ഫയല്‍ ചിത്രം
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം പേട്ട, തിരുവന്തപുരം നോര്‍ത്ത്, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിച്ച് ദക്ഷിണ റെയില്‍വേ. ട്രെയിനുകളെ കുറിച്ചും സ്റ്റോപ്പേജുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ തിരുവനന്തപുരം ഡിആര്‍എമ്മിന്‍റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലും ദക്ഷിണ റെയില്‍വേയുടെ ഫെയ്സ്ബുക്ക് ഹാന്‍ഡിലിലും പങ്കുവച്ചിട്ടുണ്ട്.
മാര്‍ച്ച് 13ന് പുറപ്പെടുന്ന കണ്ണൂര്‍– തിരുവനന്തപുരം ജനശദാബ്ദി എക്സ്പ്രസിന് (12081) തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 13ന് ആരംഭിക്കുന്ന മംഗളൂരു സെന്‍ട്രല്‍– തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് തിരുവനന്തപുരം നോര്‍ത്തില്‍ സ്റ്റോ്പ് ഉണ്ടായിരിക്കും. കൂടാതെ 13ന് പുറപ്പെടുന്ന കന്യാകുമാരി കെഎസ്ആര്‍ ബെംഗളൂരു എക്സ്പ്രസിനും (16525) തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് ഉണ്ടായിരിക്കും,
തിരുവനന്തപുരം ജില്ലയില്‍ മാത്രമല്ല, രണ്ട് ട്രെയിനുകള്‍ക്ക് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എറണാകുളം ജംക്ഷന്‍– തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷല്‍ (06077), തിരുവനന്തപുരം സെന്‍ട്രല്‍– എറണാകുളം ജംക്ഷന്‍ സെപെഷല്‍ (06078) എന്നീ ട്രെയിനുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ അധിക സ്റ്റോപ്പുള്ളത്. ഈ രണ്ട് ട്രെയിനുകളും പൊങ്കാല ഉല്‍സവത്തിന്‍റെ ഭാഗമായി എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയില്‍ അനുവദിച്ചിരിക്കുന്ന അണ്‍ റിസര്‍വ്‍ഡ് ട്രെയിനുകളാണ്. മാര്‍ച്ച് 13നായിരിക്കും സര്‍വ്വീസ്.
കൂടാതെ മാര്‍ച്ച് 12നും 13നും തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയിലും സ്പെഷല്‍ സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്. ട്രെയിന്‍ നമ്പര്‍ 06075/06076 തിരുവനന്തപുരം സെന്‍ട്രല്‍– നാഗര്‍കോവില്‍– തിരുവനന്തപുരം സെന്‍ട്രല്‍ അണ്‍റിസര്‍വ്ഡ‍് സ്പെഷല്‍ ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക.
കുംഭ മാസത്തിലെ കാര്‍ത്തികനാളായ മാര്‍ച്ച് 5ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് ആറ്റുകാലില്‍ ഉല്‍സവകാലത്തിന് ആരംഭമായത്. മാര്‍ച്ച് 13 നാണ് ആറ്റുകാൽ പൊങ്കാല. തിരുവനന്തപുരം നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരം മാത്രമാണ് ആറ്റുകാല്‍ ദേവീക്ഷേത്രത്തിലേക്കുള്ളത്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, കിഴക്കേകോട്ട എന്നിവയാണ് അടുത്തുള്ള ബസ് സ്റ്റാന്‍ഡുകള്‍. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്ക് 7 കിലോമീറ്റര്‍ ദൂരമാണുള്ളത്.