ഒരു ചോക്കലേറ്റില്‍ എന്തിരിക്കുന്നു എന്നല്ലേ? ചോക്കലേറ്റിലാണ് എല്ലാമെന്ന് ജര്‍മന്‍കാര്‍ ഇപ്പോള്‍ പറയും. 10 മണിക്കൂര്‍ കാത്ത് നിന്ന് 'ദുബായ് ചോക്കലേറ്റ്' സ്വന്തമാക്കിയ യുവാവിനെ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ജര്‍മന്‍കാരാവട്ടെ, നല്ല ചോക്കലേറ്റിന് 10 മണിക്കൂര്‍ നിന്നാലും സീനില്ലെന്ന മട്ടിലാണ്. അതിശയിപ്പിക്കുന്ന കഥയാണ് ദുബായ് ചോക്കലേറ്റിന് പറയാനുള്ളത്.
ദുബായ്ക്കാരിയായ ബ്രിട്ടിഷ്– ഈജിപ്ഷ്യന്‍ സംരംഭകയായ സാറയാണ് 2021 ല്‍ ഈ പിസ്ത ക്രീം ഉള്ളില്‍ നിറച്ച് തയ്യാറാക്കുന്ന ഈ ചോക്കലേറ്റ് ആദ്യമായി ഉണ്ടാക്കിയത്. അതും ഒരു ഗര്‍ഭകാലക്കൊതിയുടെ പേരിലാണെന്ന് സാറ പറയുന്നു. രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മധുരം കഴിക്കാന്‍ വല്ലാതെ സാറയ്ക്ക് കൊതി തോന്നി. ഭര്‍ത്താവിനെ ദുബായിലെ ബേക്കറിയിലേക്ക് പറഞ്ഞുവിട്ട് സര്‍വ ചോക്കലേറ്റുകളും വാങ്ങിപ്പിച്ചുവെങ്കിലും ഒന്നും ഒരു തൃപ്തി നല്‍കിയില്ല. ഒടുവില്‍ അമ്മ പണ്ട് ഉണ്ടാക്കി നല്‍കിയ മധുരരുചി ഓര്‍ത്തെടുത്ത് ചോക്കലേറ്റിനുള്ളില്‍ നിറച്ച് പിസ്ത ക്രീമും ആവോളം ചേര്‍ത്ത് ഉണ്ടാക്കിയെടുത്തതാണ് ഇന്ന് യൂറോപ്പിന്‍റെ മനം കവരുന്നത്.
സാറ പറഞ്ഞ റെസിപ്പി അനുസരിച്ച് രണ്ട് മാസം മുന്‍പ് അലി ഫക്രോയെന്നയാള്‍ ബര്‍ലിനിലെ സ്വന്തം ബേക്കറിയില്‍ ഇതേ ചോക്കലേറ്റ് ഉണ്ടാക്കിയെടുത്തു. പരീക്ഷണാടിസ്ഥാനത്തില്‍ ഉണ്ടാക്കിയതായതിനാല്‍ വെറും 20 ചോക്കലേറ്റ് മാത്രമാണ് ആദ്യ ദിവസം ഉണ്ടാക്കിയത്. പക്ഷേ അലിയെ അമ്പരപ്പിച്ച് 20 ഉം വിറ്റുപോയി. അടുത്ത ദിവസം 50 ആയി വര്‍ധിപ്പിച്ചു. അതും ചൂടപ്പം പോലെ വിറ്റു തീര്‍ന്നു. അലിയുടെ ബേക്കറിക്ക് മുന്നില്‍ ആളുകള്‍ ചോക്കലേറ്റ് വാങ്ങാന്‍ തിക്കിത്തിരക്കി.
ലോകമെങ്ങും വൈറലായ രുചിക്കൂട്ടാണ് ദുബായ് ചോക്കലേറ്റിന്‍റേത്. എന്നാല്‍ ഒന്നിനും യഥാര്‍ഥ ടേസ്റ്റങ്ങോട്ട് ലഭിച്ചിരുന്നതുമില്ല. അലിയുടെ ചോക്കലേറ്റ് ആ കുറവ് നികത്തിയതോടെയാണ് ബര്‍ലിന്‍ ഒന്നടങ്കം ബേക്കറിയിലേക്ക് ഒഴുകിയെത്തിയത്. സംഭവം ക്ലിക്കായത് കണ്ട പ്രമുഖ സ്വിസ് ചോക്കലേറ്റ് നിര്‍മാതാക്കളായ 'ലിന്‍ഡ്' അവരുടെ വക ദുബായ് ചോക്കലേറ്റ് ജര്‍മന്‍ വിപണിയിലേക്ക് എത്തിച്ചു. മഞ്ഞുപെയ്ത് എല്ല് കൂട്ടിയിടിക്കുന്ന തണുപ്പത്ത് ആളുകള്‍ ക്യൂ നിന്ന് ചോക്കലേറ്റ് വാങ്ങി മടങ്ങുകയാണിപ്പോള്‍. 45 കിലോ ദുബായ് ചോക്കലേറ്റുമായി ജര്‍മനിക്ക് പോകാന്‍ എയര്‍പോര്‍ട്ടിലെത്തിയ യുവാവിനെ കഴിഞ്ഞയാഴ്ച സ്വിസ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.
20 യൂറോ (ഏകദേശം 1758 രൂപ) നല്‍കിയാലാണ് ഒരു ചോക്കലേറ്റ് വാങ്ങാനാവുക. ലിന്‍ഡിന്‍റെ സ്റ്റുറ്റ്ഗട്ടിലെ ഔട്ട്ലറ്റില്‍ നിന്നും 10 മണിക്കൂര്‍ കാത്ത് ചോക്കലേറ്റ് വാങ്ങിയ ലിയോയുടെ സന്തോഷം എന്തായാലും ലോകം ഏറ്റെടുക്കുകയാണ്. ജര്‍മനിക്ക് പുറമെ ഫ്രാന്‍സിലും തരംഗമാവുകയാണ് ദുബായ് ചോക്കലേറ്റ്. 15–20 യൂറോയാണ് യഥാര്‍ഥ ചോക്കലേറ്റിന്‍റെ വിലയെങ്കിലും 300 യൂറോയ്ക്ക് വരെ ഓണ്‍ലൈനില്‍ ദുബായ് ചോക്കലേറ്റ് വിറ്റുപോകുന്നുണ്ടെന്ന് ആളുകള്‍ പറയുന്നു.