ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തയ്ക്വാൻഡോ പരിശീലകയായി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി മധുരയിൽ നിന്നുള്ള ഏഴുവയസ്സുകാരി സംയുക്ത നാരായണൻ. രാജ്യമെമ്പാടുമുള്ള യുവ കായികതാരങ്ങൾക്ക് പ്രചോദനമായിരിക്കുകയാണ് ഈ ഏഴ് വയസുകാരി. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും പ്രായം കുറഞ്ഞ തയ്ക്വാൻഡോ ഇൻസ്ട്രക്ടറായി ഔദ്യോഗികമായി സംയുക്ത അംഗീകരിക്കപ്പെട്ടത്.
മധുരയിലെ മറ്റു കുട്ടികള്‍ക്കു കൂടി പ്രചോദനമാണ് ഏഴുവയസ്സുകാരി എന്ന കുറിപ്പോടെയാണ് വേൾഡ് റെക്കോർഡ്‌സ് ഇൻസ്റ്റാഗ്രാമിൽ വാർത്ത പങ്കിട്ടത്. പാരമ്പര്യമായി തയ്ക്വാൻഡോയില്‍ കയ്യൊപ്പ് പതിപ്പിച്ചവരാണ് കടുംബം. സംയുക്തയുടെ മാതാപിതാക്കളായ ശ്രുതി, നാരായണൻ എന്നിവർ മധുരൈ തായ്‌ക്വോണ്ടോ അക്കാദമി നടത്തുകയും നിരവധി ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നാം വയസ്സിൽ സംയുക്ത തന്റെ അച്ഛന്റെ കൂടെയാണ് തയ്ക്വാൻഡോ പരിശീലിക്കാൻ തുടങ്ങിയത്. അച്ഛനും അമ്മയുമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. ഞങ്ങളുടെ വീട്ടിലെ ചുമരുകളിൽ തൂക്കിയിട്ടിരിക്കുന്ന അവരുടെ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകളെ ഞാൻ വളരെയധികം ആരാധിച്ചിരുന്നു. അതിനാല്‍ ഗിന്നസ് റെക്കോര്‍ഡ് നേടുകയും സർട്ടിഫിക്കറ്റ് അതേ ചുമരിൽ തൂക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം എന്നും സംയുക്ത പറഞ്ഞു.
ദിവസവും രണ്ട് മണിക്കൂറാണ് സംയുക്ത തയ്ക്വാൻഡോയ്ക്കായി നീക്കിവയ്ക്കുന്നത്. മനസറിഞ്ഞ കഠിനാധ്വാനമാണ് കൊറിയയിലെ വേൾഡ് തയ്ക്വാൻഡോ ആസ്ഥാനത്ത് നിന്ന് ബ്ലാക്ക് ബെൽറ്റ് നേടാൻ സംയുക്തയെ സഹായിച്ചത്. 5 കിലോമീറ്റർ ഓട്ടം, ഒന്നിലധികം വ്യായാമങ്ങൾ, മുഴുവൻ തായ്‌ക്വോണ്ടോ സിലബസിലും പ്രാവീണ്യം എന്നിവയെല്ലാം കടന്നാണ് ഈ ഏഴ് വയസുകാരി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.