nasa-0food

AI Generator Image

ബഹിരാകാശയാത്രകള്‍ അപകടകരവും അതേസമയം കൗതുകകരവുമാണ്. കടുത്ത നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് ഓരോ ബഹിരാകാശസഞ്ചാരിയും ബഹിരാകാശനിലയത്തില്‍ കഴിയുന്നത്. എന്തിനേറെ പറയുന്നു ഭക്ഷണകാര്യത്തില്‍പ്പോലും ബഹിരാകാശസഞ്ചാരികള്‍ കൃത്യമായ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട‌്. ബഹിരാകാശനിലയത്തില്‍ അനുവദിനീയമായതും അല്ലാത്തതുമായ ഭക്ഷണങ്ങളുണ്ട്. ഭൂമിയില്‍ നമ്മള്‍ ഏറ്റവും അധികം കഴിക്കുന്ന ബ്രഡിനും പാലിനും ബഹിരാകാശത്ത് 'നോ എന്‍ററി'യാണ്.  ഇത്തരത്തില്‍ ബഹിരാകാശയാത്രകളില്‍ നാസ വിലക്കിയ 8 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം.

ബ്രഡ്

bread-food

AI Generator Image

വളരെ എളുപ്പത്തില്‍ കഴിക്കാവുന്നതും യാത്രകളില്‍ ഏറ്റവുമധികം കയ്യില്‍ കരുതുന്നതുമായ ബ്രഡിന് ബഹിരാകാശ നിലയത്തില്‍ പ്രവേശനമില്ല എന്നത് കൗതുകമുണര്‍ത്തുന്ന കാര്യമാണ്. അതിന് പിന്നില്‍ നാസ പറയുന്ന കാര്യമിതാണ് ബ്രഡ് കഴിക്കുമ്പോള്‍ അതില്‍ നിന്നും വീഴുന്ന പൊടികള്‍ (ബ്രഡ് ക്രംസ്) ബഹിരാകാശനിലയത്തില്‍ പലപ്രശ്നങ്ങള്‍ കാരണമായേക്കാം. മൈക്രോഗ്രാവിറ്റിയില്‍ ഈ ബ്രഡ് പൊടികള്‍ പറന്നുനടക്കാന്‍ സാധ്യത ഏറെയാണ്. പറന്നുനടക്കുന്ന ബ്രഡ് പൊടികള്‍ ബഹിരാകാശ സഞ്ചാരികള്‍ ശ്വസിച്ചാല്‍ ചുമ തുമ്മല്‍ തുട‌ങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. കൂടാതെ എയര്‍ ഫില്‍റ്ററുകള്‍ക്കുളളില്‍ ബ്രഡ് പൊടികള്‍ തങ്ങിനില്‍ക്കാനും അതിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാനും സാധ്യതയേറെയാണ്. അതിനാല്‍ ബ്രഡിന് പകരം ‌ടോര്‍ട്ടില്ലയാണ് നാസ ബഹിരാകാശസഞ്ചാരികള്‍ക്ക് നല്‍കിവരുന്നത്.

ഉപ്പും കുരുമുളകും

AI Generator Image

ഭക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് ഉപ്പ്. ഈ ഉപ്പിനൊപ്പം കുരുമുളകിനും പ്രവേശനം നിഷേധിക്കുകയാണ് നാസ. ഭക്ഷണത്തില്‍ ഉപ്പും കുരുമുളകും വിതറുന്നത് ബഹിരാകാശപേടകത്തിന്‍റെ/ബഹിരാകാശനിലയത്തിന്‍റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയേക്കാം. ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോള്‍ ഉപ്പിന്‍റെയും കുരുമുളകിന്‍റെയും തരികള്‍ ബഹിരാകാശനിലയത്തില്‍ പറന്നുനട‌ക്കും ഇവ ഭക്ഷണത്തിലേക്ക് വീഴുകയുമില്ല. ഇങ്ങനെ പറന്നുനടക്കുന്ന തരികള്‍ ബഹിരാകാശനിലയത്തിന്‍റെ വെന്‍റിലേഷന്‍ സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. മാത്രമല്ല ഇവ ബഹിരാകാശസഞ്ചാരി ശ്വസിക്കും വഴി ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. അതിനാല്‍ ഉപ്പും കുരുമുളകും ബഹിരാകാശനിലയത്തില്‍ അനുവദിനീയമല്ല. എന്നാല്‍ രുചിയുളള ഭക്ഷണം കഴിക്കാന്‍ നാസ മറ്റൊരുവഴി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഉപ്പും കുരുമുളകും അതേപടി കൊണ്ടുപോകുന്നതിനുപകരം ദ്രാവകരൂപത്തില്‍ കൊണ്ടുപോകാം. ഈ ലായനി ബഹിരാകാശസഞ്ചാരികള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാം.

കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍\സോഡ

AI Generator Image

സോഡയടക്കമുളള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ മൈക്രോഗ്രാവിറ്റിയില്‍ പ്രവര്‍ത്തിക്കുന്നത് മറ്റൊരുതരത്തിലാണ്. ബഹിരാകാശനിലയത്തില്‍ വച്ച് ഒരു സോഡയോ അത്തരം ഡ്രിങ്കുകളോ നിങ്ങള്‍ തുറക്കുമ്പോള്‍ അതിലെ കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറത്തേയ്ക്ക് വരുന്നതിനുപകരം അതിലെ ദ്രാവകത്തില്‍ തന്നെ തങ്ങിനില്‍ക്കും. അതായത് മൈക്രോഗ്രാവിറ്റിയില്‍ കുപ്പിക്കുളളിലെ വാതകവും ദ്രാവകവും രണ്ടാകാതെ കുപ്പിക്കുളളില്‍തന്നെ തങ്ങിനില്‍ക്കും. ഇത് കുടിക്കുന്നത് ബഹിരാകാശസഞ്ചാരികള്‍ക്ക് ഗ്യാസ് അടക്കം പലഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അതിനാലാണ് ബഹിരാകാശദൗത്യങ്ങളില്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ നാസ അനുവദിക്കാത്തത്.

പാല്‍

AI Generator Image

ദീര്‍ഘനാള്‍ സൂക്ഷിക്കാന്‍ കഴിയാത്തവയാണ് ഫ്രഷ് മില്‍ക്ക് .  പെട്ടെന്ന് ചീത്താകുന്നതിനാലും അവ കളയാന്‍ ബുദ്ധിമുട്ടായതിനാലും പാലിനും നാസ വിലക്കേര്‍പ്പെ‌‌ടുത്തിയിരിക്കുകയാണ്. അതേസമയം മറ്റൊരു ബദല്‍മാര്‍ഗം നാസ തന്നെ മുന്നോട്ടുവയ്ക്കുന്നുണ്ട്. പൗഡേര്‍ഡ് മില്‍ക്ക് അഥവാ നല്ലപോലെ പാസ്ചറൈസ് ചെയ്ത പാലുപയോഗിക്കാം. ഷെല്‍ഫ് ലൈഫ് (ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നവ) ഉളള പാല്‍ ബഹിരാകാശ ‍സഞ്ചാരികള്‍ക്ക് ഉപയോഗിക്കാം. 

മദ്യം

AI Generator Image

മദ്യത്തിന് ക‌ടുത്തവിലക്കാണ് നാസ ഏര്‍പ്പെട‌ുത്തിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ സോവിയറ്റ് ബഹിരാകാശദൗത്യങ്ങളില്‍ മദ്യത്തിന് അനുമതിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ നാസ മദ്യത്തിന് അനുമതി നല്‍കുന്നില്ല. ബഹിരാകാശനിലയത്തിന്‍റെ വാട്ടര്‍ റീസൈക്ലിങ് സിസ്റ്റം അനുസരിച്ച് മദ്യത്തെ റീസൈക്കിള്‍ ചെയ്യുക പ്രായോഗികമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ മദ്യത്തിന്‍റെ ഉപയോഗം ബഹിരാകാശ സഞ്ചാരികളുടെ ദൗത്യത്തിനെ ബാധിക്കാനും ടീം വര്‍ക്കിനെ ബാധിക്കാനും സാധ്യതയുണ്ടെന്ന് നാസ ചൂണ്ടിക്കാണിക്കുന്നു. 

