യാത്ര ആരംഭിക്കുന്നതിന് 60 ദിവസം മുന്‍പ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഒരു ദിവസം മുന്‍പാണ് തല്‍ക്കാല്‍ ബുക്കിങ് ആരംഭിക്കുന്നത്. അവസാന നിമിഷം ട്രെയിന്‍ യാത്രയ്ക്കൊരുങ്ങുന്നവരാണെങ്കില്‍ ട്രെയിനില്‍ ടിക്കറ്റ് കിട്ടാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴിയാണ് കറന്‍റ് ടിക്കറ്റ്. ഐആർസിടിസി (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്‍) റെയില്‍ കണക്ട് ആപ്പിലും വെബ്സൈറ്റിലും കറന്‍റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
ട്രെയിന്‍ ടിക്കറ്റ് ചാർട്ടിങിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന ബെര്‍ത്തുകളിലേക്കാണ് കറന്‍റ് ബുക്കിങ് അനുവദിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുന്‍പ് തയ്യാറാക്കുന്ന ആദ്യത്തെ ചാർട്ടിൽ ഒഴിവുള്ള സീറ്റുകളിലേക്ക് വണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുന്‍പ് വരെ കറന്റ് റിസർവേഷൻ ലഭിക്കും. നേരത്തെ കറന്‍റ് ബുക്കിങില്‍ 10 ശതമാനം നിരക്കിളവുണ്ടായിരുന്നു. 2023 മുതല്‍ കറന്റ് റിസർവേഷനും സാധാരണ റിസർവേഷന്റെ അതേ തുകയാണ് ഈടാക്കുന്നത്.
ഐആര്‍സിടിസി ആപ്പ് വഴി എങ്ങനെ കറന്‍റ് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് നോക്കാം.
* ആപ്പ് ലോഗിന്‍ ചെയ്ത് തുറന്ന് എവിടെ നിന്ന് എവിടേക്കാണ് യാത്ര ചെയ്യേണ്ടതെന്ന് നല്‍കുക.
* കറന്‍റ് ബുക്കിങ് ആയതിനാൽ ട്രെയിന്‍ പുറപ്പെടുന്ന ദിവസമാണ് തീയതിയായി തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന്, 2025 ഫെബ്രുവരി 26 നാണ് ടിക്കറ്റ് വേണ്ടതെങ്കില്‍ പുറപ്പെടുന്ന തീയതിയും സമാനമാകണം. ഇവ നല്‍കി ലഭ്യമായ ട്രെയിനുകള്‍ തിരയാം.
* തിരഞ്ഞെടുത്ത ദിവസം ഈ റൂട്ടിലുള്ള എല്ലാ ട്രെയിനുകളുടെ വിവരങ്ങളും ലഭിക്കും. വേണ്ട ട്രെയിനിന്‍റെ ആവശ്യമായ ക്ലാസ് െസര്‍ച്ച് ചെയ്യാം.
* ലഭ്യമായ ട്രെയിനുകളില്‍ CURR_AVBL എന്ന രീതിയില്‍ ടിക്കറ്റുകള്‍ കാണിക്കും.
26-2-2025 ന് രാത്രി പാലക്കാട് നിന്നും കറന്‍റ് ബുക്കിങില്‍ ലഭ്യമായ ടിക്കറ്റ്
യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള റൂട്ടുകളെ അപേക്ഷിച്ച് തിരക്ക് കുറഞ്ഞ റൂട്ടുകളിൽ കറന്‍റ് ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഓണ്‍ലൈനായി മാത്രമെ കറന്‍റ് ബുക്കിങ് അനുവദിക്കുകയുള്ളൂ. കറന്‍റ് ബുക്കിങില്‍ കണ്‍ഫേം മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. കറന്‍റ് ബുക്ക് ചെയ്ത ടിക്കറ്റില്‍ ബോർഡിങ് പോയിന്‍റ് മാറ്റാന്‍ അനുവദിക്കില്ല.