നാലുനിലയുള്ള വീടിന്‍റെ ടെറസിനുമുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന സ്കോർപിയോ.BR 10 786 എന്ന നമ്പര്‍പ്ലേറ്റുള്ള വാഹനം എങ്ങനെ നാലുനില കെട്ടിടത്തിന്‍റെ മുകളിലെത്തി എന്നോര്‍ത്ത് നെറ്റി ചുളിക്കാന്‍ വരട്ടെ, യഥാര്‍ഥത്തില്‍ അത് സ്കോര്‍പിയോ അല്ല. സ്കോര്‍പിയോ വാഹനങ്ങളോട് ആരാധന മൂത്ത ഒരാള്‍ തന്‍റെ വീടിനു മുകളില്‍ സ്കോര്‍പിയോയുടെ രൂപത്തില്‍ പണിഞ്ഞ വാട്ടര്‍ ടാങ്കാണ്. ബിഹാറിലെ ഭഗൽപൂരിലാണ് ഇത്തരമെരു കൗതുകക്കാഴ്ച.മഹീന്ദ്ര സ്കോർപിയോ ഏറെ ഇഷ്ടപ്പെടുന്ന വീട്ടുടമ ആലം തന്റെ ഈ ഇഷ്ടം വേറിട്ട രീതിയിൽ പ്രകടിപ്പിക്കാനാണ് ഇത്തരമൊരു വാട്ടര്‍ ടാങ്കിന് രൂപം കൊടുത്തത്.
ആഗ്രയിൽ നിന്നും പ്രത്യേകമായി എത്തിച്ച തൊഴിലാളികളാണ് ഒറിജിനലിനെ വെല്ലുന്ന ഈ ടാങ്ക് നിര്‍മാണത്തിന് പിന്നില്‍. ടയറുകളും സൈഡ് മിററുകളും മുൻഭാഗത്തെ എംബ്ലവും ഒക്കെയായി ഒറ്റനോട്ടത്തിൽ യഥാർഥ വാഹനവുമായി ഒരു വ്യത്യാസവും തോന്നാത്ത രീതിയിലാണ് ടാങ്ക് നിർമിച്ചിരിക്കുന്നത്. കൂടുതല്‍ ഒറിജിനാലിറ്റി തോന്നാനായി ആലത്തിന്‍റെ ആദ്യ സ്കോര്‍പിയോയുടെ നമ്പറായ BR 10 786 എഴുതി ചേർത്ത നമ്പർ പ്ലേറ്റും വാട്ടര്‍ടാങ്കില്‍ ചേര്‍ത്തു.രണ്ടരലക്ഷം രൂപയായിരുന്നു നിര്‍മാണച്ചെലവ്.
സ്കോര്‍പിയോ വാട്ടര്‍ ടാങ്കിന്‍റെ ചിത്രങ്ങള്‍ ഞൊടിയിടയിലാണ് സൈബറിടത്ത് വൈറലായത്.ഒടുവില്‍ ചിത്രം ആനന്ദ് മഹീന്ദ്രയുടെ പക്കലുമെത്തി.സ്കോർപിയോയോടുള്ള ഇഷ്ടത്തെയും അത് പ്രകടിപ്പിക്കാൻ ആലം കണ്ടെത്തിയ വഴിയേയും അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പോസ്റ്റ് ഇടുകയും ചെയ്തു.എന്തായാലും ഇപ്പോൾ ഈ പ്രദേശത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഈ വീടും സ്കോർപിയോ വാട്ടർ ടാങ്കും.