ഇന്ത്യക്കാര്‍ക്ക് സൗന്ദര്യത്തിന്‍റെ പര്യായമാണ് ഐശ്വര്യ റായ്. ആ നക്ഷത്രക്കണ്ണുകളില്‍ നോക്കി ഉലകം മറന്നുപോകാത്തവര്‍ ചുരുക്കമാവും. കാനിലെ റെഡ് കാര്‍പറ്റും, പാരിസ് ഫാഷന്‍ വീക്കും ഐശ്വര്യ റായ് ഇല്ലാതെങ്ങനെ പൂര്‍ത്തിയാവാന്‍? സാന്നിധ്യം കൊണ്ട് മാത്രമല്ല ട്രെന്‍ഡിയായ വസ്ത്രങ്ങളണിഞ്ഞ് കയ്യടി നേടിയാണ് ആഷ് മടങ്ങാറുള്ളതും. എന്നും അതിശയിപ്പിക്കുന്ന ഈ ഫാഷന്‍ തിളക്കത്തിന്‍റെ രഹസ്യം ഐശ്വര്യ വെളിപ്പെടുത്തുകയാണ്. സുഖപ്രദവും ആയാസരഹിതവുമാകണം ഫാഷനെന്നാണ് തന്‍റെ സങ്കല്‍പമെന്നും യാഥാര്‍ഥ്യം നിറഞ്ഞ് കൂടിയാകുമ്പോള്‍ അത് മനോഹരമാകുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മുന്‍ലോക സുന്ദരി വെളിപ്പെടുത്തി.
'മറ്റേതൊരു കലയെ പോലെ തന്നെയാണ് ഫാഷനും. അടിമുടി കല എന്ന മനോഭാവത്തിലാണ് ഫാഷനെ താന്‍ സമീപിക്കാറുള്ള'തെന്നും താരം പറയുന്നു. 'കല എങ്ങനെ ആസ്വദിക്കുന്നോ അതുപോലെ തന്നെ ഫാഷനും ആസ്വാദ്യകരമാവേണ്ടതുണ്ട്. ഡിസൈനേഴ്സാണ് ഇവിടെ കലാകാരന്‍മാര്‍. തന്‍റെ വസ്ത്രങ്ങള്‍ അണിയിച്ചൊരുക്കിയവരെല്ലാം സുഹൃത്തുക്കളായിരുന്നുവെന്നത് തനിക്ക് സന്തോഷം പകരുന്നതും തന്‍റെ ഭാഗം കുറച്ച് കൂടി മനോഹരമാക്കാന്‍ സഹായിച്ചു'വെന്നും അവര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും 'ഒഴുക്കിനൊത്ത് പോകാ'നാണ് പ്രിയപ്പെടുന്നത്. എന്താവും ട്രെന്‍ഡ് എന്നതിനെ കുറിച്ചുള്ള ധാരണകള്‍ ചിലപ്പോള്‍ പൂര്‍ണമായും ശരിയാകാറുണ്ടെന്നും ഐശ്വര്യ വെളിപ്പെടുത്തി. ധരിക്കാന്‍ സൗകര്യപ്രദമായതും സന്തോഷം പകരുന്നതുമാവണം വസ്ത്രങ്ങളെന്നത് കൂടി ചേരുന്നതാണ് തന്‍റെ കാഴ്ചപ്പാടെന്നും അവര്‍ വിശദീകരിച്ചു. എല്ലായ്പ്പോഴും യാഥാര്‍ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന ആശയങ്ങളാണ് താന്‍ സ്വീകരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1994ലാണ് ഐശ്വര്യ വിശ്വ സുന്ദരിപ്പട്ടം സ്വന്തമാക്കിയത്. ദേവ്ദാസ്, ഹം ദില്‍ ദേ ചുകേ സനം, ഇരുവര്‍, ഗുരു, ഗുസാരിഷ്, ജോധ അക്ബര്‍, താല്‍, റെയിന്‍കോട്ട്, ജീന്‍സ് എന്നിങ്ങനെ പൊന്നിയിന്‍ സെല്‍വനും പിന്നിട്ട് ഐശ്വര്യ അവിസ്മരണീയമാക്കിയ വേഷങ്ങള്‍ നിരവധിയാണ്.