Image Credit: https://www.instagram.com/weddingvows.in/ & https://www.instagram.com/chitra_purushotham
കല്യാണ സാരിയില്‍ സര്‍വാഭരണ വിഭൂഷിതയായെത്തുന്ന നവവധുവിനെ നമുക്ക് സുപരിചിതമാണ്. എന്നാല്‍ ഇതേ വേഷത്തില്‍ ഒരു വനിത ബോഡിബില്‍ഡര്‍ എത്തിയാല്‍ എങ്ങനെയിരിക്കും? കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും മസില്‍ പെരുപ്പിച്ചെത്തിയ കല്യാണപ്പെണ്ണിന് കയ്യടിക്കുകയാണ് സോഷ്യല്‍ ലോകം. കര്‍ണാടക സ്വദേശിനിയായ ചിത്ര പുരുഷോത്തം ആണ് ആ വൈറല്‍ താരം. സോഷ്യല്‍ വാളുകള്‍ കീഴടക്കുകയാണ് ചിത്രയുടെ വിവാഹ വിഡിയോ.
പരമ്പരാഗത വേഷമായ കാഞ്ചീപുരം സാരിയണിഞ്ഞാണ് ചിത്ര വിവാഹദിനത്തില്‍ എത്തിയത്. കൈകളിലെയും തോളിലെയും മസിലുകൾ കാണുന്നതിന് അനുയോജ്യമായ രീതിയിലാണ് ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിവാഹവസ്ത്രം വ്യത്യസ്തവും വേറിട്ടതുമാക്കാന്‍ വധൂവരന്മാര്‍ ശ്രമിക്കാറുണ്ടെങ്കിലും തന്‍റെ കഴിവിനെത്തന്നെ ഹൈലൈറ്റ് ചെയ്തിരിക്കുകയാണ് ചിത്ര. താനൊരു ബോഡിബില്‍ഡറാണെന്ന് പറയാതെ പറയുന്ന രീതിയാണ് ചിത്ര വിവാഹവസ്ത്രത്തില്‍ പരീക്ഷിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെ ഏഴുമില്യണിലധികം ആളുകളാണ് ചിത്രയുടെ വിഡിയോ കണ്ടുകഴിഞ്ഞത്. വെറുമൊരു ബോഡിബില്‍ഡര്‍ മാത്രമല്ല മിസ് ഇന്ത്യ ഫിറ്റ്‌നെസ് ആന്‍ഡ് വെല്‍നെസ്, മിസ് സൗത്ത് ഇന്ത്യ, മിസ് ബെംഗളൂരു, മിസ് മൈസൂരു വോഡെയാര്‍ എന്നീ കിരീടങ്ങള്‍ നേടിയിട്ടുണ്ടെന്ന് ചിത്രയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വ്യക്തമാക്കുന്നു. വിഡിയോ വൈറലായതോടെ ചിത്രയ്ക്കും പങ്കാളി കിരൺ രാജിനും ആശംസകള്‍ നേരുകയാണ് സോഷ്യല്‍ലോകം.