Image Credit: Instagram
ഫാഷന്‍റെ കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന താരമാണ് 'ബെബോ' എന്നുവിളിപ്പേരുളള ബോളിവുഡിന്‍റെ സ്വന്തം കരീന കപൂര്‍. ഫാഷന്‍, ട്രെന്‍ഡ്, സ്റ്റൈല്‍ എന്നീ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും താരം നില്‍ക്കാറില്ല. ഏത് സ്റ്റൈലും അതിന്റെ പൂർണതയോടെ അവതരിപ്പിക്കാന്‍ കരീനയ്ക്ക് കഴിയും. അഭിനയത്തില്‍ മാത്രമല്ല റാംപിലും കഴിവ് തെളിയിച്ച വ്യക്തികൂടിയാണ് കരീന. ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ വസ്ത്രം ധരിച്ച് റാംപിലെത്തിയ കരീനയുടെ ചിത്രങ്ങളാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്.
ഐവറി നിറത്തിലുള്ള മനോഹരമായ ലെഹങ്ക ധരിച്ചാണ് കരീന ലാക്മെ ഫാഷന്‍ വീക്കിനെത്തിയത്. ലാക്മെ ഫാഷന്‍ വീക്കിന്‍റെ 25ാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി റാംപില്‍ ചുവടുവയ്ക്കുന്നതിനിടെ കരീന പറഞ്ഞ വാക്കുകളും സൈബറിടത്ത് കയ്യടികള്‍ ഏറ്റുവാങ്ങുകയാണ്. ലാക്മെയുമായി വർഷങ്ങളായി തനിക്കുള്ള ബന്ധത്തെ കുറിച്ചായിരുന്നു കരീന പറഞ്ഞത്. 'ലാക്‌മെ കുടുംബത്തിലേക്ക് ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു. എന്റെ പ്രിയപ്പെട്ട ഡിസൈനർമാരുടെ വസ്ത്രത്തിൽ ഞാനിനിയും റാംപിലെത്തുമെന്നാണ് പ്രതീക്ഷ. ഹൃദയം കൊണ്ടാണ് ഞാൻ എല്ലാം ചെയ്യുന്നത്. ഞാൻ സീറോ സൈസ് ആയിരുന്നപ്പോഴും എന്റെ വയറ്റിൽ തൈമൂർ ഉണ്ടായിരുന്നപ്പോഴും ഈ റാംപിൽ ഞാൻ ചുവടുവച്ചിട്ടുണ്ട്. അതൊന്നും എന്റെ വിഷയമല്ല. എല്ലായിപ്പോഴും എന്റെ ഹൃദയം റാംപിലാണ്. ഓരോ ഡിസൈനർമാരും എനിക്കു നൽകുന്ന പ്രചോദനം റാംപിൽ എന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. വര്‍ഷങ്ങളായി ലാക്മെയുടെ മുഖമാണ് ഞാന്‍'
'ഒരു താരവും ബ്രാന്‍ഡും തമ്മിലുളള ബന്ധം എന്നതിനപ്പുറം ഹൃദബന്ധമാണ് എനിക്ക് ലാക്മെയുമായി ഉളളത്. ഓരോ തവണയും സുന്ദരിയായി ഈ റാംപിലൂടെ ചുവടുവയ്ക്കാന്‍ സഹായിച്ച അണിയറപ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ക്കും പ്രിയപ്പെട്ട മനീഷ് മല്‍ഹോത്രയ്ക്കും നന്ദി. ഇനിയും ഈ റാംപില്‍ ചുവടുവെയ്ക്കാനാവട്ടെ ഉടനെ തന്നെ' എന്നുപറഞ്ഞുകൊണ്ടാണ് കരീന തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്. അതേസമയം റാംപിലെത്തിയ കരീനയുടെ ലുക്കിനും മേക്കപ്പിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിളങ്ങുന്ന സീക്വൻസുകളും ത്രഡ് വർക്കും ചെയ്ത ഐവറി നിറത്തിലുളള ലെഹങ്കയില്‍ കരീന അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് കമന്‍റുകള്‍. വസ്ത്രത്തിനിണങ്ങുന്ന മിനിമൽ മേക്കപ്പും ഹെയര്‍ സ്റ്റൈലുമാണ് താരത്തിന് നല്‍കിയിരുന്നത്. വിഡിയോയും ചിത്രങ്ങളും വൈറലായതോടെ കരീനയ്ക്ക് നിറഞ്ഞ കയ്യടി. കരീനയില്ലാതെ ഒരു ലാക്മെ ഫാഷന്‍ വീക്കിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലെന്നും ആരാധകര്‍ പറയുന്നു.