വീടിന്റെ നിർമാണച്ചെലവ് കുറയ്ക്കുന്നതിൽ ഒരു പ്രധാനപ്പെട്ട ഘടകമാണ് നിർമ്മാണ വസ്തുക്കളുടെ തിരഞ്ഞെടുപ്പ്. ഏതൊക്കെ തരത്തിലുള്ള നിർമാണ വസ്തുക്കൾ ഉപയോഗിച്ചാൽ വീടിന്റെ ചെലവ് കുറയ്ക്കാൻ പറ്റും ? ആ സാധ്യതകൾ ഒന്നു നോക്കാം ...
നിർമാണ വസ്തുക്കളുടെ പുനരുപയോഗം
വീടു നിർമാണ ചെലവ് കുറയ്ക്കുന്നതിൽ ഏറ്റവും കൂടുതൽ സഹായം ആകുന്നത് നിർമാണ വസ്തുക്കളുടെ പുനരുപയോഗം തന്നെയാണ്. അതായത് പഴയ വീടുകൾ, കെട്ടിടങ്ങൾ ഒക്കെ പൊളിക്കുമ്പോൾ കിട്ടുന്ന ജനലുകൾ, വാതിലുകൾ, കല്ല്, തടി, തറയോടുകൾ എന്നിവയെല്ലാം നല്ല ഗുണമേന്മയുള്ളതും പുനരുപയോഗിക്കാൻ കഴിയുന്നതുമാണ്.
ഒരു പക്ഷെ നിങ്ങളുടെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടാകും പൊളിച്ചുമാറ്റാൻ ആലോചിക്കുന്ന കെട്ടിടങ്ങളോ വീടുകളൊ ഒക്കെ. പൊളിച്ചു മാറ്റാനുള്ള കെട്ടിടത്തിന് ഒന്നടങ്കം വില പറയുകയോ, അതല്ല ആവശ്യമുള്ള മെറ്റീരിയൽ മാത്രം തിരഞ്ഞെടുക്കുകയോ ചെയ്യാം. നേരിട്ട് ഉടമസ്ഥനോട് ഇടപാട് നടത്തുന്നതാണ് ഏറ്റവും ലാഭകരം. തടി ഉരുപ്പടികൾ നോക്കുമ്പോൾ ഏത് ഇനം തടി, അതിന്റെ വലുപ്പം, കേടുപാടുകൾ, ഗുണമേന്മ എന്നിവയൊക്കെ കണക്കാക്കിയാണ് വില. ഇത്തരം വസ്തുക്കളെ അതിന്റെ കേടുപാടുകൾ പരിശോധിച്ച്, നന്നാക്കി, ഡിസൈനിനനുസരിച്ച് രൂപപ്പെടുത്തി എടുത്താൽ വീടിന്റെ നിർമ്മാണ ചെലവ് ഗണ്യമായി കുറയ്ക്കാം.
പ്രകൃതിയോട് ചേർന്നുള്ള നിർമാണം (മണ്‍വീടുകള്‍)
വീടു നിർമാണത്തിന്റെ ചെലവു കുറയ്ക്കുന്ന മറ്റൊരു നിർമാണശൈലിയാണ് മണ്ണും മുളയും ഒക്കെ ഉപയോഗിച്ചുകൊണ്ടുള്ള വീട് നിർമാണം. പ്രകൃതിയോടു ചേർന്നു നിൽക്കുന്ന ഇത്തരം വീടുകൾക്ക് മെറ്റീരിയൽ കോസ്റ്റിനേക്കാൾ ലേബർ കോസ്റ്റാണ് കൂടുതൽ വരിക.
സൈറ്റിൽ നിന്നോ ചുറ്റുപാടുകളിൽ നിന്നോ ലഭിക്കുന്ന മണ്ണ് ആണ് പ്രധാന നിർമ്മാണ വസ്തു. മണ്ണുകൊണ്ടുള്ള ചുവരുകൾ നിർമിക്കുന്നതിന് വിവിധ തരത്തിലുള്ള ശൈലികൾ നിലവിലുണ്ട്. പശിമയമുള്ള മണ്ണ് ചവിട്ടിക്കുഴച്ച് അതിനോടൊപ്പം ഉമി, ടാർ, അൽപ്പം സിമൻറ് തുടങ്ങി ബോണ്ടിങ് ഏജന്റുകൾ കൂടി കൂട്ടിച്ചേർത്താണ് ഭിത്തി നിർമ്മിക്കാനുള്ള മണ്ണ് ഒരുക്കുന്നത്. മണ്ണ് കൊണ്ട് നിർമ്മിക്കുന്ന ചുവരുകൾക്ക് മുകളിൽ ഓടിട്ടോ കോൺക്രീറ്റ് മേൽക്കൂരയോ ഒരുക്കാം. കോൺക്രീറ്റിൽ അഥവാ റൂഫ് സ്ലാബിൽ കമ്പികൾക്ക് പകരമായിട്ടാണ് മുള ഉപയോഗിക്കുന്നത്. ട്രീറ്റ് ചെയ്തെടുക്കുന്ന മുളകൾക്ക് ദീർഘകാലത്തെ ആയുസ്സും ബലവും ലഭിക്കും.
