private-jet

TOPICS COVERED

എം.എ.യൂസഫലിയുടെ പഴയവിമാനം വില്‍പനയ്ക്ക്. പുതിയ വിമാനം എത്തിയതോടെയാണ്  പഴയത് വില്‍പനയ്ക്ക് വച്ചത്. സ്വകാര്യജെറ്റ് വിമാനങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന, സ്റ്റാന്റൺ ആൻഡ് പാർട്ട്‌ണേഴ്‌സ് ഏവിയേഷൻ എന്ന കമ്പനിയാണ് വിമാനം വിൽപനയ്ക്കായി പല സൈറ്റുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2016 ലാണ് യൂസഫലി ഗൾഫ്സ്ട്രീം 550 എന്ന വിമാനം സ്വന്തമാക്കിയത്. അന്ന് ഏകദേശം 350 കോടി രൂപയിൽ കൂടുതലായിരുന്നു വിമാനത്തിന്‍റെ വില.

ലെഗസി 650 എന്ന വിമാനത്തിന് ശേഷമാണ് യൂസഫലി ഗൾഫ്സ്ട്രീം 550 വാങ്ങിയത്. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായുള്ള ജനറൽ ഡൈനാമിക്സിന്‍റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്‍റെ നിർമാതാക്കൾ. 16 യാത്രക്കാരെ വരെ ഈ വിമാനത്തിന് ഉൾക്കൊള്ളിക്കാനാകും. ഇതുവരെ 3065.11 മണിക്കൂർ വിമാനം പറന്നിട്ടുണ്ട്. റോൾസ് റോയ്സിന്റെ ബിആർ 710സി4–11 എന്ന എൻജിനാണ് ഉപയോഗിക്കുന്നത്.

ഏകദേശം 483 കോടിയോളം രൂപ വിലവരുന്ന ജി600 എന്ന വിമാനം കഴിഞ്ഞ ഏപ്രിലിലാണ് യൂസഫലി വാങ്ങിയത്. ടി7-വൈഎംഎ എന്ന റജിസ്ട്രേഷനിലുള്ള വിമാനം ഗൾഫ്‌സ്ട്രീം കമ്പനി നിർമിച്ചിറക്കിയത് 2023 ഡിസംബറിലാണ്. 6600 നോട്ടിക്കൽ മൈൽ വരെ വിമാനത്തിന് പറക്കാനാവും. വേഗം 0.925 മാക്കും. പുതിയ വിമാനത്തിൽ 19 പേർക്ക് വരെ സഞ്ചരിക്കാനാവും. പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എൻജിനാണ് ഉപയോഗിക്കുന്നത്.

ENGLISH SUMMARY:

M.A Yusuff Ali put his old jet for sale.