Image Credit: https://www.instagram.com/legendary_glamma

TOPICS COVERED

പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് ഒരു 80കാരി മുത്തശ്ശി. ഒന്നും രണ്ടുമല്ല ലക്ഷക്കണക്കിന് ആരാധകരുളള മാര്‍ഗരറ്റ് ചോളയാണ് ലോകത്തെ സ്വപ്നം കാണാനും അത് നേടിയെടുത്താനും പ്രായം ഒരു തടസമല്ലെന്ന് പഠിപ്പിക്കുന്നത്. തന്‍റേതായ രീതിയില്‍ പുത്തന്‍ ട്രെന്‍ഡുകളും സ്റ്റൈലും അവതരിപ്പിച്ചുകൊണ്ടാണ് മാര്‍ഗരറ്റ് ഫാഷന്‍ ലോകത്തെ ഐക്കണായി മാറുന്നത്. വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ സൈബറിടത്ത് തരംഗം തീര്‍ക്കുകയാണ് മാര്‍ഗരറ്റ്. സേഷ്യല്‍ മീഡിയയില്‍ 2 ലക്ഷത്തിന് മേലെയാണ് ഫോളേവേഴ്സുളള ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ് ഈ 80കാരി. 

സാംബിയയിലെ ഗ്രാമപ്രദേശത്ത് നിന്നുമാണ് ഫാഷന്‍ ലോകത്തേയ്ക്കുളള മാര്‍ഗരറ്റിന്‍റെ ചുവടുവെയ്പ്പ്. പരമ്പരാഗത വസ്ത്രത്തില്‍ നിന്നും നിറമുളള, തിളക്കമുളള വസ്ത്രങ്ങള്‍ ധരിക്കാന്‍ മാര്‍ഗരറ്റ് മുത്തശ്ശിയെ പഠിപ്പിച്ചത് കൊച്ചുമകള്‍ ഡയാന കൗംബയാണ്. 2012 മുതല്‍ ന്യൂയോര്‍ക്കില്‍ ഫാഷന്‍ സ്റ്റൈലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്ന കൊച്ചുമകള്‍ ഡയാന തന്നെയാണ് മാര്‍ഗരറ്റ് മുത്തശ്ശിയെ ഒരു ഫാഷന്‍ ഇന്‍ഫ്ലുവന്‍സറായി ലോകത്തിന് പരിചയപ്പെടുത്തിയത്. തന്‍റെ പിതാവിന്‍റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഡയാന തന്‍റെ ഗ്രാമത്തിലേക്ക് തിരികെയെത്തിയത്. അവിടെ വച്ച് മുത്തശ്ശിയെ കണ്ടതോടെ മനസില്‍ പുതിയൊരു ഐഡിയ തോന്നി. 

തന്‍റെ പക്കല്‍ കുറച്ച് മോഡേണ്‍ വസ്ത്രങ്ങളുണ്ടെന്നും മുത്തശ്ശി തയാറാണെങ്കില്‍ അവ ധരിച്ച് ഫോട്ടോ എടുക്കാമെന്നും ഡയാന മാര്‍ഗരറ്റ് മുത്തശ്ശിയോട് പറഞ്ഞു. ‍ഞാന്‍ മരിച്ചുപോയാല്‍ നീ എന്നെ വല്ലാതെ മിസ് ചെയ്യും. എന്നാല്‍ ഈ ഓര്‍മകളെന്നും നിനക്കൊപ്പമുണ്ടാകുമെന്നായിരുന്നു മാര്‍ഗരറ്റ് മുത്തശ്ശിയുടെ മറുപടി. പിന്നെ ഒന്നും ചിന്തിച്ചില്ല. മോഡേണ്‍ വസ്ത്രം ധരിച്ച് മുത്തശ്ശിയും , മാര്‍ഗരറ്റിന്‍റെ പരമ്പരാഗത വസ്ത്രം ധരിച്ച് ഡയാനയും ക്യാമറയ്ക്ക് മുന്നിലെത്തി. പരമ്പരാഗത വസ്ത്രത്തിന്‍റെയും മോഡേണ്‍ വസ്ത്രത്തിന്‍റെയും ഒരു ഫ്യൂഷന്‍ ആയിരുന്നു ഡയാനയുടെ മനസില്‍. ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് 10 മിനിറ്റുകള്‍ക്കകം ആയിരത്തിലേറെ ലൈക്കുകള്‍ സ്വന്തമാക്കി.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ ആദ്യം ഭയം തോന്നിയിരുന്നുവെന്നും എന്നാല്‍ ആളുകളുടെ സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞെന്നും ഡയാന ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വസ്ത്രത്തിന്‍റെ നിറങ്ങള്‍, പാറ്റേണ്‍, ഫ്യൂഷന്‍ സ്റ്റൈലിങ് എന്നിവകൊണ്ടെല്ലാം ഡയാന ഫാഷന്‍ ലോകത്ത് തരംഗം തീര്‍ത്തു. എല്ലാ ചിത്രങ്ങളിലും മോഡലായെത്തിയത് മാര്‍ഗരറ്റ് മുത്തശ്ശിയും. ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചുനില്‍ക്കുന്ന ചിത്രത്തെ കുറിച്ച് മാര്‍ഗരറ്റ് മുത്തശ്ശി പറയുന്നതിങ്ങനെ. എന്‍റെ ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ജീന്‍സ് ധരിക്കുന്നത്. ധരിച്ചുകഴിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ നൃത്തം ചെയ്തു. 

ഗ്രാനി സീരിസ് എന്ന പേരില്‍ ഡയാന പുറത്തിറക്കിയ മാര്‍ഗരറ്റ് മുത്തശ്ശിയുടെ ചിത്രങ്ങളെല്ലാം തന്നെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. സൈബറിടത്തെ ഫാഷന്‍ ഐക്കണായി മാര്‍ഗരറ്റ് മുത്തശ്ശി മാറി. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ആരാധകരെയാണ് മുത്തശ്ശി സ്വന്തമാക്കിയത്. തന്‍റെ ചിത്രങ്ങള്‍ ആളുകള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയതോടെ ജീവിതം ഒരുപാട് മാറിയെന്ന് മാര്‍ഗരറ്റ് മുത്തശ്ശി പറയുന്നു. 'എനിക്കെല്ലാം പുതിയത് പോലെ തോന്നുന്നു. ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സന്തോഷം ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. എന്‍റെ ചിത്രങ്ങള്‍ മറ്റുളളവര്‍ക്ക് പ്രചോദനമാകണം. സമൂഹത്തെ ഭയക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ മറ്റുളളവര്‍ക്ക് ഞാന്‍ മാതൃകയാകുകയാണ്. ഇപ്പോള്‍ എന്നും രാവിലെ ഉണര്‍ന്നെഴുനേല്‍ക്കാന്‍ എനിക്കൊരു ലക്ഷ്യമുണ്ട്. എന്‍റെ ചിത്രങ്ങള്‍ കാണാന്‍, എന്‍റെ പുത്തന്‍ വസ്ത്രങ്ങള്‍ കാണാന്‍ ലോകം കാത്തിരിക്കുകയാണ്. ആ ചിന്തയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്' മാര്‍ഗരറ്റ് മുത്തശ്ശി പറയുന്നു. 

ENGLISH SUMMARY:

Meet Margret Chola, Zambian Grandma Who Turned Into An Accidental Fashion Icon Overnight