കുറെ പണം കയ്യിലുണ്ടെങ്കിൽ ഒരു നല്ല വീട് പണിയാം എന്ന് കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണ്. കാരണം ഒരു വീട് പണിയുന്നത് അത്ര എളുപ്പം അല്ലെന്നതു തന്നെ . വീട് പണിയാനായി മുന്നോട്ടു ഇറങ്ങുമ്പോഴാണ് ഒരു 100 പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വരുക. ഓരോ കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങൾ അതിലേറെ ആയിരിക്കും. നിർമാണം നടക്കുന്ന സൈറ്റിൽ നേരിടേണ്ടിവരുന്ന തലവേദന വേറെ. വിദഗ്ധരും അല്ലാത്തവരുമായ വിവിധ വിഭാഗങ്ങളിൽ പെട്ട തൊഴിലാളികളെ ഏകോപിപ്പിച്ചു കൊണ്ട് വീട് നിർമാണം നടത്തുക എന്നത് ചില്ലറ കാര്യം അല്ല . വിവിധ നിർമ്മാണ മെറ്റീരിയലുകളുടെ ലഭ്യതയ്ക്ക് വേണ്ടിയുള്ള ഓട്ടം, മെറ്റീരിയൽ തിരഞ്ഞെടുക്കാനുള്ള അലച്ചിൽ, വിലപേശൽ എന്നിവ വേറെ.
നാട്ടിൽ ഇല്ലാത്തവരോ, വളരെ തിരക്കേറിയ ജോലിയോ, ബിസിനസോ ഒക്കെ ചെയ്യുന്നവരൊക്കെ ആണെങ്കിൽ വീടുപണി നേരിട്ട് നടത്തുക എന്നത് ഇന്ന് അസാധ്യമാണ്. അതുകൊണ്ടാണ് പലരും വീടുപണി കരാർ കൊടുക്കാൻ തയ്യാറാകുന്നത്. ഇങ്ങനെ കരാർ കൊടുക്കുമ്പോഴും അബദ്ധങ്ങൾ പറ്റാനും ചതികളിൽ പെടാനുമൊക്കെ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വീട് നിർമ്മാണത്തിന് കരാർ ഒപ്പിടും മുമ്പ് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഒന്നു നോക്കാം.
വീട് നിർമാണ കരാർ 2 വിധത്തിൽ ആണ് ഉള്ളത്.
1. ലേബർ കോൺട്രാക്ട്
2. ടേൺകീ കോൺട്രാക്ട്
വീടിന്റെ പണിക്ക് ആവശ്യമായ മെറ്റീരിയലും അനുബന്ധ സൗകര്യങ്ങളും ഉടമ തന്നെ ഒരുക്കുകയും, പണികൾ ചെയ്തു തീർക്കാൻ ആവശ്യമായ കൂലി കരാറായി നൽകുകയും ചെയ്യുന്നതാണ് ലേബർ കോൺട്രാക്ട്. വീടുപണിയുടെ വിവിധ ഘട്ടങ്ങൾ അനുസരിച്ചും, വീടുപണി മൊത്തത്തിലും ലേബർ കോൺട്രാക്ട് നൽകാം. തറ കെട്ടുന്നത്, ബെൽറ്റ് വാർക്കുന്നത്, ഭിത്തി കെട്ടൽ, മേൽക്കൂര വാർപ്പ്, പ്ലാസ്റ്ററിങ്, പെയിന്റിങ്, പ്ലംബിങ്, ഇലക്ട്രിക്കൽ വർക്കുകൾ, ഫ്ളോറിങ്, ആശാരി പണികൾ എന്നിവയൊക്കെ ഒരുമിച്ചോ ഘട്ടം ഘട്ടമായോ കൂലി ചിലവ് കരാർ നൽകാം. കൂടാതെ ദിവസക്കൂലിക്കും ജോലികൾ ചെയ്യിപ്പിക്കാൻ കഴിയും.
