രണ്ടരപതിറ്റാണ്ടിലധികമായി ആലപ്പുഴ അര്‍ത്തുങ്കലില്‍ കയര്‍ഫാക്ടറി പ്രവര്‍ത്തിക്കുന്നത് അനുമതികളൊന്നുമില്ലാതെ. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് നിര്‍ദേശിച്ചിട്ടും ഉടമ തയ്യാറായില്ല. പഞ്ചായത്തിന്റെ കെട്ടിട അനുമതിപോലുമില്ലാത്ത സ്ഥാപനം പ്രാദേശിക സിപിഎം നേതൃത്വമാണ് സംരക്ഷിക്കുന്നത്.

  നാട്ടുകാരുടെ പരാതിയെതുടര്‍ന്നാണ് ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലുള്ള കയര്‍ ഫാക്ടറിയില്‍ എത്തിയത്.  ഉടമയായ തോപ്പില്‍ രമണന്റെ ഭാര്യയും മകനും തൊഴിലാളികളും നാട്ടുകാരുടെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. 

അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ 26 വര്‍ഷമായി ഈ സ്ഥാപനത്തിന് കെട്ടിടനമ്പറോ ലൈസന്‍സോ ഇല്ല. ഈ രേഖകള്‍ അത് വ്യക്തമാക്കുന്നു. പൊടിയും മറ്റ് മലിനീകരണങ്ങളും ചൂണ്ടിക്കാട്ടി ചുറ്റിലുമുള്ളവര്‍ പരാതി നല്‍കിയതോടെ മലിനീകരണ നിയന്ത്രണബോര്‍ഡ് ഇടപെട്ടു. പക്ഷേ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്കും പുല്ലുവില.

ചേര്‍ത്തല തെക്ക് ഗ്രാമപ‍ഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ ഉണ്ടായിട്ടും സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കുന്നത് സിപിഎം ലോക്കല്‍സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണെന്നും പരാതിക്കാര്‍ പറയുന്നു. നികുതിപോലും അടക്കാതെ നിയമലംഘനം നടത്തുന്ന ഉടമയ്ക്കെതിരെ കലക്ടര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.