TOPICS COVERED

സാധാരണ വീടുകളെക്കാള്‍ 30 ശതമാനം കുറഞ്ഞ ചെലവില്‍ വീട് പണിതാലോ. അത്തരത്തില്‍ ചെലവും സമയവും ഏറെ ലാഭിക്കാന്‍ കഴിയുന്ന നിര്‍മാണ രീതിയാണ് GFRG (ഗ്ലാസ് ഫൈബർ റീഇന്‍ഫോഴ്സ്ഡ് ജിപ്സം പാനലുകള്‍) ഉപയോഗിച്ചുള്ളത്. പ്രകൃതിസൗഹൃദ നിർമാണ രീതി കൂടിയായതിനാല്‍ കേരളത്തില്‍ ഇവയുടെ പ്രചാരം വര്‍ധിച്ചുവരികയാണ്. ഫൗണ്ടേഷനും ബെയ്സ്മെന്റും ഒഴികെ ഭിത്തി, റൂഫ്, സ്റ്റെയർകെയ്സ്, സീലിങ് ഇവയെല്ലാം GFRG പാനലുകള്‍ ഉപയോഗിച്ച് നിർമിക്കാം. ചുമരുകൾക്ക് പ്ലാസ്റ്ററിങ് വേണ്ട.

എന്താണ് GFRG പാനൽ?

ഫോസ്ഫോ ജിപ്സം, റോവിങ് ഗ്ലാസ്, അമോണിയം കാർബണേറ്റ് എന്നിവയാണ് GFRG പാനലുകളുടെ പ്രധാന ഘടകങ്ങള്‍. ആദ്യം ജിപ്സം ലെയറിന് മുകളില്‍ ഗ്ലാസ് മിശ്രിതം സ്ക്രീൻ റോളർ ഉപയോഗിച്ച് ലയിപ്പിച്ച് ചേർക്കുന്നു. വീണ്ടും ജിപ്സം നിരത്തി ഒരു ലെയർ ഗ്ലാസ് മിശ്രിതം കൂടി ലയിപ്പിച്ച് ചേർത്ത് മുകൾ ലെയറിൽ ഗ്ലാസ് മിശ്രിതം ഉപയോഗിച്ച് ഫിനിഷ് ചെയ്യുന്നു. 12 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള പാനലുകളുടെ കനം 0.124 മീറ്റർ അഥവാ അഞ്ച് ഇഞ്ചാണ്. 12 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള പാനലിന് 1800 കിലോഗ്രാം ഭാരമുണ്ടാകും. സ്ക്വയർ മീറ്ററിന് 1120 രൂപയാണ് വില. ഒരു പാനലിന് ഏകദേശം 40,000 രൂപ വരും. ഇവ ആവശ്യാനുസരണം  മുറിച്ച് സൈറ്റുകളില്‍ എത്തിക്കാം.

Also Read; 24 മണിക്കൂറും സ്പീഡ് റഡാറില്‍ പരിശോധന; നിയമം ലംഘിച്ചാല്‍ പിടിവീഴും

എന്തുകൊണ്ട് GFRG പാനൽ?

GFRG ഉപയോഗിച്ച് നിര്‍മിക്കുന്ന വീടിനകത്ത് പുറത്തുള്ളതിനെക്കാള്‍ 3 മുതൽ 4 ഡിഗ്രി സെൽസിയസ് വരെ ചൂട് കുറവായിരിക്കും. ഭിത്തിയുടെ കനം അഞ്ച് ഇഞ്ചായതിനാൽ കൂടുതൽ കാർപ്പറ്റ് ഏരിയ ലഭിക്കും. ഇതിലൂടെ നിർമാണച്ചെലവ് നന്നായി കുറയ്ക്കാം. പാനലുകൾക്ക് പ്ലാസ്റ്ററിങ് ഇല്ലാതെ തന്നെ ഫിനിഷിങ് ലഭിക്കുന്നതിനാൽ പെയിന്റിങ് ചെലവ് കുറയും. GFRG പാനലുകൾ ഉപയോഗിക്കുമ്പോൾ മേൽക്കൂരയ്ക്കും ബാത്റൂമുകൾക്കും സ്വാഭാവികമായി ജലപ്രതിരോധശക്തി ലഭിക്കുന്നു. ഭൂകമ്പത്തെ അതിജീവിക്കാനുള്ള ശേഷിയും GFRG പാനൽ ഉപയോഗിച്ച് നിര്‍മിച്ച വീടുകൾക്കുണ്ട്.

നിര്‍മാണം എങ്ങനെ?

ഫൗണ്ടേഷൻ കരിങ്കല്ല് കെട്ടി അതിനു മുകളിൽ 20 സെന്‍റീമീറ്റർ x 20 സെന്‍റീമീറ്റർ സൈസിൽ ബീം ബെൽറ്റ് വാർക്കുന്നു. ബെൽറ്റില്‍ നിന്നും കമ്പി മുകളിലേക്ക് നിർത്തി അതിലേക്ക് പാനലുകൾ ക്രെയിൻ ഉപയോഗിച്ച് ഇറക്കിവയ്ക്കുന്നു. 12 എംഎം മെറ്റലുപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഭിത്തിപ്പണി ചെയ്യുന്നതിനാൽ ബലം ഇരട്ടിക്കുന്നു. 

ചതുരശ്ര അടിക്ക് 1500 രൂപ മുതൽ ആരംഭിക്കുന്ന GFRG വീടുകൾക്ക്, മറ്റ് വീടുകളെക്കാള്‍ 30 ശതമാനം ചെലവ് കുറവാണ്. പാനലിന്‍റെ കാവിറ്റികളിലൂടെ ഇലക്ട്രിക് പൈപ്പുകൾ എളുപ്പത്തിൽ കടത്തിവിട്ട് വീടിന്റെ വയറിങ് ജോലികൾ ചെയ്യാം. ഇതിലൂടെ നിര്‍മാണത്തിന്‍റെ എല്ലാ ഘട്ടത്തിലും സമയം ലാഭിക്കാന്‍ കഴിയും.

ENGLISH SUMMARY:

Building a house at 30% lower costs compared to conventional methods is possible using GFRG (Glass Fiber Reinforced Gypsum) panels. This construction technique not only reduces expenses and time significantly but is also an eco-friendly option. Its popularity has been increasing in Kerala recently. Except for the foundation and basement, components such as walls, roofs, stairs, and ceilings can all be constructed using GFRG panels. Additionally, plastering for the walls can be avoided.