Image Credit: https://www.instagram.com/_rachelgupta/

68 രാജ്യങ്ങളില്‍ നിന്നുളള സൗന്ദര്യറാണിമാരെ പിന്തളളി 12ാമത് മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ചൂടി ഇന്ത്യയുടെ  റേച്ചല്‍ ഗുപ്ത.  മിസ് വേള്‍ഡ്, മിസ് യൂണിവേഴ്സ്  സൗന്ദര്യപട്ടങ്ങള്‍  പലവട്ടം നേടിയിട്ടുണ്ടെങ്കിലും മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ഇന്ത്യയിലേക്കെത്തുന്നത് ഇതാദ്യമായാണ്. തായ്​ലന്‍റിലെ ബാങ്കോക്കില്‍ നടന്ന മല്‍സരത്തില്‍ പെറുവില്‍ നിന്നുള്ള  മുന്‍ മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍  ലൂസിയാന ഫൂസ്റ്ററാണ്  റേച്ചല്‍ ഗുപ്തയെ കിരീടമണിയിച്ചത്.

20കാരിയായ റേച്ചല്‍ ഗുപ്ത പഞ്ചാബിലെ ജലന്തര്‍ സ്വദേശിനിയാണ്. മോഡലും നടിയും സംരംഭകയുമായ റേച്ചല്‍ മല്‍സരത്തിന്‍റെ തുടക്കത്തില്‍ തന്നെ മുന്നിട്ടുനിന്നിരുന്നു. ഉടലഴകില്‍ മാത്രമല്ല, ചടുലമായ അവതരണം കൊണ്ടും, വ്യക്തവും സുദൃഢവുമായ ഉത്തരങ്ങള്‍ കൊണ്ടും റേച്ചല്‍ ഗുപ്ത വിധികര്‍ത്താക്കളെയും കാണികളെയും അമ്പരപ്പിച്ചു. രാജ്യത്തിന്‍റെ പൈതൃകവും പ്രത്യേകതയും വിളിച്ചോതുന്ന നാഷണല്‍ കോസ്റ്റ്യൂം റൗണ്ടില്‍ ഗംഗാ നദിയെ സൂചിപ്പിക്കുന്ന വസ്ത്രമണിഞ്ഞാണ് റേച്ചല്‍ വേദിയിലെത്തിയത്. പിന്നീട് നടന്ന ചോദ്യോത്തരവേളയിയില്‍  റേച്ചലിന്‍റെ ഉത്തരങ്ങള്‍ വിധകര്‍ത്താക്കളുടെ മനം നിറച്ചു.

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി നിങ്ങള്‍ കരുതുന്നതെന്ത്? അതിനുളള പരിഹാരമെന്ത്?   അന്തിമറൗണ്ടിലെത്തിയ  അഞ്ച് മല്‍സരാര്‍ഥികള്‍ നേരിട്ട  പ്രധാന ചോദ്യങ്ങള്‍ ഇവയായിരുന്നു.  ദാരിദ്രവും പട്ടിണിയും ജനസംഖ്യാവര്‍ധനയും ഒപ്പം വിഭവങ്ങളുടെ അപര്യാപ്തതയും എന്നായിരുന്നു റേച്ചല്‍ ഗുപ്തയുടെ ഉത്തരം.  ഭക്ഷണം, വെളളം, വിദ്യാഭ്യാസം എന്നിവയുടെ കുറവും ലോകം ഒറ്റക്കെട്ടായി നിന്ന് വിഭവങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും റേച്ചല്‍ ചൂണ്ടിക്കാട്ടി. ജനസംഖ്യാവര്‍ധന  പരിഹരിക്കണമെന്നും ലോകനേതാക്കള്‍ ഒറ്റക്കെട്ടായി നിന്ന്  യുദ്ധമടക്കമുളള സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണണമെന്നുമായിരുന്നു റേച്ചലിന്‍റെ ഉത്തരം.

ഫിലിപ്പീന്‍സ്, ഇന്ത്യ, മ്യാന്‍മാര്‍, ഫ്രാന്‍സ് , ബ്രസീല്‍ എന്നീ   രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികളാണ് അവസാന റൗണ്ടില്‍ എത്തിയത്.  അ‍ഞ്ചാം സ്ഥാനം ബ്രസീലിന്‍റെ തലിത ഹാര്‍ട്മെനും നാലാം സ്ഥാനം ഫ്രാന്‍സിന്‍റെ സഫെയ്തു കബെന്‍ഗേലെയും മൂന്നാം സ്ഥാനം മ്യാന്‍മാറിന്‍റെ തേ സൂ നൈനും സ്വന്തമാക്കി.  ഒന്നും രണ്ടും സ്ഥാനങ്ങളിലേക്ക് മാറ്റുരച്ചത് ഫിലിപ്പീന്‍സും ഇന്ത്യയുമായിരുന്നു. ആകാംക്ഷാഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍  വിജയിയുടെ പേരു മുഴങ്ങി...മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷ്ണല്‍ 2024  ഇന്ത്യാ....20 കാരി റേച്ചല്‍ ഗുപ്ത ഇന്ത്യക്കഭിമാനമായി വിജയകിരീടം ചൂടി. രണ്ടാം സ്ഥാനം ഫിലിപ്പീന്‍സിന്‍റെ ക്രിസ്റ്റീൻ ഒപിയാസയാണ് സ്വന്തമാക്കിയത്. മിസ് സൂപ്പര്‍ ടാലന്‍റ് ഓഫ് ദി വേള്‍ഡ് 2022, മിസ് ഗ്രാന്‍ഡ് ഇന്ത്യ 2024, എന്നീ സൗന്ദര്യപ്പട്ടങ്ങളും റേച്ചല്‍ ഗുപ്ത സ്വന്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

History created! India’s Rachel Gupta wins Miss Grand International 2024 title