ആലപ്പുഴയിൽ സുഖയാത്രയ്ക്ക് 17 റോഡുകൾ കൂടി ഒരുങ്ങുന്നു. നഗരത്തില്‍ ഗതാഗതകുരുക്ക് ഏറെയുള്ള ·ശവക്കോട്ടപാലത്തിന് സമാന്തരമായി പുതിയ പാലത്തിന് 28 കോടിയുടെ സാങ്കേതിക അനുമതിയുമായി.
ബജറ്റു വിഹിതത്തിന് പുറമേ നബാർഡ്, കിഫ്്ബി തുടങ്ങിയവയുടെ സാമ്പത്തിക സഹായത്തോടെയാണ് റോഡുകളുടെ നിർമാണപ്രവർത്തനം സാധ്യമാവുന്നത്. നിർമാണവും പൂർത്തീകരണവുമായി 48.43കോടി രൂപയുടെ റോഡ് വികസനമാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഇതുവരെ നടന്നത്. ഏറെ നാളുകളായി കടുത്ത യാത്രാദുരിതത്തിലായിരുന്ന ചേർത്തല-തണ്ണീർമുക്കം റോഡിന്റെ പുനർനിർമാണം അന്തിമഘട്ടത്തിലാണ്. എട്ട് പ്രധാനറോഡുകളുടെ നിർമാണ പ്രവർത്തികൾ ഉടൻ ആരംഭിക്കും. റബ്ബറൈസ്ഡ് ടാറിങ്ങിന് പുറമേ പ്ലാസ്റ്റിക്കും റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. അഞ്ചു റോഡുകളുടെ നിർമാണ-നവീകരണം അമ്പലപ്പുഴയിൽ മാത്രം പൂർത്തിയായി. റോഡിന്റെ ഇരുവശവും ടൈൽ പാകുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. ഹരിപ്പാട് നിയോജക മണ്ഡലത്തിൽ ആർ.കെ ജങ്ഷൻ മുതൽ കാർത്തികപള്ളി വരെയുള്ള റോഡ് പുനരുദ്ധാരണം പൂർത്തിയാക്കി. കുട്ടനാട് നിയോജക മണ്ഡലത്തിൽ രണ്ടുപ്രധാന റോഡുകള്‍ പൂർത്തിയായി. എട്ടോളം റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കായംകളം മണ്ഡലത്തിൽ വിവിധ റോഡുകള്‍ക്കൊപ്പം കെ.പി റോഡിൽ അറ്റക്കുറ്റപ്പണിയും പൂർത്തീകരിച്ചു. ചെങ്ങന്നൂരിൽ പൊട്ടിപൊളിഞ്ഞ മൂന്നുപ്രധാന റോഡുകള്‍ സഞ്ചാരയോഗ്യമാക്കി. ബി.എം.ആൻഡ് ബി.സി സാങ്കേതിക വിദ്യ ഉപയോഗിച്ച് ആധുനിക രീതിയിലാണ് നിർമാണം.