ഇലക്കറികള്‍

AI Generator Image

പെട്ടെന്ന് വാടിപ്പോകുന്നതും നശിച്ചുപോകുന്നതുമായ ചീരയടക്കമുളള ഇലക്കറികള്‍ക്കും നാസ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്കറികള്‍ നന്നാക്കുമ്പോള്‍ അവയില്‍ നിന്നും വീഴുന്ന ചെറിയ ഭാഗങ്ങള്‍ ബ്രഡ്, ഉപ്പ് എന്നിവ പോലെ തന്നെ ബഹിരാകാശനിലയത്തില്‍ പറന്നുനട‌ക്കാനും വെന്‍റിലേഷന്‍ സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന് നാസ പറയുന്നു. ഈ അടുത്തകാലത്തായി ബഹിരാകാശനിലയത്തിനുളളില്‍ ലെറ്റ്യൂസ് വളര്‍ത്താനാകും എന്ന കണ്ടുപിടിച്ചിരുന്നു. അതിനാല്‍ ചിലപ്പോള്‍ ഭാവിയില്‍ ഇലക്കറികള്‍ സ്പേസ് ഡയറ്റിന്‍റെ ഭാഗമാകാനും സാധ്യതയുണ്ട‌്.

പരമ്പരാഗത ഐസ്ക്രീം

AI Generator Image

സാധാരണ ഐസ്ക്രീമിന്‍റെ ഉപയോഗം ബഹിരാകാശത്ത് പ്രായോഗികമല്ല. അതിനാല്‍ നാസ ബഹിരാകാശസഞ്ചാരികള്‍ക്ക് നല്‍കുന്ന ഡ്രൈഡ് ഐസ്ക്രീമാണ്. സാധാരണ ഐസ്ക്രീം സൂക്ഷിക്കാനുളള ഫ്രജോ മറ്റ് ഉപകരണങ്ങളോ ബഹിരാകാശനിലയത്തിലില്ല. അതിനാല്‍ സാധാരണ ഐസ്ക്രീമും നാസ ബാന്‍ ചെയ്തു.

മല്‍സ്യവും മറ്റ് രൂക്ഷഗന്ധമുളള ഭക്ഷണങ്ങളും

AI Generator Image

അട‌ച്ച്മൂടിയ മുറിയ്ക്കുളളില്‍ ദുര്‍ഗന്ധം വന്നാല്‍ അത് പോകാന്‍ ബുദ്ധിമുട്ടാണ് .  ബഹിരാകാശ നിലയത്തിന്‍റെയും കാര്യവും അങ്ങിനെ തന്നെ . ബഹിരാകാശനിലയത്തിനകത്ത് മല്‍സ്യത്തിന്‍റെയും മറ്റ് രൂക്ഷഗന്ധമുളള ഭക്ഷണങ്ങളുട‌െയും ഉപയോഗം ദുര്‍ഗന്ധത്തിന് കാരണമാകും. ഇത്തരം ദുര്‍ഗന്ധം സഹിരാകാശസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നുമാത്രമല്ല അവരു‌ടെ ഗന്ധവും രുചിയും അറിയാനുളള കഴിവിനെ സാരമായി ബാധിക്കുമെന്നും നാസ പറയുന്നു. മൈക്രോ ഗ്രാവിറ്റിയില്‍ ‌അഥവാ സീറോ ്ഗ്രാവിറ്റിയില്‍ സുരക്ഷിതമായി ഉപയോഗിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് മാത്രമാണ് നാസ അനുമതി നല്‍കിയിരിക്കുന്നത്.

ENGLISH SUMMARY:

8 Foods Banned in Space by NASA