അഹമ്മദാബാദ് എഐസിസി സമ്മേളനത്തിലെ ചൂടേറിയ ചർച്ചകൾക്കും ആഞ്ഞടിച്ച ഉഷ്ണതരംഗത്തിനും ഇടയിൽ നിന്ന് രാഹുൽ ഗാന്ധി വച്ചുപിടിച്ചത് രാജസ്ഥാനിലേക്കായിരുന്നു. ആകാംക്ഷയോടെ എല്ലാവരും നോക്കിയ യാത്ര ചെന്നു നിന്ന് സവായ് മാധേപൂരിൽ. അവിടെ എന്തെന്ന ചോദ്യത്തിന് ഉത്തരമായത് വ്യാഴാഴ്ച രാവിലെ 14 കിലോമീറ്റർ അകലെയുള്ള രന്തംബോർ ദേശീയോദ്യാനത്തിലേക്കുള്ള രാഹുൽ ഗാന്ധിയുടെ ജിപ്പ് യാത്ര തുടങ്ങിയപ്പോഴാണ്. പത്തു സോണുകൾ ഉള്ള രന്തംബോറിലെ അഞ്ചു സോണുകളും കടുവകളുടെ വിഹാര കേന്ദ്രങ്ങളാണ്.
വനയാത്രയിൽ ആഗ്രഹിക്കുന്ന മൃഗത്തെ കാണുക ഭാഗ്യമാണെന്നാണ് പറയാറ്. ആ ഭാഗ്യം ഇന്നലത്തെ യാത്രയിൽ രാഹുൽ ഗാന്ധിക്കുണ്ടായി. രന്തംബോറിലെ പ്രശസ്തമായ T-84 എന്ന് ഔദ്യോഗികമായി പേരിട്ട ആരോഹെഡ്, റിദ്ധി എന്നീ കടുവകളെയും കുഞ്ഞുങ്ങളെയും കണാനായി. "രന്തംബോറിന്റെ രാജ്ഞി" എന്നറിയപ്പെടുന്ന മച്‌ലി കടുവയുടെ ചെറുമകളാണ് ആരോഹെഡ്. അപൂർവ കാഴ്ച രാഹുൽ സ്വന്തം മൊബൈലിലിൽ പകർത്തി.
ഗാന്ധി കുടുംബത്തിന്‍റെ രന്തംബോർ സന്ദർശനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഫോട്ടോഗ്രാഫി ഏറെ ഇഷ്ടപ്പെട്ട മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഈ യാത്രക്ക് തുടക്കമിട്ടത്. കടുവകളുടെ ചിത്രം എടുക്കുന്നതിൽ രാജീവ് ഗാന്ധി ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. വിവാഹശേഷം ഈ യാത്രകളിൽ സോണിയാഗാന്ധിയെയും കൂട്ടി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പിറന്നതോടെ അവരും ഈ യാത്രയുടെ ഭാഗമായി. പിതാവിന്‍റെ മരണശേഷവും അവർ ആ യാത്ര തുടർന്നു.
പ്രിയങ്ക ഗാന്ധിയും കുടുംബവും ഇവിടെ സ്ഥിരം സന്ദർശകരാണ്. 2024 ഡിസംബറിൽ, വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ, ഭർത്താവ് റോബർട്ട് വാദ്ര, മക്കളായ റെയ്ഹാൻ, മിരായ വാദ്ര, അമ്മായിയമ്മ മൗറീൻ വാദ്ര എന്നിവരോടൊപ്പം പ്രിയങ്ക രന്തംബോർ സന്ദർശിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്ര രന്തംബോർ സന്ദർശനത്തിനിടെ എടുക്കുന്ന കടുവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.