TOPICS COVERED

സ്വന്തമായി ഒരു വീടെന്നത് സ്വപനം കാണാത്തവരായി ആരും ഉണ്ടാവില്ല. വര്‍ഷങ്ങളോളം അധ്വാനിച്ച് പണം സ്വരൂപിച്ചാണ് പലരും സ്വന്തമായി വീടു വെക്കുന്നത്. എത്രയൊക്കെ പണം സ്വരുക്കൂട്ടി വെക്കാന്‍ തീരുമാനിച്ചാലും ചെലവുകൾ വർധിക്കുന്നതനുസരിച്ച് പണം സൂക്ഷിച്ചുവയ്ക്കാനും സാധിക്കാതെവരാം.അതുകൊണ്ടുതന്നെ മിക്കവര്‍ക്കും വീടെന്നത് വര്‍ഷങ്ങളോളം ഒരു സ്വപ്നമായി തന്നെ അവശേഷിക്കാറുണ്ട്.

എന്നാൽ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി വെറും  34ാം വയസ്സിൽ മൂന്നു വീടുകൾ സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവതി. ജപ്പാന്‍കാരിയായ സാക്കി ടമോഗാമിയാണ് 34ാം വയസില്‍ മൂന്നു വീടുകള്‍ സ്വന്തമാക്കിയത്. മൂന്നു വീടുകള്‍ കൂടാതെഒരു ക്യാറ്റ് കഫെയും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. 35 വയസ്സ് തികയും മുൻപ് മൂന്നു വീട് സ്വന്തമാക്കണമെന്ന ആഗ്രഹം പത്തൊമ്പതാം വയസ്സിൽ മനസ്സിൽ കടന്നുകൂടിയതാണ്. അന്നുമുതലിങ്ങോട്ട് ആ ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് സാക്കി ജീവിച്ചത്.

ഇരുപത്തിയേഴാം വയസ്സിൽ സാക്കി ആദ്യത്തെ വീട് വാങ്ങി. രണ്ടു വർഷത്തിനുശേഷം രണ്ടാമത്തേത്. 2019 ൽ മൂന്നാമത്തെ വീടും സ്വന്തമാക്കി.10 മില്യൻ യെൻ (57 ലക്ഷം രൂപ) മുടക്കിയാണ് സാക്കി ആദ്യത്തെ വീട് വാങ്ങിയത്.രണ്ടാമത്തെ വീട് വാങ്ങാനായി 18 മില്യൻ യെൻ (1.03 കോടി രൂപ) ചെലവായി. മൂന്നാമത്തെ വീടിന് ആകട്ടെ 37 മില്യൺ യെൻ (2.12 കോടി രൂപ) ആണ് വിലമതിപ്പ്.

ഇത്ര കുറഞ്ഞകാലം കൊണ്ട് എങ്ങനെയാണ് സാക്കി ഇതെല്ലാം സ്വന്തമാക്കിയതെന്നല്ലേ? അതിനു പിന്നില്‍ സാക്കിയുടെ ജീവിത രീതി തന്നെയാണ് കാരണം. 

സാക്കിയുടെ ചിലവ് ചുരുക്കല് ആരെയും അമ്പരപ്പിക്കുന്നതാണ്.ജപ്പാനിലെ തന്നെ ഏറ്റവും ചെലവ് ചുരുക്കി ജീവിക്കുന്ന വനിത എന്നാണ് സാക്കി അറിയപ്പെടുന്നത്.ചെലവ് ചുരുക്കിയുള്ള ജീവിതത്തിലൂടെ ശമ്പളത്തിന്റെ വലിയൊരു പങ്ക് ഇവർ മിച്ചം പിടിച്ചു. 

ചിലവ് ചുരുക്കാനായി അവര്‍ ആദ്യം ചെയ്തത് പുറത്തു നിന്നുളള ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി എന്നതാണ്. വീട്ടിൽ തന്നെ ഭക്ഷണം പാകം ചെയ്ത് കഴിച്ചതിലൂടെയാണ് സമ്പത്തിന്റെ വലിയൊരു പങ്ക് സാക്കിക്ക് കാത്തുസൂക്ഷിക്കാനായത്.ഏറ്റവും കുറഞ്ഞ ചിലവില്‍ ഉണ്ടാക്കാവുന്ന ഭക്ഷണം മാത്രമേ വീട്ടില്‍ ഉണ്ടാക്കൂ. പ്രതിദിനം 120 രൂപയാണ് സാക്കിയുടെ ഭക്ഷണ ചെലവ്. ഭക്ഷണ ബജറ്റ് ഒരിക്കലും തെറ്റാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ബ്രഡും ജാമുമൊക്കെ സാക്കി വല്ലപ്പോഴും തിരഞ്ഞെടുക്കുന്ന ലക്ഷ്വറി ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. 

ഭക്ഷണക്കാര്യത്തില്‍ മാത്രമല്ല ചിലവ് ചുരുക്കല്‍.വസ്ത്രത്തിന്‍റെ കാര്യത്തിലും കഥ വ്യത്യസ്തമല്ല. സാക്കി പുതുവസ്ത്രങ്ങള്‍ വാങ്ങാറില്ല എന്ന് തന്നെ പറയാം. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കൈമാറി കിട്ടുന്ന വസ്ത്രങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്. വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകളും അങ്ങനെ തന്നെ. പഴയ ഫര്‍ണീച്ചറുകള്‍ മാത്രമേ ഉപയോഗിക്കൂ. 

ഇത്രയൊക്കെ ചിലവ് ചുരുക്കി ജീവിച്ചിട്ടും പണം തികയാതെ വന്നപ്പോള്‍  തന്റെ ഇടതൂർന്ന മുടിയും ഒരിക്കൽ സാക്കി മുറിച്ച് വിറ്റിരുന്നു. 1800 രൂപയാണ് മുടിക്ക് ലഭിച്ചത്. ഒരു മാസത്തെ ചെലവിന്റെ പകുതിയിലേറെയും ഇത്തരത്തിൽ സമ്പാദിക്കാനായി. 

ഒരു പ്രോപ്പർട്ടി ഏജൻസിയിലെ ജീവനക്കാരിയാണ് സാക്കി.35 വയസ്സിനുള്ളിൽ മൂന്ന് വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചെങ്കിലും ജീവിതരീതിയിൽ മാറ്റം വരുത്താൻ സാക്കിക്ക് ഉദ്ദേശമില്ല. വീടുകളിൽ നിന്നുള്ള വാടക വരുമാനവും ശമ്പളവും ചേർത്തുവച്ച് പ്രോപ്പർട്ടി പോർട്ട്ഫോളിയോ വിപുലീകരിക്കാനാണ് സാക്കിയുടെ ഉദ്ദേശ്യം.

ENGLISH SUMMARY:

Japanese Woman Buys 3 Houses, Starts Cat Cafe. All By Living On A Daily Budget Of Rs 120