ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ ചായയിടാന്‍ തിരഞ്ഞെടുക്കുന്ന ഒരൊറ്റ സാധനം മതി ചായയുടെ ആരോഗ്യഗുണങ്ങളേറാന്‍. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ എന്നാണ് ശംഖുപുഷ്പം കൊണ്ടുണ്ടാക്കുന്ന ചായയെ പറയുന്നത്.
ശംഖുപുഷ്പം കൊണ്ട് വളരെ രുചികരമായി, അതിലേറെ ആരോഗ്യഗുണമുള്ള ചായ ഉണ്ടാക്കാം. അകാല വാര്‍ധക്യത്തെപ്പോലും ചെറുക്കാന്‍ ഈ ചായയ്ക്കു കഴിയുമെന്നാണ് വാദം. പ്രമേഹ രോഗികൾക്കും പാര്‍ശ്വഫലങ്ങളില്ലാത്ത ഈ ചായ കുടിക്കാം. ശരീരത്തിലെ വിഷ പാദാർത്ഥങ്ങളെ പ്രതിരോധിക്കുന്നതിനും ശംഖുപുഷ്പ ചായ സഹായിക്കും.
ദിവസവും നീല ചായ കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സാധിക്കും. മുറ്റത്തുള്ള ശംഖുപുഷ്പം കൊണ്ട് ഇത്രയും ഉപകാരമുണ്ടെങ്കില്‍ അതൊന്ന് പരീക്ഷിച്ചു നോക്കുന്നത് നല്ലതല്ലേ.
ശംഖുപുഷ്പം കൊണ്ട് ചായയുണ്ടാക്കുന്ന വിധം:
ഒരു പാത്രത്തിൽ വെള്ളം വച്ചു ചൂടാകുമ്പോൾ അതിലേക്കു ശംഖുപുഷ്പം ചേർത്തു നന്നായി തിളപ്പിക്കുക. പഞ്ചസാരയോ, തേനോ ചേർത്ത് അരിച്ചു ഗ്ലാസ്സിലേക്ക് ഒഴിക്കുക (പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്). ചായ തിളപ്പിച്ചതിനു ശേഷം അതിലേക്ക് കുറച്ച് നാരങ്ങാ നീര് ചേർത്തും ഉപയോഗിക്കാം. നാരങ്ങാ നീര് ചേർക്കുമ്പോൾ നീല നിറത്തിലുള്ള ചായ വയലറ്റ് നിറമായി മാറും.