കന്യാകുമാരിയില്‍ കണ്ണാടിപ്പാലം തുറന്നു. വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേയാണ് കടലിന് മീതെയായി കണ്ണാടിപ്പാലം നിര്‍മിച്ചിരിക്കുന്നത്. തിങ്കളാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പാലം ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എംപി തുടങ്ങി പ്രമുഖരുടെ വന്‍നിര തന്നെ ചടങ്ങിന് സാക്ഷ്യം വഹിച്ചു. വര്‍ണ്ണാഭമായ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പാലം സന്ദർശകർക്കായി തുറന്നുകൊടുത്തു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എക്സില്‍ പങ്കുവച്ച കണ്ണാടിപ്പാലത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്. ഇതിനായി തമിഴ്നാട് സര്‍ക്കാര്‍ ചെലവഴിച്ചത് 37 കോടി രൂപയാണ്. 77 മീറ്റര്‍ ദൂരമാണ് പാലത്തിനുള്ളത്. 10 മീറ്റര്‍ വീതിയുളള കണ്ണാടിപ്പാലം 133 അടി ഉയരത്തിലാണുള്ളത്. രണ്ട് സ്മാരകങ്ങള്‍ക്കിടയിലൂടെ കടല്‍ക്കാഴ്ച്ചകള്‍ ആസ്വദിച്ച് ഭൂപ്രകൃതിയും കണ്ട് നടക്കാം എന്നതാണ് ഈ കണ്ണാടിപ്പാലത്തിന്‍റെ പ്രത്യേകത.
കന്യാകുമാരിയില്‍ നിന്ന് വിവേകാനന്ദ സ്മാരകത്തിലേക്കും തുടര്‍ന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്കും പോകാന്‍ വിനോദസഞ്ചാരികള്‍ക്ക് ഫെറി സര്‍വീസ് മാത്രമായിരുന്നു ആശ്രയം. എന്നാല്‍ കണ്ണാടിപ്പാലം വന്നതോടെ യാത്ര കൂടുതല്‍ സുഗമവും ആസ്വാദനവും ആയിത്തീരും.