ഇന്ന് മാറ്റിവച്ച നീറ്റ് യു.ജി. പ്രവേശന കൗണ്‍സലിങ് ജൂലൈ മൂന്നാംവാരത്തിന് ശേഷം നടത്തും. നാഷണല്‍ മെഡിക്കല്‍ കമ്മിഷനില്‍ നിന്ന് സീറ്റെണ്ണം ലഭിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്‍എംസിക്ക് തയാറെടുപ്പുകള്‍ ആവശ്യമെന്നും മന്ത്രാലയം. പുതുക്കിയ തീയതി മെഡിക്കല്‍ കൗണ്‍സലിങ് കമ്മറ്റി വൈബ്സൈറ്റ് വഴി അറിയിക്കും. തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം മെഡിക്കൽ പ്രവേശനത്തിനുള്ള കൗൺസലിങ് നടപടികൾ വൈകാനാണ് സാധ്യത. തിങ്കളാഴ്ച നീറ്റ് കേസുകള്‍ പരിഗണിക്കവെ സുപ്രീംകോടതി നല്‍കുന്ന നിര്‍ദേശത്തിനായി സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. നീറ്റ് വിഷയം ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷവും വിമര്‍ശിച്ചു. നോൺ ബയോളജിക്കൽ പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും കഴിവില്ലായ്മയും വിവേകമില്ലായ്മയും കൂടുതൽ വ്യക്തമാകുന്നു എന്നും വിദ്യാര്‍ഥികളുടെ ഭാവി മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
നീറ്റ് യുജി കൗണ്‍സിലിങ് ഇന്നാരംഭിക്കുമെന്ന് എന്‍ടിഎ സുപ്രീംകോടതിയെ വരെ അറയിച്ചതാണ്. തീരുമാനം മാറ്റിയത് രാജ്യത്തെ 24 ലക്ഷം നീറ്റ് യുജി പരീക്ഷാര്‍ഥികളെ ആശങ്കയിലാക്കിരിക്കുകയാണ്. പുതിയ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് എന്‍ടിഎ, എംസിസി വ്യത്തങ്ങള്‍ അറിയിക്കുന്നത്. കൗൺസിലിങ്ങ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും മെഡിക്കൽ പ്രവേശനം അനിശ്ചിതാവസ്ഥയിൽ എന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നുമാണ് ആരോഗ്യമന്താലയത്തിന്റെ പ്രതികരണം.
പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ എട്ടാം തീയതി സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. പരീക്ഷ നടത്തിപ്പില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചാല്‍ വീണ്ടും പരീക്ഷ നടത്തേണ്ടിവരുമെന്ന ആശങ്ക സര്‍ക്കാരിനുണ്ടെന്നാണ് തീരുമാനം വ്യക്തമാക്കുന്നതെന്ന് കരിയര്‍ വിദഗ്ധന്‍ ടി.പി. സേതുമാധവന്‍ പ്രതികരിച്ചു. അതേസമയം പുനപരീക്ഷയുടെ ആവശ്യമില്ലെന്നും കൗണ്‍സിലിങുമായി മുന്നോട്ട് പോകണമെന്നും മുഴുവന്‍ മാര്‍ക്കും നേടിയ അഭിനവ് സുനില്‍പ്രസാദ് പറഞ്ഞു.