bella-rum

ശര്‍ക്കര കൊണ്ട് പായസം മാത്രമല്ല, നല്ലൊന്നാന്തരം റമ്മും ഉണ്ടാക്കമെന്ന് തെളിയിച്ചിരിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച മദ്യം പുറത്തിറക്കുന്ന അമൃത് ഡിസ്റ്റിലറീസ്. കമ്പനിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ റം പുറത്തിറക്കിയിരിക്കുന്നത്. കന്നടയില്‍ ശര്‍ക്കരയ്ക്ക് ‘ബെല്ല’ എന്നാണ് പറയുന്നത്. അതുകൊണ്ട് ശര്‍ക്കര കൊണ്ടുണ്ടാക്കിയിരിക്കുന്ന റമ്മിന് പേരും ബെല്ല എന്നിട്ടു. 

സഹ്യാദ്രി പർവതനിരകളിൽ നിന്നും മാണ്ഡ്യയിൽ നിന്നുമുള്ള പോഷക സമ്പുഷ്ടമായ ശർക്കരയിൽ നിന്നാണ് ബെല്ല നിർമ്മിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ചാണ് ബെല്ല തയ്യാറാക്കുന്നത്. ഗുണനിലവാരമുള്ള സിംഗിള്‍ മാള്‍ട്ട് വിസ്കിയ്ക്ക് പേരുകേട്ട ബ്രാന്‍ഡ്‌ ആണ് അമൃത്. ലണ്ടനിൽ നടന്ന 2024 ഇന്‍റർനാഷനൽ സ്പിരിറ്റ്സ് ചലഞ്ചിൽ ‘ലോകത്തിലെ ഏറ്റവും മികച്ച വിസ്കി’ കിരീടം നേടിയതും ബെംഗളൂരു ആസ്ഥാനമായുള്ള അമൃത് ഡിസ്റ്റിലറീസായിരുന്നു. 

ഇവരുടെ ഫ്ലാഗ്ഷിപ്പ് സിംഗിള്‍ മാള്‍ട്ട് വിസ്കിയായ അമൃത് ഫ്യൂഷന്‍ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായ ഉല്‍പ്പന്നം. സ്കോട്ട്ലൻഡ്, അയർലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ലോകപ്രശസ്ത വിസ്കി ബ്രാൻഡുകളെ പരാജയപ്പെടുത്തിയാണ് അമൃത് ഡിസ്റ്റിലറീസ് കിരീടം നേടിയത്. ചലഞ്ചിന്റെ 29-ാം പതിപ്പിലെ ‘വേൾഡ് വിസ്കി’ വിഭാഗത്തിൽ അമൃത് ഡിസ്റ്റിലറീസ് അഞ്ച് സ്വർണ മെഡലുകൾ നേടി. ഇതോടെ ആഡംബര സ്പിരിറ്റുകളുടെ മുൻനിര നിർമ്മാതാവ് എന്ന നിലയിൽ അമൃത് ഡിസ്റ്റിലറീസ് ആഗോളതലത്തിൽ സ്ഥാനം ഉറപ്പിച്ചു.

കര്‍ണാടകക്കാരനായ രാധാകൃഷ്ണ ജഗ്ദാലെ 1948-ൽ സ്ഥാപിച്ചതാണ് അമൃത് ഡിസ്റ്റിലറീസ്. ബാംഗ്ലൂരിലെ രാജാജി നഗറിലാണ് ഇതിന്‍റെ ആസ്ഥാനം. സിൽവർ കപ്പ് ബ്രാണ്ടിയായിരുന്നു അവരുടെ ആദ്യ ഉല്‍പ്പന്നം. ജപ്പാൻ, നെതർലാൻഡ്സ്, നോർവേ, സിംഗപ്പൂർ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്‌വാന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽ അമൃത് ഡിസ്റ്റിലറീസിന്‍റെ വിസ്കി വിൽക്കുന്നു.

ലോകപ്രശസ്ത എഴുത്തുകാരനും വിസ്കി നിരൂപകനുമായ ജിം മുറെ, 2005ലും 2010ലും 100 ൽ 82 എന്ന റേറ്റിങ് നൽകിയതിന് ശേഷമാണ് ബ്രാൻഡ് പ്രശസ്തമായത്. 2010 ൽ അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്കിയെ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിസ്കിയായി മുറെ തിരഞ്ഞെടുത്തു. വിലയും നിലവാരവും കുറഞ്ഞതാണ് ഇന്ത്യന്‍ വിസ്കിയെന്നുള്ള പൊതു അഭിപ്രായം മാറ്റാന്‍ ബ്രാന്‍ഡിന് കഴിഞ്ഞെന്ന് അമേരിക്കൻ മാസികയായ വിസ്കി അഡ്വക്കേറ്റിന്റെ എഡിറ്ററായ ജോൺ ഹാൻസെൽ എഴുതി.

2019 ൽ, അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്‌കി ‘വേൾഡ് വിസ്‌കി ഓഫ് ദ ഇയർ’ അവാർഡും അമൃത് ഡിസ്റ്റിലറീസ് 2019ലെ സാൻ ഫ്രാൻസിസ്‌കോയിലെ ബാർട്ടെൻഡർ സ്പിരിറ്റ്‌സ് അവാർഡിൽ ‘വേള്‍ഡ് വിസ്‌കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ’ അവാർഡും നേടിയിട്ടുണ്ട്. സിംഗിള്‍ മാള്‍ട്ട് വിസ്കി, ബ്രാണ്ടി, റം, വോഡ്ക, ജിൻ, ബ്ലെൻഡഡ് വിസ്കി, സിൽവർ ഓക്ക് ബ്രാണ്ടി, ഓൾഡ് പോർട്ട് റം തുടങ്ങിയവയെല്ലാം കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍പ്പെടുന്നു.

ENGLISH SUMMARY:

Amrut Distilleries unveils India’s first rum fully made up of jaggery. New venture is the part of company's 75th anniversary.