Image Credit: www.instagram.com/guinnessworldrecords

തക്കാളി അരിഞ്ഞ് ഗിന്നസ് ലോകറെക്കോര്‍ഡില്‍ ഇടംപിടിച്ച് യുവ ഷെഫ്. ഒന്നും രണ്ടുമല്ല ഒന്‍പത് തക്കാളിയാണ് തുല്യ അളവില്‍ അരിഞ്ഞ് കനേഡിയന്‍ ഷെഫ് ആയ വാലസ് വോംഗ് ലോകറെക്കോര്‍ഡില്‍ ഇടംപിടിച്ചത്. കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നുമെങ്കിലും കണ്ണ് കെട്ടിയാണ് ഒരു മിനിറ്റിനുളളില്‍ വോംഗ് 9 തക്കാളി അരിഞ്ഞ് റെക്കോര്‍ഡ് കുറിച്ചത്. തക്കാളി അടക്കമുളള ഏതൊരു പച്ചക്കറിയും അതിവേഗം അരിയാന്‍ ഒട്ടുമിക്ക എല്ലാവരെ കൊണ്ടും സാധിക്കും. എന്നാല്‍ കണ്ണ് കെട്ടിക്കൊണ്ട് തുല്യ അളവില്‍ തക്കാളി അരിയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്.

'സിക്സ് പാക്ക് ഷെഫ്' എന്ന പേരില്‍ അറിയപ്പെടുന്ന വാലസ് വോംഗ് ഇക്കഴിഞ്ഞ ജൂണ്‍ 12ന് ലണ്ടനിൽ നടന്ന ചടങ്ങിലാണ് ലോകറെക്കോര്‍ഡിട്ടത്. വാലസ് വോംഗ് ലോകറെക്കോര്‍ഡ് സ്വന്തമാക്കുന്ന വിഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്‍റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. അവിശ്വസനീയമായ വേഗതയിലും കൃത്യതയിലും വോംഗ് തക്കാളി അരിയുന്നത് വിഡിയോയില്‍ കാണാം. 

ലോകറെക്കോര്‍ഡിനായി മല്‍സരിക്കാന്‍ നില്‍ക്കുന്ന വോംഗിനെയും വിധികര്‍ത്താവിനെയും കാണിച്ചുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. വിധികര്‍ത്താവ് കൗണ്ട് ഡൗണ്‍ പറഞ്ഞയുടന്‍ ഒരു നിമിഷം പോലും പാഴാക്കാതെ വോംഗ് തക്കാളി അരിയുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റ് സമയപരിധിയാണ് വോംഗിന് മുന്നിലുണ്ടായിരുന്നത്. അത് പ്രകാരം 9 തക്കാളി വളരെ കൃത്യതയോടെ വോംഗ് അരിഞ്ഞു. അവസാനം ഗിന്നസ് ലോകറെക്കോര്‍ഡ് എന്ന സ്വപ്ന നേട്ടം കൈവരിച്ച് പ്രശസ്തിപത്രം സ്വീകരിക്കുന്ന വോംഗിനെ കാണിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം വോംഗ് അരിഞ്ഞ 9 തക്കാളികളില്‍ നാലെണ്ണം റെക്കോര്‍ഡിന് വേണ്ടി പരിഗണിക്കാതെ ഒഴിവാക്കപ്പെട്ടു. തക്കാളിക്കഷ്ണങ്ങളുടെ അളവിലുളള വ്യത്യാസമാണ് ഇതിന് കാരമെന്നും രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ബാക്കി വന്ന 5 തക്കാളികള്‍ പരിഗണിച്ചപ്പോള്‍ നിലവില്‍ മറ്റാരും ആ റെക്കോര്‍ഡ് സ്വന്തമാക്കാത്തതിനാല്‍ അത് വോംഗിന് തന്നെ ലഭിക്കുകയാണുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം കണ്ണടയ്ക്കാതെ ഒരു മിനിറ്റില്‍ 14 തക്കാളികള്‍ സമമായി അരിഞ്ഞ മറ്റൊരു റെക്കോഡും വോംഗിന്‍റെ പേരിലുണ്ട്. 

ENGLISH SUMMARY:

Six Pack Chef Makes World Record For Most Tomatoes Cut In One Minute While Blindfolded