ഒരു ഹെയര്‍ കട്ടിന് കുറഞ്ഞത് ഒരു ലക്ഷം രൂപ വരെ ഈടാക്കുന്ന ബാര്‍ബര്‍ അതും ഇന്ത്യയില്‍. താമാശയല്ല ആലിം ഹക്കിം എന്ന സെലിബ്രിറ്റി ബാര്‍ബറിന്‍റെ കഥയാണ്. സെലിബ്രിറ്റികള്‍ക്ക് സിഗ്നേച്ചര്‍ ലുക്കുകള്‍ നല്‍കുന്നതില്‍ പ്രശസ്തനായ ഹെയര്‍ സ്റ്റെലിസ്റ്റാണ് ആലിം ഹക്കിം. രണ്‍ബീര്‍ കപൂര്‍, ഹൃതിക് റോഷന്‍, എം.എസ് ധോണി, വിരാട് കോഹിലി തുടങ്ങിയവര്‍ക്ക് ഹെയര്‍കട്ടുകള്‍ ചെയ്യുന്നത് അദ്ദേഹമാണ്.
ഒരു ദേശീയ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഒരു ഹെയര്‍ കട്ടിന് 1,90,000 വരെ അദ്ദേഹം ഈടാക്കാറുണ്ട്. ക്രിയേറ്റിവിറ്റിയും കൃത്യതയുമാണ് അഭിനേതാക്കളും കായിക താരങ്ങളും ആലിം ഹക്കിമിനെ തിരഞ്ഞെടുക്കാൻ കാരണം. ഇൻഡസ്ട്രിയിൽ പല ട്രെന്‍ഡുകള്‍ക്കും തുടക്കമിട്ടത് അദ്ദേഹത്തിന്റെ ഹെയര്‍സ്‌റ്റൈലുകളാണ്. ആലിമിന്റെ പിതാവ് ഹക്കിം കൈരാന്‍വി പ്രശസ്തനായ ഹെയര്‍സ്റ്റൈലിസ്റ്റായിരുന്നു. അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
അച്ഛന്‍ മരിക്കുമ്പോള്‍ ആലിമിന് ഒന്‍പത് വയസ്സായിരുന്നു പ്രായം. അന്ന് ബാങ്ക് ബാലന്‍സ് 13 രൂപ മാത്രമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. അച്ഛന്റെ മരണത്തിന് പിന്നാലെ പിതാവിന്റെ പാത പിന്തുടർന്നു. അങ്ങനെ വീട്ടിലെ ബാല്‍ക്കണിയില്‍ മുടിമുറിക്കൽ ആരംഭിച്ചു. ആദ്യ നാളുകളില്‍ വളരെ അധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ബാര്‍ബറായി കരിയര്‍ തെരഞ്ഞെടുത്തതില്‍ പലരും പരിഹസിച്ചു. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ് ലോറിയല്‍ വിദേശത്തേക്ക് പരിശീലനത്തിനായി അയച്ചു. പരിശീലനം കഴിഞ്ഞെത്തിയതിന് പിന്നാലെ പല സെലിബ്രിറ്റികളും അലീമിനെ തേടിയെത്തി. സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സെലിബ്രിറ്റി ക്ലയന്റുകളില്‍.
എംഎസ് ധോണി, വിരാട് കോഹ്‌ലി, തുടങ്ങിയ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചു. ഐപിഎല്‍ 2024ന് മുമ്പ് അദ്ദേഹം കോഹ്ലിയുടെ പുരികത്തില്‍ ഒരു പുതിയ സ്റ്റെല്‍ നല്‍കി. അത് പിന്നീട് ട്രെന്‍ഡായി മാറുകയും ചെയ്തിരുന്നു.