akkal

ഉത്തരേന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമൊക്കെ ജോലി തേടി നിരവധി പേരാണ് കേരളത്തിലേക്ക് എത്തുന്നത്. അങ്ങനെ കേരളത്തിലെത്തിയ ശേഷം ഫാഷൻ റാംപുകളിൽ താരമാവുകയാണ് നേപ്പാൾ സ്വദേശി അക്കൽ ടൈല. ഇടുക്കി നെടുങ്കണ്ടത്തെ ഹോട്ടൽ ജോലിയുടെ തിരക്കുകൾക്കിടയിലും മോഡലിങ്ങിനോടുള്ള അടങ്ങാത്ത ആഗ്രഹമാണ് അക്കലിനെ ഫാഷൻ റാംപുകളിലെത്തിച്ചത് 

 

അടുക്കളയിൽ നിന്നും അരങ്ങിലേക്കെത്തി വൈറൽ താരമായിരിക്കുകയാണ് അക്കൽ ടൈല. നെടുങ്കണ്ടം പടിഞ്ഞാറെ കവലയിലെ അല്ലൂസ് തട്ടുകടയിലെ ജോലിക്കാരനായി ഏഴ് വർഷം മുൻപാണ് അക്കൽ എത്തിയത്. ഒപ്പം ജോലി തേടിയെത്തിയ മാതാപിതാക്കൾ പിന്നീട് നേപ്പാളിലേക്ക് മടങ്ങിയെങ്കിലും നന്നായി മലയാളം പഠിച്ച് അക്കലും ചേട്ടനും നെടുങ്കണ്ടത്ത് തന്നെ തുടർന്നു. ഇതിനിടെ പൊറോട്ട വീശുന്നതിൽ അഗ്രഗണ്യനായി. രണ്ടുവർഷം മുമ്പ് തുടങ്ങിയ പരിശീലനമാണ്‌ അക്കലിനെ റാംപിലെത്തിച്ചത്.

ഇതിനോടകം നിരവധി ഫാഷൻ ഷോകളിൽ അക്കൽ ചുവടുവെച്ചു കഴിഞ്ഞു. അക്കലിന്റെ ആഗ്രഹങ്ങൾക്ക് പിന്തുണയുമായി അല്ലൂസ് തട്ടുകട ഉടമ അൽ അമീനും ഒപ്പമുണ്ട്. മോഡലിങ്ങിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും നെടുങ്കണ്ടംകാരുടെ അക്കോസേട്ടനായി ഇവിടെ തന്നെ ഉണ്ടാകുമെന്നാണ് അക്കൽ പറയുന്നത്.

ENGLISH SUMMARY:

Kerala migrant worker Akkal Tyla who stoles the heart of audience and sets the fashionramp on fire.