പശ്ചിമഘട്ട മലനിരകളുടെ കാഴ്ചവിരുന്നൊരുക്കുന്ന പാലക്കാട് ശിരുവാണിയിലെ ജംഗിൾ സഫാരി ആറ് വര്‍ഷത്തിന് ശേഷം പുനരാരംഭിച്ചു. വനത്തിലെ ട്രക്കിങ് ഉള്‍പ്പെടെ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ് ശിരുവാണിയിലുള്ളത്. വനംവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്‍ പച്ചപ്പ് തേടിയെത്താം.
ടൂറിസം ഗൈഡിന്റെ സഹായത്തോടെ മുത്തികുളം റിസർവ് വനത്തിലൂടെയുള്ള യാത്ര. ശിരുവാണി ഡാമിന്റെ കാഴ്ചകളും കേരളാമേട്ടിലെ പുൽമേട്ടിലേക്കുള്ള ട്രക്കിങ് ഉൾപ്പെടെ 21 കിലോമീറ്ററിലാണ് പദ്ധതി. പശ്ചിമഘട്ട മലനിരകളുടെ മനോഹാരിതയാണ് പ്രധാന കാഴ്ച. വനമേഖലയില്‍ വിസ്തൃതിയും ജലസമൃദ്ധിയും കൊണ്ട് സമ്പന്നമായ ശിരുവാണി ഡാം. മനസില്‍ സാഹസികത കൂടി സൂക്ഷിക്കുന്നവര്‍ക്ക് യാത്രയുടെ ഭാഗമാവാം.
പാലക്കയത്തെ ഇഞ്ചിക്കുന്ന് വനംവകുപ്പ് ചെക്പോസ്റ്റ് വഴിയുള്ള യാത്ര പുനരാരംഭിച്ചപ്പോള്‍ തമിഴ്നാട്ടുകാരാണ് ആദ്യമെത്തിയത്. മുന്‍കൂറായി അനുമതി നേടുന്നവര്‍ക്കാണ് സ്വന്തം വാഹനത്തില്‍ ശിരുവാണിയിലേക്കെത്താനാവുക. വന്യമൃഗങ്ങളുടെ സഞ്ചാര വഴിയായതിനാല്‍ വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം.