elephant

TAGS

എറണാകുളം കോതമംഗലത്തിന് സമീപം  കുട്ടമ്പുഴയിൽ നാട്ടിലിറങ്ങിയ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. കൃഷിയിടം നശിപ്പിക്കുന്നതിനിടെ പൊട്ടിയ വൈദ്യുതലൈന്‍ ആനയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

കുട്ടമ്പുഴ, ആനക്കയം ഭാഗത്ത് താമസിക്കുന്ന പാലക്കുന്നേൽ ലൈക്ക് ലക്ഷമണന്‍റെ പുരയിടത്തിലാണ് വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ ആനയെ കണ്ടെത്തിയത്.  12 വയസ് പ്രായം തോന്നിക്കുന്ന മൊട്ടക്കൊമ്പനാണ് ചരിഞ്ഞത്. രാത്രി ഒരു മണിയോടെ പുഴ കടന്ന് പുരയിടത്തിലെത്തിയ ആന വാഴയും തെങ്ങും മറ്റ് കാർഷിക വിളകളും ചവിട്ടി മെതിച്ച് വൻ നാശമുണ്ടാക്കി. ഇതിനിടയിൽ ആന ചവിട്ടി ഒടിച്ച ഒരു തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണു. ലൈനുകൾ ആനയുടെ ശരീരത്തിലേക്കാണ് പൊട്ടിവീണത്.   

സംഭവമറിഞ്ഞ് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിൽ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. ആനയിറങ്ങാതെ വേലി സ്ഥാപിക്കണമെന്നും, കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.