ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ് അറ്റ്‌ലസിന്‍റെ ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ദക്ഷിണേന്ത്യയുടെ സ്വകാര്യ അഹങ്കാരമായ ഫില്‍ട്ടര്‍ കോഫി. എന്നാല്‍ ഇതാദ്യത്തെ തവണയല്ല ഈ രണ്ടാം സ്ഥാനം കഴിഞ്ഞ തവണത്തെ ലിസ്റ്റിലും ഫില്‍റ്റര്‍ കോഫിയ്ക്കു തന്നെയായിരുന്നു രണ്ടാം സ്ഥാനം.
അതുല്യമായ സ്വാദും കോഫി ഉണ്ടാക്കുന്ന പരമ്പരാഗത രീതിയുമാണ് ഫില്‍റ്റര്‍ കോഫിയെ ജനപ്രിയമാക്കിയത്. ഫിൽറ്റർ കോഫി മെഷിൻ ഉപയോഗിച്ചാണ് കോഫി ഉണ്ടാക്കുന്നത്. രണ്ട് അറകളാണ് ഇതിനുള്ളത്. മുകളിലെ അറയിൽ കോഫി പൗഡർ നിറച്ച് പ്ലഞ്ചർ ഉപയോഗിച്ച് പ്രസ് ചെയ്തുമൂടുന്നു. ശേഷം ചൂടുവെള്ളം ഒഴിച്ച് മൂടിവെക്കുന്നു. താഴത്തെ അറയിലേക്ക് രുചിയൂറും കോഫി ഊർന്നിറങ്ങുന്നു. ഗ്ലാസില്‍ ആവശ്യത്തിന് പാലെടുത്ത് കടുപ്പത്തിന് അനുസൃതമായി ഈ കോഫി ചേര്‍ത്ത് മധുരവും ചേര്‍ത്ത് വിളമ്പാം.
പരമ്പരാഗതമായി, അറബിക്ക അല്ലെങ്കിൽ പീബെറി കോഫി ബീൻസ് ഉപയോഗിച്ചാണ് ഇന്ത്യൻ ഫിൽട്ടർ കോഫി നിർമ്മിക്കുന്നത്. ഡാര്‍ക്ക് റോസ്റ്റ് ചെയ്ത കോഫി ബീൻസ് ചിക്കറിയുമായി യോജിപ്പിക്കുന്നു. ഇതില്‍ 80-90% കോഫിയും 10-20% ചിക്കറിയുമാണ്. ചിക്കറിയുടെ ചെറിയ കയ്പ്പ് കോഫിയുടെ രുചി വർദ്ധിപ്പിക്കുന്നു.
അതേസമയം, ക്യൂബയുടെ എസ്പ്രെസോയാണ് മികച്ച കാപ്പികളുടെ ലിസ്റ്റില്‍ ഒന്നാമത്. എസ്പ്രസ്സോയും ഐസും ചേർന്ന ഗ്രീക്ക് കോഫിയായ എസ്പ്രെസോ ഫ്രെഡോയാണ് മൂന്നാം സ്ഥാനത്ത്. വിയറ്റ്നാമീസ് ഐസ്ഡ് കോഫി, ഗ്രീസിൽ നിന്നുള്ള ഫ്രാപ്പെ, ജർമ്മനിയിലെ ഐസ്‌കാഫി എന്നിവയുൾപ്പെടെ ശ്രദ്ധേയമായ മറ്റ് കോഫികളും ടേസ്റ്റ്അറ്റ്‌ലസ് പട്ടികയിലുണ്ട്.