വഴിയോരക്കടയില്‍ നിന്നും മോമോസ് വാങ്ങിക്കഴിച്ച മുപ്പത്തിയൊന്നുകാരി മരണപ്പെട്ടു. പതിനഞ്ചുപേര്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ആശുപത്രിയിലായി. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലാണ് സംഭവം. ഒരേ വിതരണക്കാരനില്‍ നിന്ന് നഗരത്തിലെ വിവിധയിടങ്ങളിലേക്ക് എത്തിച്ച മോമോസ് കഴിച്ചാണ് ആളുകള്‍ ആശുപത്രിയിലായത്.

ബഞ്ചാര ഹില്‍സിലെ പല കടകളില്‍ നിന്നായി മോമോസ് കഴിച്ചവര്‍ക്കാണ് ശാരീരിക അവശതകള്‍ അനുഭവപ്പെട്ടത്. ‘ഡല്‍ഹി മോമോസ്’ എന്ന കടയില്‍ നിന്ന് മോമോസ് കഴിച്ച യുവതിയാണ് മരണപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ചിന്താള്‍ ബസ്തി എന്ന സ്ഥലത്തുനിന്ന് വിതരണത്തിനെത്തിച്ച മോമോസായിരുന്നു ഇത്. ബിഹാറില്‍ നിന്നെത്തിയ ആറുപേര്‍ ചേര്‍ന്ന് മൂന്നുമാസം മുന്‍പാണ് ഇവിടെ മോമോസ് കട തുടങ്ങിയത്. കടകള്‍ പൊലീസ് അടപ്പിച്ചതായാണ് വിവരം.

മോമോസ് കഴിച്ചതിനു പിന്നാലെ മുപ്പതുകാരി അവശയായി വീണു. ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ഇവരുടെ ബന്ധു വ്യക്തമാക്കിയിരിക്കുന്നത്. മോമോസ് കഴിച്ച് ഏകദേശം ഒരു മണിക്കൂറിനകമായിരുന്നു യുവതി അവശയായത്. യുവതിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

മോമോസ് വില്‍പ്പന നടത്തിയ കച്ചവടക്കാരെ സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെയാണ് മോമോസ് വില്‍പ്പന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. കടയില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. വഴിയോരക്കടകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശവും പൊലീസും ഭക്ഷ്യസുരക്ഷാവകുപ്പും മുനിസിപ്പാലിറ്റിയും നല്‍കി. 

ENGLISH SUMMARY:

Fifteen people fell ill after consuming momos from a roadside stall in Hyderabad's Banjara Hills, and a 31-year-old woman reportedly died after eating the snack at a different location in the city.