സര്‍ക്കാര്‍ ഏറ്റെടുത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് വിദഗ്ധചികിത്സാരംഗത്ത് ജില്ലയിലെ നിര്‍ധന രോഗികളുടെ പൂര്‍ണ ആശ്രയകേന്ദ്രമായി കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മാറുന്നുത്. 242 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സൂപ്പര്‍ സ്പെഷല്‍റ്റി ബ്ലോക്കിന് ഞായറാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും. അതിനൂതന സാങ്കേതിക വിദ്യയോടെ നിര്‍മിച്ച കാത്ത് ലാബും ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
ചികിത്സാപിഴവുകളെ കുറിച്ചും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതകളെ കുറിച്ചുമായിരുന്നും നാളിതുവരെ രോഗികള്‍ പരാതിപ്പെട്ടിരുന്നത്. ഇപ്പോള്‍ കേട്ട ഈ നല്ല വാക്കുകള്‍ ഏറെ വിലമതിക്കുകയാണ് കോളജ് പ്രിന്‍സിപ്പല്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെയുള്ള ജീവനക്കാര്‍. ഇവരുടെയെല്ലാം ശ്രമഫലം കൂടിയാണ് ഇക്കാണുന്ന മാറ്റവും. ദിവസേന ഒപി യിലെത്തുന്ന രോഗികളുെട എണ്ണം രണ്ടായിരത്തോളമായി. ഒരു കാര്‍ഡിയോളജിസ്റ്്റ് പോലുമില്ലാതിരുന്ന ഹൃദ്രോഗവിഭാഗത്തില്‍ ഇപ്പോള്‍ ഉള്ളത് 6 കാര്‍ഡിയോളജിസ്റ്റുകള്‍. അതിനൂതന സാങ്കേതികവിദ്യയോട് കൂടിയ ജിഇഐജിഎസ് 520 അമേരിക്കന്‍ നിര്‍മിത കാത്ത്്ലാബും കാത്ത് ഐസിയുവും. നിര്‍ധനരോഗികള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ നിരക്കിലും അതിസങ്കീര്‍ണ ശസ്ത്രക്രിയകള്‍ അടക്കമുള്ള ഹൃദ്രോഗ ചികിത്സാസംവിധാനങ്ങള്‍ ലഭ്യമാകും. കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തിന്റെ നിര്‍മാണവും തുടരുകയാണ്.
കിഫ്് ബി യില്‍ നിന്ന് 242 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സൂപ്പര്‍ സ്പെഷല്‍റ്റി ബ്ലോക്കിനോടൊപ്പം തന്നെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രത്യേക ചികിത്സാകേന്ദ്രവും സജ്ജമാക്കുന്നത്. 2020 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.