ഇന്റർലോക്ക് ഇഷ്ടികകൾ
നിർമാണച്ചെലവ് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു മെറ്റീരിയലാണ് ഇന്റർലോക്ക് ഇഷ്ടിക. ഇന്റർലോക്ക് ഇഷ്ടിക ഉപയോഗിച്ച് വീട് നിർമിക്കുമ്പോൾ രണ്ടു പ്രധാന ഘടകങ്ങളാണ് ചെലവ് കുറയ്ക്കുന്നത്. ഒന്ന് സിമന്റിന്റെയും മണലിന്റേയും ഉപയോഗം വളരെ കുറച്ചുമതി എന്നുള്ളതും രണ്ടാമത്തേത് ഏറ്റവും വേഗതയിൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയും എന്നതുമാണ്.
ഇൻറർലോക്ക് ഇഷ്ടികകൾ ഇന്ന് പലതരത്തിലുണ്ട് .ഇതിൽ പ്രധാനമായിട്ടുള്ള രണ്ടെണ്ണം ആണ് ഫ്ളൈ ആഷ് കൊണ്ട് നിർമിക്കുന്ന ഇൻറർലോക്ക് ഇഷ്ടികയും മണ്ണുകൊണ്ടുള്ള ഇൻറർലോക്ക് ഇഷ്ടികയും. ടങ് ആൻഡ് ഗ്രൂ ലോക്കിങ് സിസ്റ്റമായതുകൊണ്ടാണ് ഇന്റർ ലോക്ക് ഇഷ്ടിക ഉപയോഗിച്ച് അതിവേഗം നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുന്നത്. മറ്റ് ഇഷ്ടികകളെ അപേക്ഷിച്ച് ഭിത്തിയുടെ കനം ഇന്റർലോക്ക് ഇഷ്ടികക്ക് കുറവാണ്.അതുകൊണ്ട് തന്നെ അകത്തളങ്ങളിൽ കൂടുതൽ സ്പേസ് ലഭിക്കുകയും ചെയ്യും. മണ്ണുകൊണ്ടുള്ള ഇന്റർലോക്ക് ഇഷ്ടിക കുറച്ചുകൂടി പ്രകൃതിയോടു ചേർന്നു നിൽക്കുന്നതും അകത്തളങ്ങളിൽ ചൂടുകുറക്കാൻ സഹായിക്കുന്നതുമാണ്. ഇഷ്ടിക വില അല്പം കൂടുതൽ ഉണ്ടെങ്കിലും ഭിത്തിയുടെ നിർമാണത്തിനും തേപ്പിനും സിമൻറും മണലും അധികം ആവശ്യം വരില്ല എന്ന നേട്ടം ഫ്ളൈ ആഷ് ഇന്റർലോക്ക് ഇഷ്ടികക്കും ഉണ്ട്.
ഫാബ്രിക്കേറ്റഡ് സ്ട്രക്ചർ
വീട് നിർമാണത്തിൽ ഇന്ന് ധാരാളം സാധ്യതകൾ ഉള്ള ഒന്നാണ് സ്റ്റീൽ കൊണ്ട് ഫാബ്രിക്കേറ്റ് ചെയ്തെടുക്കുന്ന സ്ട്രക്ചർ. ലൈറ്റ് വെയിറ്റ് കൺസ്ട്രക്ഷൻ മെത്തേഡ് ആണിത്. മൈൽഡ് സ്റ്റീൽ ഉപയോഗിച്ച് പ്രധാന സ്ട്രക്ചറും പാർട്ടീഷന് GI മെറ്റീരിയലും ആണ് സ്റ്റീൽ ഇനത്തിൽ ഉപയോഗിക്കുന്നത്. കാര്യമായ ഫൗണ്ടേഷൻ ആവശ്യമില്ല. സ്ട്രക്ച്ചറിന്റെ ഭാഗമായി വരുന്ന സ്റ്റീൽ കാലുകൾ നാട്ടാൻ ഉള്ള ഭാഗത്ത് മാത്രം ഫൗണ്ടേഷൻ കോൺക്രീറ്റിൽ തീർത്താൽ മതി. ഭിത്തികൾക്ക് സിമൻറ് ബോർഡ് ആണ് ഉപയോഗിക്കുന്നത്.
