dangerous-countries

AI Generated Images

ഒരു രാജ്യത്തെ വിലയിരുത്തുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീ സുരക്ഷ. നോര്‍വേ, ഫിന്‍ലന്‍റ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍റ്, എന്നിവയെല്ലാം സ്ത്രീ സുരക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ്. ഒരു രാജ്യത്തെ സ്വദേശികളും വിദേശികളുമായ സ്ത്രീകള്‍ എത്രമാത്രം സുരക്ഷിതരാണ് എന്ന് വിലയിരുത്തിയാണ് ഇക്കാര്യം നിര്‍ണയിക്കുന്നത്.  എന്നാല്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത ഒട്ടേറെ രാജ്യങ്ങള്‍ ഭൂമുഖത്തുണ്ട്. അക്കൂട്ടത്തില്‍ ഇന്ത്യയുമുണ്ട് എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവിധ  രാജ്യാന്തര ഏജന്‍സികള്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്ക

സ്ത്രീകള്‍ തീരെ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ദക്ഷിണാഫ്രിക്കയ്ക്കാണ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യം കൂടിയാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കന്‍ തെരുവുകള്‍ സ്ത്രീകളൊട്ടും  സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വേള്‍ഡ് പോപുലേഷന്‍ റിവ്യു റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണാഫ്രിക്കയിലെ  75% സ്ത്രീകളും ഒറ്റക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നു. തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്ത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമങ്ങള്‍, എന്നിവയെല്ലാം ഇവിടെ കൂടുതലാണ്. 

സൊമാലിയ

മതപരവും സാംസ്കാരികവുമായ ഒട്ടേറെ കാരണങ്ങള്‍ കൊണ്ടും , ആഭ്യന്തര കലാപങ്ങള്‍ കൊണ്ടും  സൊമാലിയയിലെ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല. ദരിദ്രരാജ്യം കൂടിയായ സൊമാലിയയില്‍ സ്ത്രീകള്‍ക്ക് കൃത്യമായി ഭക്ഷണമോ അടിസ്ഥാന വിദ്യാഭ്യാസമോ ലഭിക്കുന്നുമില്ല.  പാരമ്പര്യമായി തുടര്‍ന്നുപോകുന്ന ചില ആചാരങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണമാകുന്നു. ചേലാകര്‍മം പോലുളള കാലഹരണപ്പെട്ട മതാചാരങ്ങള്‍ക്ക് ഇപ്പോഴും  ഇവിടെ നിര്‍ബന്ധിതമാണ്.  പുരുഷാധിപത്യം വലിയ രീതിയല്‍ തന്നെ നിലനില്‍ക്കുന്ന രാജ്യമായതിനാലും നിയമപരിരക്ഷ ലഭിക്കാത്തതും സൊമാലിയയെ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യമാക്കിമാറ്റുന്നു. 

അഫ്ഗാനിസ്ഥാന്‍

ആഭ്യന്തര കലാപങ്ങളും രാഷ്ട്രീയ അസ്ഥിരതയും ഏറെ കാലമായി അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ വേട്ടയാടുകയാണ്. സ്വദേശികള്‍ മാത്രമല്ല ഇന്നാട്ടിലെത്തുന്ന വിദേശ വനിതകളും സുരക്ഷിതരല്ലെന്ന് പഠനങ്ങള്‍ പറയുന്നു. താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയതോടെ സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ മോശമായി.   സ്വതന്ത്ര്യം  എന്നത് അഫ്ഗാന്‍ സ്ത്രീകളെ സംബന്ധിച്ച് സ്വപ്നം മാത്രമാണ്.  സ്വതന്ത്രമായി ജിവിക്കാനോ വിദ്യാഭ്യാസം നേടാനോ സാധിക്കുന്നില്ലെന്ന് മാത്രമല്ല, ആരോഗ്യ പരിരക്ഷ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ക്ക് പരാതികള്‍ കേള്‍ക്കാന്‍  അഫ്ഗാനില്‍ സംവിധാനങ്ങളുമില്ല. 