ടേൺ കീ കോൺട്രാക്ടിൽ കരാർ എടുക്കുന്ന ആൾ തന്നെ എല്ലാ കാര്യങ്ങളും ചെയ്യും. അതായത് ഉടമ നൽകേണ്ടത് വീട് പണിയാനുള്ള പ്ലോട്ടും,പ്ലോട്ടിലേക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങളും മാത്രം. ആവശ്യമായ മെറ്റീരിയലുകൾ ക്രമീകരിക്കുന്നതും, തൊഴിലാളികളെ കൊണ്ടുവന്ന് ജോലികൾ ചെയ്യിക്കുന്നതും, സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കുന്നതും എല്ലാം കരാർ എടുക്കുന്ന ആളുടെ ഉത്തരവാദിത്വമാണ്. കരാർ അനുസരിച്ചു വീടിന്റെ എല്ലാ പണികളും പൂർത്തീകരിച്ചു താമസത്തിനു തയ്യാറാക്കി താക്കോൽ കൈമാറുക എന്നതാണ് ടേൺ കീ കോൺട്രാക്ടിന്റെ പ്രത്യേകത.
ഒരു വീടിന്റെ നിർമാണത്തിൽ 2 ഘട്ടങ്ങൾ ഉണ്ട്.
1. സിവിൽ വർക്ക്
2. ഇന്റീരിയര്‍ വർക്ക്
1. കരാർ നൽകുമ്പോൾ സിവിൽ വർക്ക് മാത്രമായോ, ഇന്റീരിയർ വർക്ക് മാത്രമായോ, ഇനി ഇത് രണ്ടും ഒരുമിച്ചോ കരാർ നൽകാവുന്നതാണ്. ഇനി കരാർ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി ഒന്ന് നോക്കാം.
2. ചുരുങ്ങിയത് രണ്ടോ മൂന്നോ കോൺട്രാക്ടർമാരിൽ നിന്നെങ്കിലും വീടുപണിയുടെ കരാർ കൊട്ടേഷൻ ആയി എടുക്കുക.
വിശദമായ ഡ്രോയിങ്ങുകൾ, എലിവേഷൻ ഡിസൈൻ എന്നിവ നൽകി വേണം കരാറിന് കൊട്ടേഷൻ സ്വീകരിക്കുവാൻ
3. വിവിധ കൊട്ടേഷനുകൾ സ്വീകരിച്ചശേഷം ആർക്കിടെക്ടിന്റെ സഹായത്തോടെ വേണം മികച്ച കരാർ കണ്ടെത്താൻ. കൊട്ടേഷൻ തുകയിലെ ലാഭം മാത്രമല്ല നോക്കേണ്ടത്, കോൺട്രാക്ടർ പൂർത്തീകരിച്ച വീടുകളിലെ വർക്കുകളുടെ നിലവാരവും വിലയിരുത്തണം.
4. വിദഗ്ധരായ തൊഴിലാളികൾ കോൺട്രാക്ടറുടെ കീഴിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. കോൺട്രാക്ടർ മുൻപ് നിർമ്മിച്ച വീടുകൾ പോയി കാണുന്നതും വീട്ടുകാരോട് അഭിപ്രായം തിരക്കുന്നതും നന്നായിരിക്കും.