സാൻവിച്ച് സ്റ്റൈലിൽ സ്റ്റീൽ സെക്ഷന്റെ ഇരുഭാഗത്തുനിന്നും സിമൻറ് ബോർഡ് പിടിപ്പിക്കുമ്പോൾ ഉള്ളിൽ എയർ ഗ്യാപ്പ് ഉണ്ടാവുകയും ചൂട് കുറയുകയും ചെയ്യും. തറയുടെ നിർമാണത്തിനും സിമൻറ് ബോർഡ് ഉപയോഗിക്കാം. ഭിത്തികളുടെ കനം കുറവായതുകൊണ്ട് തന്നെ അകത്തളങ്ങളിൽ കൂടുതൽ സ്പേസ് ലഭിക്കുകയും ചെയ്യും. മണ്ണിൽ നിന്ന് ഇഷ്ടമുള്ള അത്ര ഉയരത്തിൽ വീടുകൾ പൊക്കി നിർത്താം. മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലങ്ങളിലും പ്രളയബാധിത പ്രദേശങ്ങളിലും എല്ലാം ഇത്തരം വീടുകൾ ഏറെ അനുയോജ്യവുമാണ്. ഇഷ്ടമുള്ള ആകൃതിയിലും വലുപ്പത്തിലും മുറികൾ ഡിസൈൻ ചെയ്യാം. ഇഷ്ടമുള്ളപ്പോൾ വീടിനു വലുപ്പം കൂട്ടിച്ചേർക്കുകയും ആവാം. കേടുപാടുകൾ എളുപ്പം റിപ്പയർ ചെയ്യാം. വളരെ എളുപ്പത്തിലും താരതമ്യേന ചെലവു കുറച്ചും ചെയ്യാവുന്ന ഒരു മെത്തേഡ് ആണിത്.
ജി.എഫ്.ആർ.ജി പാനൽ
വീട് നിർമാണത്തിൽ പുതുമയുള്ള മറ്റൊരു മെറ്റീരിയലാണ് ജി.എഫ്.ആർ.ജി പാനൽ. കേരളത്തിൽ എറണാകുളത്ത് അമ്പലമുകളിലുള്ള FACT ന്റെ ജി.എഫ്.ആർ.ജി ഡിവിഷനിലാണ് ഇതിനുള്ള പാനൽ നിർമ്മിക്കുന്നത്. വളരെ എളുപ്പത്തിലും അനുകൂല സാഹചര്യങ്ങളിൽ ചെലവ് കുറച്ചും വീട് നിർമ്മിക്കാവുന്ന ഒരു മെറ്റീരിയൽ ആണിത്.
എല്ലാ കാര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്ത്, കൃത്യമായി ഡ്രോയിങ് തയ്യാറാക്കി മാത്രമെ ഇത്തരം പാനൽ ഉപയോഗിച്ച് വീട് നിർമ്മാണം സാധ്യമാകൂ. വീടിന്റെ ഭിത്തികൾ, തറ, മേൽക്കൂര എന്നിവ ഈ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിക്കാം. ഫാക്ടറിയിൽ മുൻകൂട്ടി നൽകുന്ന ഡ്രോയിങ് അനുസരിച്ചാണ് ഭിത്തികൾ നിർമ്മിക്കുന്നത്. ജനൽ, വാതിൽ, ഇലക്ട്രിക്കൽ, പ്ലംബിങ് പോയിന്റുകൾ എന്നിവ കൃത്യമായി മാർക്ക് ചെയ്തിരിക്കണം. ലോറിയിൽ കൊണ്ടു വരുന്ന ഇത്തരം പാനലുകൾ ക്രെയിൻ ഉപയോഗിച്ച് മാത്രമാണ് ഇറക്കാൻ കഴിയുക. അതുകൊണ്ട് കൊണ്ട് വീട് പണിയുന്ന സ്ഥലത്തിന് ചുറ്റുപാടും സ്ഥലസൗകര്യം ആവശ്യമാണ്. സാധാരണ വീട് നിർമാണത്തിനുള്ള ലേബർ കോസ്റ്റും മെറ്റീരിയൽ കോസ്റ്റും ഇത്തരം നിർമാണത്തിൽ താരതമ്യേന കുറവാണ്. ഈ പാനലിന് ഫിനിഷിങ് കൂടുതലായതിനാൽ പ്ലാസ്റ്ററിംഗ്, പുട്ടി വർക്കുകൾ, ഫാൾസ് സീലിങ് ഒന്നും ആവശ്യം വരില്ല.
ഇത്തരത്തിൽ അനുയോജ്യമായ മെറ്റീരിയൽ തിരഞ്ഞെടുപ്പും, ഒപ്പം കൃത്യമായ പ്ലാനിങ്ങും കൂടിയുണ്ടെങ്കിൽ വീടുനിർമാണം നമ്മൾ വിചാരിക്കുന്ന ബജറ്റിൽ നമ്മുടെ കൈപ്പിടിയിലൊതുക്കാൻ കഴിയും.