car-logos
  • രണ്ടു മുതല്‍ നാല് ശതമാനം വരെ വില കൂട്ടാനുള്ള തീരുമാനവുമായി കമ്പനികള്‍
  • അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണമുണ്ടായ അധിക ചെലവ് നികത്താനാണ് വില വര്‍ധനവ്
  • വില്‍പന വര്‍ധിപ്പിക്കാനുള്ള തന്ത്രമെന്നും വിലയിരുത്തല്‍

വലുപ്പ വ്യത്യസമോ വില വ്യത്യാസമോ ഇല്ലാതെ ചെറുകാറുകള്‍ മുതല്‍ ആഡംബര വാഹനങ്ങള്‍ക്ക് വരെ രാജ്യത്ത് വിലവര്‍ധിക്കും. അസംസ്കൃത സാധനങ്ങളുടെ വിലവര്‍ധനവ്, പ്ലാന്‍റുകളുടെ പ്രവര്‍ത്തന ചിലവുകളിലെ വര്‍ധനവ് ഇവയെല്ലാമാണ് വിലവര്‍ധിക്കുന്നതിന് കാരണമായി വാഹന നിര്‍മാതാക്കള്‍ പറയുന്നത്.  ഒട്ടുമിക്ക ഇന്ത്യന്‍ വാഹന നിര്‍മാതാക്കളും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഇതിനോടകം അറിയിച്ചു കഴിഞ്ഞു.

മാരുതി

രാജ്യത്തെ വാഹന വില്‍പനയില്‍  ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മാരുതി സുസുക്കി ആള്‍ട്ടോ കെ10 മുതല്‍ ഇന്‍വിക്ടോ വരെയുള്ള മോഡലുകള്‍ക്ക് 4% വരെ വില വര്‍ധിപ്പിക്കാനാണ് തീരുമാനം. പല മോഡലുകളും മുഖം മിനുക്കി എത്താന്‍ തയ്യാറെടുക്കുന്ന വര്‍ഷം കൂടിയാണ് 2025. ആദ്യ ഇല്ക്ട്രിക് വാഹനമായ ഇ– വിറ്റാരയെ   2025 മാര്‍ച്ചില്‍ എത്തിക്കും

ടാറ്റ

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റയും അടുത്ത വര്‍ഷത്തില്‍ വില വര്‍ധിപ്പിക്കുന്നു. 3% വിലയാണ് വര്‍ധിപ്പിക്കുന്നത്. ഇല്ക്ട്രിക് വാഹനങ്ങള്‍ക്കും, പെട്രോള്‍ ഡീസല്‍ മോഡലുകള്‍ക്കും വില വര്‍ധനവ് ബാധകമെന്ന് കമ്പനി അറിയിച്ചു. ജനുവരി ഒന്നുമുതല്‍ മോഡലുകള്‍ക്കും വേരിയന്‍റുകള്‍ക്കും ആനുപാതികമായി വില വര്‍ധനവ്   പ്രാബല്യത്തില്‍‍ വരും.

മഹീന്ദ്ര

മറ്റൊരു ഇന്ത്യന്‍ വാഹന നിര്‍മ്മാതാവായ മഹീന്ദ്ര അവരുടെ പാസഞ്ചര്‍ കാറുകളില്‍ തുടങ്ങി വലിയ വാണീജ്യ വാഹനങ്ങള്‍ക്ക് വരെയുള്ള   എല്ലാ വിഭാഗം വാഹനങ്ങള്‍ക്കും 3% വില വര്‍ധിപ്പിക്കും. കഴിഞ്ഞ മാസം പുറത്തിറക്കിയ രണ്ട് എസ്‌യുവി കളായ XEV-9e, BE6 എന്നീ മോഡലുകളുടെ വിലയില്‍ തല്‍ക്കാലം വര്‍ധനവില്ല,  

ഹ്യുണ്ടേയ്

കൊറിയന്‍ വാഹന നിര്‍മാതാവ് ആണെങ്കിലും മാരുതിക്ക് ശേഷം  ഇന്ത്യയില്‍ കൂടതല്‍ വില്‍പനയുള്ള വാഹന നിര്‍മ്മാതാക്കാളാണ് ഹ്യുണ്ടേയ്. അടുത്ത ആഴ്ച്ച മുതല്‍ ഇവരും വില വര്‍ധിപ്പിക്കുന്നു,  ശതമാനക്കണക്കിലല്ല മറിച്ച് 25,000 രൂപ വരെ വില വര്‍ധിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. എസ്‌ യു വി, ഹാച്ച് ബാക്ക്, സെഡാന്‍, ഇലക്ട്രിക് തുടങ്ങി എല്ലാ മോഡലുകള്‍ക്കും വില വര്‍ധിക്കും. 

