alapuzha-land-encroachment

കുട്ടനാട്ടിലെ കായല്‍ നിലങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നടപടികള്‍ക്കൊരുങ്ങി ആലപ്പുഴ ജില്ലാഭരണകൂടം. ആര്‍.ബ്ലോക്കില്‍ വെള്ളക്കെട്ടു നിലനിര്‍ത്തി കൃഷിയില്ലാതാക്കാന്‍ ഭൂമാഫിയ ശ്രമിയ്ക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് കലക്ടര്‍ ടി.വി അനുപമ പറഞ്ഞു. ഇവിടെ ദുരിതജീവിതം നയിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കാനുള്ള നടപടികളിലേക്ക് നീങ്ങാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

പാവപ്പെട്ടവരെ ഭൂവുടമകളാക്കാനുള്ള സര്‍ക്കാര്‍ നയം മാര്‍ത്താണ്ഡം കായലില്‍ ലംഘിക്കപ്പെട്ടുവെന്ന് കലക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ ബ്ലോക്കിലും വെള്ളക്കെട്ട് നിലനിര്‍ത്തി ഭൂമി കയ്യേറാന്‍ ശ്രമംനടക്കുന്നുവെന്ന പരാതി ഉയര്‍ന്നത്. ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് കലക്ടര്‍ ടി.വി.അനുപമ പറഞ്ഞു

വര്‍ഷങ്ങളായി വെള്ളക്കെട്ട് കാരണം ദുരിതമനുഭവിക്കുന്ന നാട്ടുകാര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാനും കലക്ടറുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പമ്പു സെറ്റുകള്‍ സ്ഥാപിച്ച് വെള്ളം വറ്റിയ്ക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ ഡ്രജ്ജറുകള്‍ ഉപയോഗിക്കാനാണ് തീരുമാനം.

ആറന്മുളയില്‍നിന്നും കൊച്ചിയില്‍നിന്നും ഡ്രജറുകള്‍ എത്തിക്കും. പുതിയ സംരക്ഷണഭിത്തിയും സ്ഥാപിക്കും. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ക്യാംപ് ആരംഭിച്ചതായും കലക്ടര്‍ അറിയിച്ചു.