ഒരു വീടിന്റെ നിർമാണം എന്ന് പറയുന്നത് ഒരുപാട് കാര്യങ്ങളുടെ കൂടിച്ചേരലാണ്. വിവിധതരത്തിലുള്ള നിർമ്മാണ വസ്തുക്കൾ, വിവിധ വിഭാഗങ്ങളിൽ പെട്ട നിരവധി തൊഴിലാളികൾ, സമയം, പണം, അധ്വാനം എന്നിങ്ങനെ നിരവധി കാര്യങ്ങൾ കൂടിച്ചേരുമ്പോഴാണ് ഒരു വീട് സമയബന്ധിതമായി, പ്ലാൻ ചെയ്ത ബജറ്റിൽ പൂർത്തിയാകുകയുള്ളൂ. ഇതിൽ എവിടെയെങ്കിലും ഒക്കെ താളം തെറ്റുമ്പോൾ വീടുപണി മൊത്തത്തിൽ അവതാളത്തിലാകും. വീടുപണി താളം തെറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ നോക്കാം.
1. ഉറച്ച തീരുമാനങ്ങൾ
വീട് നിർമാണം ശരിയായ പാതയിൽ നടക്കാൻ വേണ്ട പ്രധാനപ്പെട്ട ഘടകമാണ് ഉറച്ച തീരുമാനങ്ങൾ. നിർമ്മാണം തുടങ്ങുന്നതിന് മുൻപ് തന്നെ വീടിന്റെ പ്ലാൻ, എലിവേഷൻ എന്നിവ തീരുമാനിച്ച് ഉറപ്പിച്ചിരിക്കണം. നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിലും ഇതിൽ നിന്ന് മാറ്റം വരുത്തരുത്. അതുപോലെതന്നെ നിർമ്മാണം തുടങ്ങും മുമ്പുതന്നെ ഫിനിഷിങ് അടക്കമുള്ള മെറ്റീരിയലുകൾ ഏതൊക്കെയാണെന്നും കൃത്യമായി തീരുമാനിച്ചിരിക്കണം. ഇതനുസരിച്ചുളള എസ്റ്റിമേറ്റ് തയ്യാറാക്കി ഓരോ ഘട്ടങ്ങളിലേക്കും ആവശ്യത്തിനുളള പണം കൈയ്യിലുണ്ടാകുമെന്ന് ഉറപ്പാക്കണം.
2. കൃത്യമായ ബജറ്റ്
വീട് നിർമാണം ശരിയായ പാതയിലൂടെ മുന്നോട്ട് പോകണമെങ്കില്‍ കൃത്യമായ ബജറ്റ് ആദ്യമേ തയ്യാറാക്കിയിരിക്കണം. വീടിനുവേണ്ടി നമ്മൾ ചെലവാക്കാൻ ഉദ്ദേശിക്കുന്ന പണവും, അതനുസരിച്ച് ആർക്കിടെക്ട് തയ്യാറാക്കുന്ന പ്ലാനും, നിലവിൽ നാട്ടിൽ നടക്കുന്ന നിർമ്മാണ ചെലവും ഒക്കെ താരതമ്യം ചെയ്തു നോക്കണം. ഇതനുസരിച്ച് ആവശ്യത്തിനുള്ള പണം കയ്യിലുണ്ടെന്ന് ഉറപ്പുവരുത്തണം. ഹൗസിങ് ലോൺ എടുക്കുന്നുണ്ടെങ്കിൽ വീടുപണി തുടങ്ങുന്നതിനു മുമ്പ് തന്നെ അതിനെക്കുറിച്ച് കൃത്യമായി പഠിക്കുകയും ആവശ്യമായ തുക നമുക്ക് ലഭിക്കും എന്ന് ഉറപ്പാക്കിയിട്ട് വേണം പ്ലാൻ ഫൈനലൈസ് ചെയ്യുവാൻ.
3. വിലനിലവാരം
മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും ബജറ്റിനെ കാര്യമായി ബാധിക്കും. നിർമാണ വസ്തുക്കൾ വാങ്ങുന്നതിലെ ശ്രദ്ധ വീടിന്റെ ബജറ്റ് നിയന്ത്രിക്കുന്നതിൽ ഏറെ പ്രധാനമാണ്. ഒന്നിൽ കൂടുതൽ കടകളിൽ വില തിരക്കിയും പരമാവധി വിലക്കിഴിവുകൾ മേടിച്ചുമായിരിക്കണം പർച്ചേയ്സ് . കുറച്ചു നാൾ ഇരുന്നാലും കേടാകാത്ത സാധനങ്ങൾ ഒരുമിച്ച് മേടിക്കുന്നത് പരമാവധി വിലക്കുറവ് നേടിയെടുക്കാൻ സഹായിക്കും. അതോടൊപ്പം ഗതാഗത ചെലവിലും ഗണ്യമായ കുറവ് ലഭിക്കും. മണൽ, ഇഷ്ടിക, കമ്പി, ടൈലുകൾ, ഇലക്ട്രിക്കൽ, പ്ലംബിങ്ങ് മെറ്റീരിയലുകൾ. തുടങ്ങിയവയൊക്കെ ഒരുമിച്ച് മേടിക്കാൻ കഴിയുന്ന സാധനസാമഗ്രികൾ ആണ്.
4. മെറ്റീരിയല്‍ ഓപ്ഷന്‍സ്
വീടിന്റെ ബജറ്റ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ ഒരു കാര്യം ഓർക്കണം. ഒരു മെറ്റീരിയലിന് പകരമായി അതേ ഗുണനിലവാരത്തിലുള്ള എന്നാൽ വിലയിൽ കാര്യമായ വിത്യാസങ്ങളുള്ള വിവിധ മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് എന്നുള്ളത്. ഉദാഹരണം പറഞ്ഞാൽ വീടിന്റെ കട്ടിളക്കും ജനാലക്കും സിമന്റിലുള്ളത് ഉപയോഗിക്കാം, അല്ലെങ്കിൽ മെറ്റലിൽ തീർത്ത കട്ടിളകൾ ഉപയോഗിക്കാം. ഇനി അതുമല്ലെങ്കിൽ വിവിധ വില വരുന്ന മരങ്ങൾ കൊണ്ട് കട്ടിള തയ്യാറാക്കാം . പക്ഷേ ബജറ്റിൽ കാര്യമായ ഏറ്റക്കുറച്ചിൽ വരുമെന്ന് മാത്രം.
5. നിർമാണവേഗം
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് വേഗത്തിൽ നിർമാണം പൂർത്തിയാക്കൽ. നിർമ്മാണം പൂർത്തീകരിക്കാൻ കാലതാമസം നേരിടുന്നത് മെറ്റീരിയലുകൾ, കൂലി ചെലവ് എന്നിവയുടെ വർധനവിന് കാരണമാകാം. അതുകൊണ്ടുതന്നെ നിർമാണം ആരംഭിച്ചാൽ പണികൾക്ക് തടസ്സം വരാതെ തീരുന്നതുവരെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയും വിധം കാര്യങ്ങൾ തുടക്കം മുതൽ ക്രമീകരിക്കണം.
ഈ കാര്യങ്ങള്‍ ഒക്കെ വീട് പണിയുമ്പോള്‍ ശ്രദ്ധിച്ചാൽ വീട് നിർമാണം നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങും.