insects-worms-1-

AI Generated Images

TOPICS COVERED

ചീവീടുകള്‍, പുല്‍ച്ചാടികള്‍, വെട്ടുകിളികള്‍ എന്നിങ്ങനെ 16 ഇനം പ്രാണികളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി സിംഗപ്പുര്‍ ഫുഡ് ഏജൻസി (എസ്.എഫ്.എ). ഇത്തരം പ്രാണികളില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, കാല്‍സ്യം, സിങ്ക്, ആന്‍റിഓക്സിഡന്‍റുകളെന്നിവ അടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഈ പതിനാറ് ഇനം പ്രാണികളെ ഭക്ഷ്യണാവശ്യങ്ങള്‍ക്കായോ കന്നുകാലികള്‍ക്കായോ ഇറക്കുമതി ചെയ്യുന്നവര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിംഗപ്പുര്‍ ഫുഡ് ഏജൻസി വ്യക്തമാക്കി.

ചൈന, തായ്​ലന്‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായി ഇത്തരം പ്രാണികളെ ഇറക്കുമതി ചെയ്യുന്നത്. ഈ പ്രാണികള്‍ കൊണ്ട് തയ്യാറാക്കുന്ന വിഭവങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. അതിനാല്‍ തന്നെ റെസ്റ്ററന്‍റ് വ്യവസായികള്‍, ഇത്തരം പ്രാണികളെ ഇറക്കുമതി ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം സന്തോഷം നല്‍കുന്നതാണ് ഈ വാര്‍ത്തയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിംഗപ്പൂരില്‍ ഭക്ഷ്യമേഖലയിലുളളവര്‍ ഏറെ നാളായി കാത്തിരുന്ന നടപടിയാണ് ഇപ്പോള്‍ സിംഗപ്പുര്‍ ഫുഡ് ഏജൻസി സ്വീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

2022 ഒക്ടോബര്‍ മുതലാണ് പ്രാണികളെയും പുഴുക്കളെയും ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്ന കാര്യത്തില്‍ സിംഗപ്പുര്‍ നടപടി ആരംഭിച്ചിട്ട്. 2023 ഏപ്രിലോടെ 16 ഇനം പ്രാണികള്‍ ഭക്ഷ്യയോഗ്യമാണെന്ന് സിംഗപ്പുര്‍ അംഗീകരിച്ചെങ്കിലും 2024ന്‍റെ തുടക്കത്തില്‍ അനുമതി പിന്‍വലിച്ചു. പിന്നീട് നടത്തിയ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് സിംഗപ്പുര്‍ ഫുഡ് ഏജൻസി 16 ഇനത്തില്‍പ്പെട്ട പ്രാണികളെ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് ഉത്തരവിറക്കിയത്. ഈ പതിനാറ് ഇനം പ്രാണികളില്‍ ഉള്‍പ്പെടാത്ത മറ്റേതെങ്കിലും പ്രാണികളെ ഭക്ഷണത്തില്‍ ഉപയോഗിക്കണമെങ്കില്‍ അവ ഭക്ഷ്യയോഗ്യമാണെന്ന് തെളിക്കണം. അതിനായുളള നടപടികള്‍ പൂര്‍ത്തിയാക്കി സിംഗപ്പുര്‍ ഫുഡ് ഏജൻസിയുടെ പ്രത്യേക അനുമതി ലഭിച്ചാല്‍ മാത്രമേ അത്തരം പ്രാണികളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനാകൂ.

പ്രാണികള്‍ അടങ്ങിയ ഉത്പ്പന്നങ്ങള്‍ക്ക് ലേബല്‍ നിര്‍ബന്ധമാണെന്നും സിംഗപ്പുര്‍ ഫുഡ് ഏജൻസി അറിയിച്ചിട്ടുണ്ട്. എസ്.എഫ്.എ മാനദണ്ഡങ്ങള്‍ പാലിക്കാത്തവ വില്‍ക്കാന്‍ അനുമതി നല്‍കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്ന 16 ഇനം പ്രാണികളില്‍ ചീവിട്. പുല്‍ച്ചാടി , വെട്ടുകിളി, പട്ടുനൂല്‍പ്പുഴു, മറ്റുഭക്ഷ്യയോഗ്യമായ പുഴുക്കള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇപ്പറഞ്ഞ പ്രാണികള്‍ തീന്‍മേശയില്‍ എത്തുന്നതോടെ വരുമാനം കുത്തനെ ഉയരുമെന്ന പ്രതീക്ഷയിലാണ് സിംഗപ്പുരിലെ റെസ്റ്ററന്‍റ് ഉടമകള്‍. 

ENGLISH SUMMARY:

Singapore approves 16 insects for human consumption