കിയ

വിപണിയിലെത്തി അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് ശ്രദ്ധേയരായ മറ്റൊരു കൊറിയന്‍ വാഹന നിര്‍മാതാവാണ് കിയ. സെല്‍ട്ടോസില്‍ തുടങ്ങി ഇവി9 വരെയുള്ള മോഡലുകള്‍ക്ക് വില വര്‍ധിക്കും. ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ ഉള്ള  മോഡലുകളും വില കൂടിയ ഇലക്ട്രിക് മോഡലുകളുമാണ് കിയ പ്രധാനമായി ഇന്ത്യന്‍ വിപണിയിലിറക്കിയത്, 

ജെ എസ് ഡബ്ല്യു എംജി മോട്ടോര്‍സ്

  ജെ എസ് ഡബ്ല്യുവിന്‍റെ ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്‌സ് പുതുവര്‍ഷത്തില്‍  മൂന്ന് ശതമാനം വിലയാണ് വര്‍ധിപ്പിക്കുന്നത്. ഇലക്ട്രിക്, പെട്രോള്‍, ഡീസല്‍ വ്യത്യാസമില്ലാതെ എല്ലാ മോഡലുകള്‍ക്കും വിലവര്‍ധനവ് ബാധകമാണ്. കോമറ്റ്, ആസ്റ്റര്‍,ഇസെഡ് എസ് ഇവി, ഹെക്ടര്‍,  ഹെക്ടര്‍ പ്ലസ്, ഗ്ലോസ്റ്റര്‍,  വിന്‍ഡ്‌സര്‍ ഇവി എന്നിവയാണ് എംജി ഇവിടെ ഇറക്കിയ മോഡല്‍.

സ്കോഡ

സ്കോഡയും വില വര്‍ധനവുമായാണ് പുതുവര്‍ഷത്തെ എതിരേല്‍ക്കുന്നത്. പുറത്തിറക്കി എങ്കിലും അടുത്ത വര്‍ഷം വിപണിയിലിറക്കാന്‍ തയ്യാറെടുക്കുന്ന കൈലാക്കിന് ഒഴികെ ബാക്കി എല്ലാ മോഡലുകള്‍ക്കും മൂന്ന് ശതമാനം വില വര്‍ധനവ് ബാധകമാണ്. 

ടൊയോട്ട

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഹൈക്രോസിന് 36,000 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട വ്യക്തമാക്കി. 

ജീപ്പ്, സിട്രോണ്‍

ലോക പ്രശസ്ത വാഹന നിര്‍മാതാക്കളായ ജീപ്പും, സിട്രോണും ജനുവരി മുതല്‍ വാഹനങ്ങള്‍ രണ്ടു ശതമാനം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു

മെഴ്‌സിഡിസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നീ വാഹന നിര്‍മ്മാതാക്കളും അവരുടെ വ്യത്യസ്‌ത മോഡലുകള്‍ക്ക് മൂന്ന് ശതമാനം വരെ വില  പുതുവര്‍ഷത്തില്‍ വര്‍ധിപ്പിക്കും. 

വാഹന നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണമുണ്ടായ അധിക ചെലവ് നികത്താനാണ് ഇത്തരമൊരു തീരുമാനം എന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, ചില വാഹന നിര്‍മാതാക്കള്‍    അവരുടെ വില്‍പന വര്‍ധിപ്പിക്കാനുള്ള തന്ത്രമായാണ് വില വര്‍ധിപ്പിക്കുമെന്ന് പറയുന്നതെന്നും  വിദഗ്‌ധര്‍ വിലയിരുത്തുന്നു

ENGLISH SUMMARY:

car get more expensive in 2025. here manufacturers that have announced price hike