temple-pic

വര്‍ഷം മുഴുവന്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ക്ഷേത്രമുണ്ട് മലപ്പുറം പെരിന്തല്‍മണ്ണയില്‍. ശ്രീകോവിലും പ്രദക്ഷിണവഴിയും നമസ്കാരമണ്ഡപവുമടക്കം വെള്ളത്തില്‍ സ്ഥിതിചെയ്യുന്ന അരക്കുപറമ്പ് വെളിങ്ങോട് അര്‍ദ്ധനാരീശ്വരക്ഷേത്രം.  അപൂര്‍വതകള്‍കൊണ്ടും ശ്രദ്ധേയമാണ് ക്ഷേത്രം.

 

പാടവും തോടും നീര്‍ച്ചാലും ചേര്‍ത്ത് പ്രകൃതിയൊരുക്കിയ വിസ്മയം. ചുറ്റോടുചുറ്റും തെളിനീരുറവ അങ്ങനെനിറഞ്ഞു നില്‍ക്കും. കൊടും വേനലിലും വറ്റാത്ത ഈ തെളിനീരുറവയാണ് വെളിങ്ങോട് അര്‍ദ്ധനാരീശ്വരക്ഷേത്രത്തിന്‍റെ സൗന്ദര്യം. ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥലത്ത്  ഒരു യോഗി തപസു ചെയ്തെന്നും ജലത്തില്‍ ശ്രീപാര്‍വതി സാന്നിധ്യമുണ്ടെന്ന് വെളിപാടുണ്ടായെന്നാണ് ഐതീഹ്യം. അന്നുമുതല്‍ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ ഇവിടെ ആരാധന തുടങ്ങി. അങ്ങനെ യോഗിക്ക് വെളിപാടുണ്ടായ സ്ഥലം ലോപിച്ച് വെളിങ്ങോടായി. 

ക്ഷേത്ര ചിറയുടെ അടിയില്‍ നെല്ലിപ്പലക പാകിയിട്ടുണ്ട്, ഒറ്റക്കല്ലില്‍ തീര്‍ത്ത 32 അടി ഉയരമുള്ള കൊടിമരമാണ് മറ്റൊരു പ്രത്യേകത. ശിവരാത്രിക്ക് മുറ്റത്തെ ജലം വറ്റിച്ച് അര്‍ദ്ധരാത്രി വിഗ്രഹത്തില്‍ അഭിഷേകം നടത്തും. ഈ സമയം മാത്രമെ വിഗ്രഹം നേരില്‍ ദര്‍ശിക്കാനാകു. ശിവരാത്രിനാളിലെ അത്യപൂര്‍വമായ യാമപൂജ മിഥുനത്തിലെ മകം നാളിലെ ആയിരത്തെട്ടുകുടം ജലാഭിഷേകം ധനുവിലെ മകം നാളിലെ ഉത്സവം എന്നിവയാണ് പ്രധാന ആഘോഷങ്ങള്‍. 

ENGLISH SUMMARY:

Ardhanareeswara Temple in Kerala is surrounded by water throughout the year