5. നിർമിക്കേണ്ട വീടിൻ്റെ സ്ക്വയർഫീറ്റ്/ ഏരിയ കാര്യത്തിൽ വ്യക്തത വരുത്തുക. ബിൽറ്റ് അപ്പ് ഏരിയ, കാർപെറ്റ് ഏരിയ എന്നിവ കൃത്യമായി മനസ്സിലാക്കിയിരിക്കണം. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ അനുമതിക്കായി നൽകുന്ന ഡ്രോയിങ്ങിൽ ഉള്ള അളവും കോൺട്രാക്ടർക്ക് നൽകുന്ന കൊട്ടേഷനിൽ ഉള്ള ഡ്രോയിങ് അളവും വ്യത്യാസം വരാം. (നടുമുറ്റം പോലുള്ളവ അളവിൽ വരണമെന്ന് നിർബന്ധമില്ല)
6. കാർ പോർച്ച്, സിറ്റൗട്ട്, വരാന്ത, കോർട്ട്‌യാർഡ്, സൺഷേയ്ഡ് , എന്നിവയുടെ അളവുകൾക്ക് എങ്ങനെയാണ് കരാറിൽ തുക കണക്കാക്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കുക
7. കരാറിൽ ഏതൊക്കെ വർക്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും എന്തൊക്കെ കാര്യങ്ങൾ കരാറിൽ ഉൾപ്പെടുന്നില്ല എന്നുള്ളതും കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇക്കാര്യത്തിൽ സംശയങ്ങൾ ഉണ്ടെങ്കിൽ ആർക്കിടെക്നോടും കോൺട്രാക്ടറോടും ചോദിച്ചു മനസ്സിലാക്കണം.
8. കരാറിൽ ഉൾപ്പെടാതെ വരുന്ന അധികചെലവുകളെ കുറിച്ച് തുടക്കത്തിലെ മനസ്സിലാക്കി വയ്ക്കുക. മണ്ണ് ഫില്ലിങ് പോലുള്ള കാര്യങ്ങൾ, സെപ്റ്റിക് ടാങ്ക്, കുടിവെള്ള ടാങ്കുകൾ, ലാൻഡ്സ്കേപ്പ്, ചുറ്റുമതിൽ, ഗേറ്റ് എന്നിവ ചിലപ്പോൾ കരാറിൽ ഉൾപ്പെടണമെന്നില്ല.
9. നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ ഏതൊക്കെ , അവയുടെ ഗുണനിലവാരം, വില കണക്കാക്കിയിരിക്കുന്നത് എത്ര എന്നിവ കരാറിൽ ഉണ്ടാകണം
10. മെറ്റീരിയലുകളുടെ MRP ആണോ ഡിസ്കൗണ്ടഡ് റേറ്റ് ആണോ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കുക
അടിത്തറയുടെ കാര്യത്തിൽ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിർമ്മാണരീതി, അടിത്തറയുടെ അളവ്, തുക എന്നിവ മനസ്സിലാക്കണം
11. വാതിലുകൾ, ജനാലകൾ, അവയുടെ മെറ്റീരിയൽ, അളവ് എന്നിവ കരാറിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം
12. വയറിങ് , പ്ലംബിങ്, ജോയിനറി ഹാർഡ് വെയറുകൾ, കിച്ചൻ ഹാർഡ്‌വെയറുകൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മെറ്റീരിയൽ, അവയുടെ ബ്രാൻഡ്, ക്വാളിറ്റി എന്നിവ കരാറിൽ ഉറപ്പുവരുത്തണം.
13. അഡ്വാൻസ്, പേയ്മെന്റിന്റെ വിവിധ ഘട്ടങ്ങൾ, ഓരോ ഘട്ടങ്ങളിലും നൽകേണ്ട തുക എന്നിവ കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
14. നിർമ്മാണത്തിന് എടുക്കുന്ന കാലാവധി കരാറിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. കരാറിൽ പറയുന്ന സമയപരിധിക്കുള്ളിൽ വീട് പണി തീർത്തില്ലെങ്കിൽ ഉള്ള നഷ്ടപരിഹാര വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തണം.
15. സ്റ്റാമ്പ് പേപ്പറിൽ എഴുതി ഒപ്പുവെച്ച്, രജിസ്റ്റർ ചെയ്തു വേണം കരാറുണ്ടാക്കാൻ. കരാറിന് സാക്ഷികൾ ഉണ്ടായിരിക്കണം.