പണത്തിന്‍റെ മൂല്യത്തെക്കുറിച്ചോ ഉപയോഗിക്കുന്ന സാധനങ്ങളുടെ വിലയെക്കുറിച്ചോ ഒന്നും തന്നെ കാര്യമായ ധാരണയില്ലാത്തവരായിരിക്കും ഇന്നത്തെ കുട്ടികളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ മകന്‍ സായിയുടെ പിറന്നാളിനോടനുബന്ധിച്ച് ചില ജീവിത പാഠങ്ങളുടെ നേരനുഭവം മകന് പകര്‍ന്ന് നല്‍കുകയാണ് മലയാളികളുടെ ഇഷ്ടതാരം നവ്യ നായര്‍.കുട്ടികള്‍ അടിസ്ഥാന പരമായി അറിഞ്ഞിരിക്കേണ്ട ഈ പാഠം മകനെ പഠിപ്പിക്കാനായി വ്യത്യസ്തമായ ഒരു വഴിയാണ് താരം കണ്ടെത്തിയത്.

എല്ലാ ജന്മദിനങ്ങളിലും മകന് ഏറ്റവും ഇഷ്ടമുള്ള സാധനങ്ങള്‍ അവനുമായി ഒരുമിച്ച് കടയിലെത്തി വാങ്ങി നൽകുകയാണ് പതിവെങ്കിൽ, ഇത്തവണ അവന് ഒരു തുക നൽകി തനിച്ചു ഷോപ്പിങ്ങിനു പറഞ്ഞയക്കുകയാണ് താരം ചെയ്തത്. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് നവ്യ രസകരമായ ഈ വിഡിയോ പങ്കുവെച്ചത്. ഇരുപത്തിയയ്യായിരം രൂപയാണ് നവ്യ സായിക്ക് നല്‍കിയത്.ഇഷ്ടമുള്ളത് വാങ്ങിക്കൊള്ളാനും പറഞ്ഞു.

അടുത്തിടെ ബോക്സിംങ്ങിന് ചേര്‍ന്നത് കൊണ്ടു തന്നെ സായ് ആദ്യം തിരഞ്ഞെടുത്തത് പഞ്ചിങ് ബാഗും ഗ്ലൗസുമാണ്. കൂടെ ഹോം ജിമ്മിലേക്കു ആവശ്യമുള്ള കുറച്ചു ഉപകരണങ്ങൾ വേറെയും വാങ്ങിയിട്ടുണ്ട്. വീട്ടില്‍ പഞ്ചിങ് ബാഗ്‌ ഉപയോഗിക്കുന്നതിനായുള്ള സൗകര്യങ്ങൾ ഉണ്ടോ എന്നും ബോക്സിങ് ക്ലാസ് കഴിഞ്ഞു ക്ഷീണിതനായി എത്തുന്ന സായ് അതു പിന്നീട് ഉപയോഗിക്കുമോ എന്നുമായിരുന്നു മടങ്ങിയെത്തിയ മകനോടുള്ള നവ്യയുടെ ചോദ്യം. എന്തായാലും വാങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചില്ലെങ്കിൽ അതിനായി ചെലവാക്കിയ തുക മകന്‍റെ സമ്പാദ്യത്തില്‍ നിന്നും തിരിച്ചെടുക്കുമെന്നും നവ്യ പറയുന്നു.

എന്നാല്‍ പിറന്നാള്‍ ദിനത്തിലെ സായി മറ്റൊരു തീരുമാനം കൂടിയെടുത്തു. അമ്മ നല്‍കിയ തുകയില്‍ നിന്നും മിച്ചമുള്ളതും തന്‍റെ കയ്യിലുള്ള പണവും കൂട്ടിച്ചേര്‍ത്ത് ഗാന്ധി ഭവനിലേക്ക് സംഭാവന നൽകാമെന്നായിരുന്നു പിറന്നാൾ ദിനത്തിലെ സായിയുടെ തീരുമാനം. ആ തീരുമാനം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും നന്മയുള്ള മനുഷ്യനായി, മറ്റുള്ളവരുടെ ദുഃഖം കണ്ടാൽ തിരിച്ചറിയുന്നവനായി സായ് വളരണമെന്നാണ് തന്‍റെ പ്രാർത്ഥനയെന്നും വിഡിയോയില്‍ നവ്യ പറയുന്നു. നവംബര്‍ 22 നാണ് സായിയുടെ പതിനാലാം പിറന്നാള്‍.

ENGLISH SUMMARY:

Navya teaches her son a life lesson