loganair

TOPICS COVERED

വിമാനയാത്രയെന്നാല്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്നതാണെന്ന തോന്നലപ്പാടെ ഇല്ലാതാക്കുകയാണ് ഒരു കുഞ്ഞന്‍ സ്കോട്ടിഷ് വിമാനം. ഒന്നര മിനിറ്റിനുള്ളില്‍ തീരുന്ന യാത്രകളാണ് ഈ വിമാനത്തിന്‍റെ പ്രത്യേകത. ലോഗാന്‍എയറിന്‍റെ കീഴില്‍ ഓര്‍ക്നി ദ്വീപസമൂഹത്തിലെ വെസ്ട്രെ ആന്‍റ് പാപ്പ വെസ്ട്രേ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വിമാന സര്‍വീസാണിത്.

1.7 മൈല്‍ ദൂരം കടലിനു മുകളിലൂടെയാണ് വിമാനം പറക്കുന്നത്. സ്കോട്ട്ലന്‍ഡിന്‍റെ തലസ്ഥാനമായ എഡിന്‍ബര്‍ഗിലെ എയര്‍പ്പോര്‍ട്ടിന്‍റെ റണ്‍വേ ദൂരത്തിന്‍റെ അത്രയും മാത്രമാണ് ഈ ദൂരം. 1.14 മിനിറ്റാണ് യാത്ര തീരാനെടുക്കുന്ന മിനിമം സമയം. കാലാവസ്ഥ അനുകൂലമാണെങ്കില്‍ വെറും 47 സെക്കന്‍റ് കൊണ്ട് യാത്ര അവസാനിക്കും.

പത്ത് പാസഞ്ചര്‍ സീറ്റുകളുള്ള ബ്രിട്ടണ്‍– നോര്‍മന്‍ ബിഎന്‍2ബി ഐലന്‍ഡര്‍ എയര്‍ക്രാഫ്റ്റാണ് ഇത്. മുന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് പൈലറ്റ് ചെയ്യുന്നതൊക്കെ കാണാനാകും എന്ന പ്രത്യേകതയുമുണ്ട്. വിമാനത്തില്‍ ഭക്ഷണമടക്കം സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഫ്ലൈറ്റ് അറ്റന്‍റന്‍റുമാരുമുണ്ട്. ഇവര്‍ക്ക് സ്വയം പരിചയപ്പെടുത്താനുള്ള സമയം പോലുമുണ്ടാകില്ല എന്നതും തമാശ.

കുഞ്ഞന്‍ ദ്വീപുകളുള്ള ഈ പ്രദേശം വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പാപ്പ വെസ്ട്രെയില്‍ ആകെ 70 ഓളം ആളുകളാണ് താമസിക്കുന്നത്. ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗം ഈ വിമാനസര്‍വീസ് മാത്രമാണ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റുമാണ് പ്രധാനമായും വിമാന സര്‍വീസ് ഇവിടെയുള്ളവര്‍ പ്രയോജനപ്പെടുത്തുന്നത്. 

ENGLISH SUMMARY:

World's most tiny flight service, which took less a minute to complete the journey.