യെമന്‍

വര്‍ഷങ്ങളായി നടക്കുന്ന ആഭ്യന്തരയുദ്ധം അശാന്തമാക്കിയ യെമനില്‍ സ്ത്രീകള്‍ വലിയതോതില്‍ ചുഷണം ചെയ്യപ്പെടുന്നതായാണ് പഠന റിപ്പോര്‍ട്ട്.  സ്ത്രീകള്‍ക്ക് ആവശ്യമായ നിയമസംരക്ഷണമോ ആരോഗ്യ പരിരക്ഷയോ ഇവിടെ  ലഭിക്കുന്നില്ല. യെമനിലെത്തിയ വിദേശ വനിതകള്‍ക്കെതിരെ വലിയ തോതില്‍ അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിണ്ട് . യെമനിലെ സ്ത്രീ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി മാറ്റുന്ന മറ്റൊന്ന് മതസംഘടനകളുടെ സ്വാധീനമാണ്.  സ്ത്രീകള്‍ക്ക് ശബ്ദിക്കാനുള്ള സ്വാതന്ത്രം തീരെയില്ലെന്നതും രാജ്യത്തെ സ്ത്രീ സുരക്ഷയില്‍ പിന്നിലാക്കുന്നു. രാഷ്ട്രീയ അസ്ഥിരത, താഴ്ന്ന ജീവിതനിലവാരം,  ഭീകരവാദം , ആഭ്യന്തരസംഘര്‍ഷം എന്നിവ  രാജ്യത്തെ സ്ത്രീസുരക്ഷ ഒട്ടുമില്ലാത്ത ഇടമാക്കി മാറ്റി.

കോംഗോ

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് കോംഗോ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ആഭ്യന്തര കലാപങ്ങളും രാജ്യത്തെ സത്രീ സുരക്ഷയില്ലാതാക്കി. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയാവുന്നതും കൂട്ടക്കൊല ചെയ്യപ്പെടുന്നതും കോംഗോയിലെ  പതിവ്  കാഴ്ച്ചയായി മാറി. യുദ്ധങ്ങളില്‍ മനുഷ്യകവചമായി പോലും സ്ത്രീകള്‍ ഉപയോഗിക്കപ്പെടുന്നു എന്നതും കോംഗോയെ കൂടുതല്‍ അപകടകരമായ ഇടമാക്കി മാറ്റുന്നു.

ഇന്ത്യ

സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഏക്കാലത്തും ഇടം പിടിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് തോംസണ്‍ റോയിറ്റേഴ്സ് ഫൗണ്ടേഷന്‍ പോളും വ്യക്തമാക്കുന്നു.  ഇവിടെ സ്ത്രീകള്‍ക്ക്  നേരെയുളള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് രാജ്യാന്തര  റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹിയിലെ നിര്‍ഭയ കേസും, ഹാഥ്റസ് ബലാല്‍സംഗക്കേസും, കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാല്‍സംഗക്കൊലയുമെല്ലാം വിരല്‍ ചൂണ്ടുന്നത് രാജ്യത്തെ സ്ത്രീസുരക്ഷാഭീഷണിയിലേക്കാണ്. വിദേശ വനിതകള്‍ പോലും രാജ്യത്ത് സുരക്ഷിതരല്ലെന്ന് ലിഗയുടെ മരണവും വ്യക്തമാക്കുന്നു. തട്ടിക്കൊണ്ടുപോകല്‍, ലഹരി മാഫിയയുടെ അതിക്രമങ്ങള്‍, ബലാല്‍സംഗക്കൊലകള്‍, ദുരഭിമാനക്കൊല എന്നിങ്ങനെയുളള എല്ലാത്തരം അതിക്രമങ്ങളിലും ഇന്ത്യ മുന്നിലാണെന്നത് ഈ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തന്നതിന് കാരണമായി. 

ENGLISH SUMMARY:

6 most dangerous countries for women in 2024