ചാര്‍ജ് ചെയ്യുമ്പോള്‍ കാറിന്‍റെ കംപ്യൂട്ടര്‍ ബോര്‍ഡില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുന്ന പ്രശ്നം കാരണം ടെസ്‍ല ഏറ്റവും പുതിയ 4 മോഡലുകളില്‍പ്പെട്ട 2,39,000 കാറുകള്‍ തിരിച്ചുവിളിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയി ബോര്‍ഡ് കേടാകുന്നതോടെ കാറിന്‍റെ പിന്‍കാമറയും തകരാറിലാകും. ഡിസ്പ്ലേ സ്ക്രീന്‍ ശൂന്യമാകുകയും ചെയ്യും. ചാര്‍ജ് ചെയ്യാന്‍ കണക്ട് ചെയ്യുമ്പോള്‍ റിവേഴ്സ് കറന്‍റ് ഉണ്ടാകുന്നതാണ് പ്രശ്നം.
2024–25ല്‍ പുറത്തിറക്കിയ മോഡല്‍ ത്രീ, മോഡല്‍ ഫോര്‍ എന്നിവയും 2023–24ല്‍ നിരത്തിലിറങ്ങിയ മോഡല്‍ എക്സ്, മോഡല്‍ വൈ എന്നിവയുമാണ് തിരിച്ചുവിളിച്ചത്. പ്രശ്നം സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റിലൂടെ പരിഹരിക്കാന്‍ കഴിയുന്നതാണെന്നാണ് ടെസ്‍ലയുടെ വാദം. തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയോ രൂപമാറ്റം വരുത്തുകയോ ചെയ്തിട്ടുള്ളവയാണോ എന്നും പരിശോധിക്കുന്നുണ്ടെന്ന് ടെസ്‍ല അധികൃതര്‍ പറയുന്നു. അങ്ങനെ ഉണ്ടായിട്ടില്ലാത്ത വാഹനങ്ങളുടെ കംപ്യൂട്ടര്‍ ബോര്‍ഡ് സൗജന്യമായി മാറ്റിനല്‍കും.
റിമോട്ട് ഉപയോഗിച്ച് കാര്‍ ഓപ്പറേറ്റ് ചെയ്യുന്ന ഫീച്ചറിന്‍റെ തകരാറുകാരണം അപകടങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വെല്ലുവിളി. ഈ പ്രശ്നത്തില്‍ യു.എസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ ടെസ്‍ലയ്ക്കെതിരെ അന്വേഷണം തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്ന കമ്പനിയാണ് ടെസ്‍ല. സാങ്കേതികവിദ്യ മാറുന്തോറും സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റ് അടക്കമുള്ള വെല്ലുവിളികളും വര്‍ധിക്കുകയാണെന്നാണ് വാഹനനിര്‍മാതാക്കള്‍ പറയുന്നത്.