മലയാളികള്‍ക്ക് പ്രിയപ്പെട്ട പലഹാരങ്ങളിലൊന്നാണ് ഇഡലി. രാവിലെ നല്ല ആവി പാറുന്ന ഇഡലിക്കൊപ്പം സാമ്പാറോ ചമ്മന്തിയോ കൂട്ടിക്കഴിച്ച് കടുപ്പത്തില്‍ ഒരു ചായയും കുടിച്ചാല്‍ മലയാളിയുടെ ദിവസത്തിന് മികച്ച തുടക്കമായി. എന്നാല്‍ ഇഡലിക്കൊപ്പം മറ്റാരും പരീക്ഷിക്കാത്ത 'കോംബോ' പരീക്ഷിച്ച് 'എയറിലായി'രിക്കുകയാണ് ബംഗളൂരുവിലെ ഒരു കട.
ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്ന ഫുഡി ഇന്‍കാര്‍നേറ്റ് എന്ന ഇന്‍സ്റ്റഗ്രാം ചാനലിലൂടെയാണ് ഇഡലിക്കൊപ്പം കറിക്ക് പകരം വ്യത്യസ്ത ഭക്ഷണങ്ങള്‍ ചേര്‍ത്ത് കഴിക്കുന്ന വീഡിയോ പ്രചരിച്ചത്. 'ദക്ഷിണേന്ത്യയിലെ വിചിത്രമായ ഇഡലി'എന്ന തലക്കെട്ടോടെയാണ് ബംഗളൂരുവിലെ ഒരു കടയുടെ വീഡിയോ വ്ലോഗര്‍ പങ്കുവെച്ചിരിക്കുന്നത്.
ഉള്ളിലായി ചോക്ലേറ്റ് നിറച്ചാണ് ഇഡലി ഉണ്ടാക്കുന്നത്. ഇഡലി മുറിക്കുമ്പോള്‍ ഉള്ളില്‍ ചോക്ലേറ്റ് സിറപ്പ് നിറച്ചിരിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇഡലിയുടെ മുകളില്‍ സ്ട്രോബെറി, മാങ്ങ, ലിച്ചി തുടങ്ങിയ ഫ്ലേവര്‍ ജാമുകളും തേക്കുന്നുണ്ട്. ഇതിനു പുറമേ ഐസ്ക്രീമും പ്ലേറ്റില്‍ വിളമ്പും.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 22 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇഡലിക്കൊപ്പം ഇത്തരം വിചിത്ര കോംബോകള്‍ വിളമ്പുന്നതിനെതിരെ നിരവധി ആളുകളാണ് രംഗത്തെത്തിയത്.
ബെംഗളൂരുവില്‍ ഇപ്പോള്‍ നല്ല ഭക്ഷണം കിട്ടുന്ന കടകളെക്കാള്‍ ഇത്തരം വിചിത്ര പരീക്ഷണങ്ങള്‍ നടത്തുന്ന കടകളാണ് കൂടുതലെന്ന് ചിലര്‍ കമെന്‍റ് ചെയ്തു. എന്തിന് കുറയ്ക്കുന്നു? 'കുറച്ച് വെടിമരുന്ന് കൂടി ഇഡലിക്ക് മുകളില്‍ വിതറി കൊടുക്കൂ' എന്നും ഒരു വിരുതന്‍റെ കമെന്‍റ്.