രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ആത്യാഢംബര വിവാഹമായിരുന്നു അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്‍റിന്‍റെയും. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും സിനിമ രാഷ്ട്രീയ വ്യാവസായിക മേഖലയിലെ പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ മുബൈയില്‍ എത്തിച്ചേര്‍ന്നത്. മാസങ്ങളായി തുടരുന്ന വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് സല്‍ക്കാരത്തോടെ അവസാനിച്ചത്. കോടികള്‍ ചെലവഴിച്ച് നടത്തിയ വിവാഹത്തില്‍ വധൂവന്മാരുടെ വസ്ത്രങ്ങളും ആഭരണങ്ങളും മാത്രമല്ല ചടങ്ങില്‍ വിളമ്പിയ വിഭവങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള കാവിയാര്‍ അടക്കമുളള ഭക്ഷ്യ ഉല്‍പന്നങ്ങള്‍ അടങ്ങിയ വിഭവങ്ങളാണ് അതിഥികള്‍ക്കായി അംബാനിക്കുടുംബം ഒരുക്കിയത്.
ഏകദേശം 2500ലധികം വിഭവങ്ങള്‍ അനന്ദ് രാധിക വിവാഹത്തിലെ മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തിലെ മുന്തിയ ഇനം വിഭവങ്ങള്‍ മാത്രമല്ല നോര്‍ത്ത് ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ് അടക്കമുളള ചാട്ടുകളും മെനുവില്‍ ഉണ്ടായിരുന്നു. ഇവയില്‍ നിന്നെല്ലാം വേറിട്ട് നിന്നത് ലക്ഷങ്ങള്‍ വിലവരുന്ന കാവിയര്‍ കൊണ്ടുളള വിഭവം തന്നെയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരാമിസു ഡെസേര്‍ട്ടിന്‍റെ ടോപ്പിങ്ങായി കാവിയര്‍ ഉപയോഗിച്ചുളള ഒരു പ്രത്യേക തരം വിഭവമാണ് അനന്ദ് രാധിക വിവാഹത്തില്‍ വിളമ്പിയത്. ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണങ്ങളില്‍ ഒന്നുകൂടിയാണിത്. മാത്രമല്ല ആഡംബര വിഭവങ്ങളുടെ കൂട്ടത്തിലും കാവിയാര്‍ മുന്നിലാണ്.
സ്റ്റർജൻ എന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാർ. കാസ്പിയൻ കടലിലും കരിങ്കടലിലുമാണ് സ്റ്റർജന്‍ മല്‍സ്യത്തെ കാണപ്പെടുന്നത്. ഈ മത്സ്യങ്ങൾക്ക് 450 കിലോഗ്രാം തൂക്കം വരെയുണ്ടാകും. കാവിയാര്‍ പലതരം ഉണ്ടങ്കിലും ബെലൂഗ എന്ന മൽസ്യത്തിന്റെ കാവിയാറിനാണ് വിലക്കൂടുതല്‍. 100 ഗ്രാമിന് 60000 രൂപ വരെ വിലവരും. പെൺ ബെലുഗകള്‍ മുട്ട ഉത്പാദിപ്പിക്കാൻ കുറഞ്ഞത് 10-15 വർഷമെടുക്കും അതിനാലാണ് ബെലുഗ കാവിയാർ വിഭവങ്ങൾക്ക് വില കൂടുന്നത്. മനുഷ്യക്കെനാക്കാള്‍ ആയുസുണ്ട് സ്റ്റര്‍ജന്‍ മല്‍സ്യങ്ങള്‍ക്ക്. ഏകദേശം 100 വര്‍ഷം വരെ ജീവിച്ചിരിക്കാന്‍ ഈ മല്‍സ്യങ്ങള്‍ക്ക് സാധിക്കും.
വാണിജ്യാടിസ്ഥാനത്തില്‍ വലിയ തോതിലാണ് പല രാജ്യങ്ങളും ഈ മല്‍സ്യത്തെ വളര്‍ത്തുന്നത്. കാവിയാർ കയറ്റുമതി ചെയ്യുന്നതിൽ മുൻനിരയിലുള്ള രാജ്യം ചൈനയാണ്. ആദ്യകാലങ്ങളില്‍ സ്റ്റര്‍ജന്‍ മല്‍സ്യത്തെ കൊന്നാണ് മുട്ടയെടുത്തിരുന്നതെങ്കില്‍ ഇന്ന് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവയെ കൊല്ലാതെ തന്നെ മുട്ട എടുക്കുകയാണ് ചെയ്യുന്നത്. വിലകൂടിയ ആഢംബര വിഭവങ്ങളിലാണ് സാധാരണയായി കാവിയാര്‍ ഉപയോഗിച്ചുവരുന്നത്. അതേസമയം അനന്ദ് രാധിക വിവാഹത്തില്‍ വിളമ്പിയ റിയലിസ്റ്റിക് ഫ്രൂട്ട് കേക്കും ശ്രദ്ധയാകര്‍ഷിച്ചു. പഴങ്ങളുടെ ആകൃതിയിൽ തയാറാക്കിയെടുക്കുന്ന ഹൈപ്പർ റിയലിസ്റ്റിക്കായ കേക്കാണിത്. ഈ കേക്കും വാര്‍ത്തകളില്‍ ഇടംപിടിച്ചു.