വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്നാലെപായുമ്പോള്‍ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ മാത്രം എന്തുകൊണ്ട് പിന്‍തിരിഞ്ഞു നില്‍ക്കുന്നു എന്നതായിരുന്നു വാഹനപ്രേമികള്‍ക്കിടയില്‍ ഉയര്‍ന്നുകേട്ട ചോദ്യം. ഒടുവില്‍ ആചോദ്യത്തിന് ഉത്തരമായി. കാത്തിരിപ്പിനു വിരാമവുമിട്ട് ആഗോള മോഡലായ ഇ –വിറ്റാര സുസുക്കി ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ എക്സ്പോയിലും, ജപ്പാന്‍ മൊബിലിറ്റി ഷോയിലും അവതരിപ്പിച്ച ഇവിഎക്സ് ഇവി കോണ്‍സപ്റ്റ് മോഡലിന്‍റെ പ്രൊഡക്ഷന്‍ പതിപ്പാണ് ഇ വിറ്റാര. ഫുള്‍ ചാര്‍ജില്‍ 500 കിമി ദൂരം താണ്ടാന്‍ കഴിയുന്ന സങ്കേതികതികവോടെയാണ് സുസുക്കി
ഈ വാഹനം അവതരിപ്പിച്ചത്.
ആഗോള മോഡലെന്ന് വിശേഷിപ്പിക്കുന്ന ഇ–വിറ്റാരയുടെ വാണീജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനം ഗുജാത്തിലെ പ്ലാന്‍റില്‍ നിന്നാണെങ്കിലും ഈ വാഹനം ഇന്ത്യന്‍ നിരത്തുകളിലേക്കെത്താന്‍ കുറച്ച് കാത്തിരിക്കേണ്ടി വരും.. തുടക്കത്തില്‍ 50 ശതമാനം യൂണിറ്റുകള്‍ ജപ്പാനിലേക്കും, യൂറോപ്പിലേക്കുമാണ് കയറ്റി അയക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയിലെ ഭാരത് മൊബിലിറ്റി ഷോയിലൂടെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മോഡല്‍ മാര്‍ച്ചോടെ വിപണിയില്‍ ലഭ്യമാക്കാനാണ് പദ്ധതി.
എസ്‌യുവി വിഭാഗത്തിലാണ് സുസുക്കി ഈ മോഡല്‍ അവതരിപ്പിക്കുന്നത്. പ്രൊജക്ടര്‍ എല്‍ ഇഡി ലൈറ്റുകള്‍ എല്ലാ മോഡലുകിലും ഉണ്ടാകും. ഓള്‍ വീല്‍ ഡ്രൈവ് വേര്‍ഷനില്‍ 19 ഇഞ്ച് ടയറും ബാക്കി മോഡലുകളില്‍ 18 ഇഞ്ചുമാണ്. പിന്നിലെ ഡോര്‍ ഹാന്‍ഡില്‍ സി പില്ലറിലാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഹൈ ടെക് ആന്‍ഡ് അഡ്വഞ്ചര്‍ എന്നാണ് സുസുക്കി ഇതിന്‍റെ ഡിസൈനിനെ വിളിക്കുന്നത്. 2700 എംഎം വീല്‍ബേസാണ് വാഹനത്തിനുള്ളത്. 4275എംഎം നീളവും, 1800 വീതിയും, 1635എംഎം ഉയരവുമുള്ള വാഹനത്തിന് 180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ലഭിക്കും. 2700 എംഎം വീല്‍ബേസ് എന്നത് ഹ്യുണ്ടേയ് ക്രറ്റയേക്കാള്‍ കൂടുതലാണ് . അതിനാല്‍ വലിയ ബാറ്ററി പാക് ഉള്‍പ്പെടുത്താനുള്ള സൗകര്യവുമുണ്ട്.
വലുപ്പത്തിന് ആനുപാതികമായ ഉള്‍വശത്ത് ആധുനികസംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ നിറമാണ് ഡാഷ് ബോഡിനും, സെന്‍റര്‍ കണ്‍സോളിനും നല്‍കിയിരിക്കുന്നത്. രണ്ടു സ്പോക് മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിങ് വീലാണ് വാഹനത്തിനുള്ളത്. ഡ്യുവല്‍ സ്‌ക്രീന്‍ ഇന്‍ഫോട്ടേയിന്‍മെന്‍റ് കണ്‍സോള്‍ ഉള്‍വശം കൂടുതല്‍ ആകര്‍ഷണീയമാക്കും. സെന്‍റര്‍ കണ്‍സോളില്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ ബട്ടണുകള്‍, ഡ്രൈവ് മോഡ് സ്വിച്ചുകള്‍ എന്നവയും സജ്ജമാക്കിയിരിക്കുന്നു.
ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ ജിംനിയില്‍ ഉപയോഗിച്ച ഓള്‍ ഗ്രിപ്പ് സങ്കേതികതയും , ട്രെയില്‍ മോഡ്, ഹില്‍ ഡിസെന്‍റ് എന്നീ അധിക ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. അഞ്ച് സീറ്റ് വാഹനമാണ്. വിപണിയിലുള്ള സമനമോഡലുകളുമായി മല്‍സരിക്കാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്.
ഇവിക്ക് വേണ്ടി മാത്രമായി സുസുക്കിയും ടൊയോട്ടയും ഒരുമിച്ച് വികസിപ്പിച്ച ഇ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. 49 kwh, 61 kwh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനിലാണ് വിറ്റാര വിപണിയിലെത്തിക്കുന്നത്, 49 kwh ബാറ്ററി പായ്ക്കിലുള്ള മോഡല്‍ ടൂ വീല്‍ ഡ്രൈവില്‍ മാത്രമാണ് ലഭ്യമാകുക. 61 kwh ഓള്‍ വീല്‍ ഡ്രൈവില്‍ ഓരോ ആക്സിലിലും ഇരട്ട മോട്ടോര്‍ ലഭ്യമാണ്. 181 bhp കരുത്തും 300 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു