലൂക്കുകളാണ്.  ജില്ലകളുടെയും താലൂക്കുകളുടെയും കണക്കില്‍ കണ്ടതുപോലെ മലബാറില്‍ നിന്നാണ് പ്രവാസം കൂടുതല്‍ 41. 8 ശതമാനം. മധ്യകേരളത്തില്‍ നിന്ന് 33.1 ശതമാനവും തെക്കന്‍ കേരളത്തില്‍ നിന്ന് 25 ശതമാനവും.

മതാടിസ്ഥാനത്തിലെ കണക്കു നോക്കിയാല്‍ മലയാളി പ്രവാസികളില്‍ കൂടുതല്‍ മുസ്ലിം സമുദായത്തില്‍ നിന്നാണ്. 41.9 ശതമാനം. ഹിന്ദുക്കള്‍ 35.2 ശതമാനം. ക്രിസ്ത്യന്‍ 22.3 ശതമാനം. മറ്റുള്ളവര്‍ 0. 6 ശതമാനവും.

എന്ത് ജോലിയാണ് മലയാളികള്‍ വിദേശത്ത് ചെയ്യുന്നത്. പുരുഷ ജീവനക്കാരുടെ ടോപ് 5 ലിസ്റ്റ് ഇങ്ങനെ
1. സെയില്‍സ് പെഴ്സണ്‍ ജോലിയിലാണ് കൂടുതല്‍ പേരും
2.തൊട്ടുപിന്നില്‍ ഡ്രൈവര്‍ ജോലിയിലുള്ളര്‍
3. എന്‍‍ജിനിയര്‍മാരും
4.ക്ലര്‍ക്ക് പോലുള്ള ഓഫിസ് ജോലി ചെയ്യുന്നവരും
5. ഇലക്ട്രിഷ്യന്‍ പണിയിലുള്ളവരും പിന്നാലെ വരുന്നു.

വനിതാ തൊഴിലാളികളില്‍ പകുതിയും നഴ്സിങ് മേഖലയിലാണെന്ന് സര്‍വേ പറയുന്നു
1. നഴ്സ് 51. 6 %
2. എന്‍ജിനിയര്‍ 4.3 %
3. ടീച്ചര്‍ 3.6 %
4. ക്ലര്‍ക്ക് 2.9 %
5. ഗാര്‍ഹിക തൊഴില്‍ 2.8 %

കേരളത്തിന് പുറത്ത് കര്‍ണാടകയാണ് ഇഷ്ട സംസ്ഥാനം. മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികളില്‍ 45. 2 ശതമാനം കര്‍ണാടകത്തില്‍. വിദ്യാര്‍ഥികളില്‍ 50. 8 ശതമാനം കര്‍ണാടകയില്‍. കര്‍ണാടകം കഴിഞ്ഞാല്‍ തമിഴ്നാട് . മഹാരാഷ്ട്ര മൂന്നാമത്. നാലാമത് ഡല്‍ഹി. പാലക്കാട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത് കൂടുതല്‍. സ്ത്രീകളുടെ കുടിയേറ്റ പ്രാതിനിധ്യം കൂടുന്നു എന്നൊരു ട്രെന്‍ഡ് ഇപ്പോള്‍ കാണാന്‍ കഴിയും. അതുപോലെ വിദേശത്ത് പോകുന്നതില്‍ സ്ത്രീകള്‍ക്കാണ് വിദ്യാഭ്യാസം കൂടുതല്‍ എന്നതും പുതിയ കണക്കുകളില്‍ വ്യക്തമാകുന്നു.

പ്രവാസികള്‍ കൊണ്ടുവരുന്ന കാശ് കേരളത്തിന്‍റെ സമ്പദ്്വ്യവസ്ഥയുടെ നട്ടെല്ലാണ്. ഇതിലും വര്‍ധന ഇപ്പോള്‍ കാണാന്‍ കഴിയും . ആകെ കുടിയേറ്റക്കാരുടെ വരവ് 2,16,893 കോടി രൂപയാണ്. അഞ്ചു കൊല്ലം മുമ്പ് ഇത് 85,092 കോടി ആയിരുന്നു. രാജ്യത്തെ ആകെ എന്‍ആര്‍ഐ ഡിപോസിറ്റിന്‍റെ അഞ്ചിലൊന്ന് കേരളത്തിലേക്ക്. അതായത് 21 ശതമാനം. പണത്തിന്‍റെ കാര്യമെടുത്താല്‍ വേറൊരു കൗതുകം കൂടിയുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത് നിന്നാണ് വിദേശത്ത് പോയിട്ടുള്ളതെങ്കിലും ഏറ്റവും കൂടുതല്‍ വരുമാനം കൊല്ലത്തിനാണെന്ന് സര്‍വേ പറയുന്നു.

അഞ്ചു കൊല്ലം മുമ്പ് ശരാശരി ഒരാള്‍ 96,185 രൂപ വീട്ടിലേക്ക് അയച്ചിരുന്നു എങ്കില്‍ ഇപ്പോഴത് 2.24 ലക്ഷം ആയി ഉയര്‍ന്നു. വരുന്ന പണത്തിന്‍റെ ചെലവ്– വീടുപണി 15.8 %, ലോണടവ് 14%, വിദ്യാഭ്യാസം 10%, ചികില്‍സ 7.7%, ദൈനംദിന ചെലവ് 6.9 %

മലയാളിയുടെ കുടിയേറ്റത്തിന്‍റെ ചരിത്രം തേടിപ്പോയാല്‍ ഒരുപാട് പിന്നോട്ട് പോകേണ്ടി വരും. 500 കൊല്ലം മുമ്പ് മലയാളി മാത്രമല്ല മലയാളി വളര്‍ത്തിയ ഒരു ആന ലിസ്ബണ്‍ വഴി റോമിലെത്തിയ ചരിത്രം ജിആര്‍ ഇന്ദുഗോപന്‍ ആനോ എന്ന നോവലിലൂടെ പറഞ്ഞത് അടുത്ത കാലത്താണ്. നാലു ലക്ഷത്തിലധികം കുടുംബ കുടിയേറ്റങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്. അതായത് വീട്ടിലെ ഒന്നോ രണ്ടോ ആളു പോകുന്നതല്ല, കുടുംബം ഒന്നടങ്കം വിദേശത്ത് പോകുന്ന രീതി. കുടുംബാംഗങ്ങള്‍ വിദേശത്തായതിനാല്‍ പൂട്ടിക്കിടക്കുന്ന വീടുകളും നമുക്ക് പരിചയമുണ്ട്. ഗള്‍ഫിതര രാജ്യങ്ങളിലേക്ക് പ്രവാസം ഷിഫ്റ്റ് ചെയ്യുന്ന ഘട്ടമാണോ ഇത്? വിദ്യാര്‍ഥികള്‍ പഠനത്തിന് കേരളം വിട്ടുപോകുന്നത് ഇവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എങ്ങനെ ബാധിക്കും? പഠിച്ചു കഴിഞ്ഞ് അവര്‍ തിരിച്ചെത്തിയാല്‍ കൊടുക്കാന്‍ നമുക്ക് തൊഴിലുണ്ടോ? ചിന്തിക്കാന്‍ ഒരുപാട് ചോദ്യങ്ങള്‍ ഈ കണക്കുകള്‍ തരുന്നുണ്ട്.

ENGLISH SUMMARY:

The number of Malayali students going to study abroad has increased in five years