പ്ലസ് ടുവിന് സയൻസ് വിഷയം പഠിച്ചില്ലെങ്കിലും ഇനി ഗവൺമെൻറ് നഴ്സ് ആകാം. സയൻസ് ഇതര വിഷയങ്ങൾ പഠിച്ച ശേഷം ജനറൽ നഴ്സിങ് വിജയിച്ചവർക്ക് നിയമനത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കാനാണ് ധാരണയായത്.
സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ധാരണ. ജനറൽ നഴ്സിംഗ് കോഴ്സ് കഴിഞ്ഞ് കേരള നേഴ്സിങ് കൗൺസിൽ റജിസ്റ്റർ ചെയ്ത 12,000ത്തോളം പേർക്ക് ആശ്വാസമാകുന്ന നടപടിയാണിത്.
മറ്റ് സംസ്ഥാനങ്ങളിൽ സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവർക്ക് സർക്കാർ നഴ്സ് ആകുന്നതിന് നിയമ തടസ്സമില്ല.
കേരളത്തിലെ നിയമമനുസരിച്ച് ഇതുവരെ ഇതിന് സാധ്യമായിരുന്നില്ല. സ്വകാര്യ ആശുപത്രികളിൽ മാത്രമായിരുന്നു ഇവർക്ക് നിയമനം ലഭിച്ചിരുന്നത്.